ഒരു ചരിത്രകാലത്ത്, ബൗദ്ധ സംസ്‌കാരത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ടവയാണ് ഇന്ന് നമ്മള്‍ കാണുന്ന ബുദ്ധപ്രതിമകള്‍. നിരവധി ബുദ്ധപ്രതികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏവരെയും വിസ്മയപ്പെടുത്തുന്ന തരത്തില്‍ പല ഭാഗങ്ങളിലായി കൂറ്റന്‍ ബുദ്ധപ്രതിമകള്‍ പണികഴിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ വലിയ ബുദ്ധപ്രതിമകളെ കുറിച്ച് മനസ്സിലാക്കാം..
1. ദി ഗ്രേറ്റ് ബുദ്ധാസ് ഓഫ് മോനിവ, മ്യാന്‍മര്‍
മണ്ടാലെയില്‍ നിന്ന് 138 കിലോമീറ്ററുണ്ട് മോനിവയിലേക്ക്. ഇവിടെ രണ്ട് കൂറ്റന്‍ ബുദ്ധപ്രതിമകളാണ് സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയുന്നത്. ഒന്ന് നില്‍ക്കുന്ന രൂപത്തിലുള്ളതും, ഒന്ന് കിടക്കുന്ന രൂപത്തിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കിടക്കുന്ന രൂപത്തിലുള്ള ഈ പ്രതിമയ്ക്ക് 90 മീറ്റര്‍ നീളമുണ്ട്.
ബുദ്ധന്റെ ജീവിതം വിവരിക്കുന്ന 9000-ത്തോളം കൊത്തുപണികള്‍ ഈ പ്രതിമയിലുണ്ട്. പ്രതിമയുടെ പിറകിലെ വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചാല്‍ സന്ദര്‍ശകര്‍ക്ക് ഈ കൊത്തുപണികള്‍ കാണാം. പിറകിലുള്ള നില്‍ക്കുന്ന രണ്ടാമത്തെ ബുദ്ധപ്രതിമയ്ക്ക് 116 മീറ്റര്‍ ഉയരമുണ്ട്. ഈ പ്രതിമ ലെക്യുന്‍ സെറ്റ്ക്യാര്‍ എന്നാണ് അറിയപ്പെടുന്നത്.
2. ഡോര്‍ഡെന്മ ബുദ്ധപ്രതിമ, തിംഫു, ഭൂട്ടാന്‍
കുന്‍സെല്‍ ഫോഡ്രാങ് നേച്ചര്‍ പാര്‍ക്കിലെ കുന്നിന് മുകളിലാണ് ഡോര്‍ഡെന്മ ബുദ്ധപ്രതിമ സ്ഥിതി ചെയ്യുന്നത്. ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിലേയ്ക്ക് തെക്കു നിന്ന് പ്രവേശിക്കാനുള്ള പാതയെ നോക്കിയിരിക്കുന്ന വിധമാണ് പ്രതിമയുടെ സ്ഥാനം. വെങ്കലത്തില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ രീതിയിലാണ് പ്രതിമയുടെ നിര്‍മ്മാണം. ഈ സ്ഥലത്ത് പ്രതിമ നിര്‍മ്മിച്ചാല്‍ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാകുമെന്ന് പണ്ട് കാലത്ത് ഒരു വിശ്വാസം ഉണ്ടായിരുന്നു. ഈ പ്രതിമയ്ക്കകത്ത് 120,000 ചെറിയ ബുദ്ധ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്.
3. ബൃഹത് ബുദ്ധന്‍, ലെഷാന്‍, ചൈന
മിന്‍ജിയാങ്, ദാദു, ക്യുയിങ്വി എന്നീ നദികളുടെ സംഗമ സ്ഥാനമായ സിചുവാന്‍ പ്രവിശ്യയിലാണ് ഈപ്രതിമ സ്ഥിതി ചെയ്യുന്നത്. ചൈനയിലെ ഒരു പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടം. ഹെയ്തോങ് എന്ന ബുദ്ധ സന്ന്യാസിയുടെ ആശയമായിരുന്നു ഈ പ്രതിമ. 713 ബിസിയിലാണ് കുന്നിന് അടുത്തായി ഈ ബുദ്ധപ്രതിമ കല്ലില്‍ കൊത്തിയെടുത്തത്. ഹെയ്തോങിന്റെ ആശയം എന്തെന്നാല്‍ മോശം കാലാവസ്ഥയില്‍ നദിയിലൂടെ എത്തുന്ന കപ്പലുകള്‍ക്ക് ഈ പ്രതിമ ഒരു അടയാളമാകുക എന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കൈയ്യിലെ പണം തീര്‍ന്നതിനാല്‍ 90 കൊല്ലം കഴിഞ്ഞിട്ടും ഈ ബുദ്ധപ്രതിമ പണിപൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
4. ഫോ ഗുവാങ് ഷാന്‍, കോവോസിയങ്, തായ്‌വാന്‍
കോവോസിയങ് നഗരത്തിലെ താ ഷുവിലാണ് തായ്വാനിലെ ഏറ്റവും വലിയ ബുദ്ധ മൊണാസ്ട്രിയായ ഫോ ഗുവാങ് ഷാന്‍ മൊണാസ്ട്രി. 1967-ല്‍ രൂപീകരിച്ച പുതിയ റിലിജിയസ് മൂവ്മെന്റിന്റെ കേന്ദ്രമായിരുന്നു ഈ മൊണാസ്ട്രി. ഹ്യുമാനിസ്റ്റിക് ബുദ്ധിസമായിരുന്നു ഈ മൂവ്്മെന്റിന്റെ ലക്ഷ്യം. 30 ഹെക്ടറോളം വ്യാപിച്ചു കിടക്കുകയാണ് ഈ മൊണാസ്ട്രി. യൂണിവേഴ്സിറ്റിയും, ആരാധനാലയങ്ങളും ഇവിടെയുണ്ട്. അമിതഭ ബുദ്ധയുടെ 36-മീറ്റര്‍ ഉയരമുള്ള പ്രതിമയും ഇവിടെയുണ്ട്.
5. ലിംങ് ഷാന്‍ ഗ്രേറ്റ് ബുദ്ധ, മാഷന്‍, ചൈന
88 മീറ്റര്‍ ഉയരമുള്ള വെങ്കലം കൊണ്ട് നിര്‍മ്മിച്ച അമിതഭ ബുദ്ധയുടെ പ്രതിമയാണ് ലിംങ് ഷാനിലുള്ളത്. 700 ടണ്ണോളം ഭാരം വരുന്ന ഈ പ്രതിമ 1996-ലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതിന് മുകളിലെത്താന്‍ 99 പടികളുണ്ട്. ലോംങ് ഷാന്‍ മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബുദ്ധിസ്റ്റ് തീം പാര്‍ക്കിന്റെ ഒരു പ്രധാന ഭാഗമാണ് ഈ പ്രതിമ.
ബ്രഹ്മ പാലസ്, ഫൈവ് മുദ്ര മണ്ഡാല, നൈന്‍ ഡ്രാഗണ്‍ ബാത്തിംങ് സഖ്യമുനി, സിയാങ് ഫു ക്ഷേത്രം എന്നിവയാണ് ഈ പാര്‍ക്കിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ശരത്കാലത്താണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മരങ്ങളും മലകളും ഒരു പ്രത്യേക നിറങ്ങള്‍ അണിയുന്ന സമയമാണിത്.
ലോകത്തിലെ അമ്പരപ്പിക്കുന്ന ബുദ്ധപ്രതിമകള്‍.. വീഡിയോ കാണാം..
https://www.azhimukham.com/travel-mumbai-kamathipura-red-street-experience-by-vinz-shaz/
https://www.azhimukham.com/world-u-s-missionary-wrote-before-he-was-killed-by-remote-tribe-on-indian-island/