UPDATES

യാത്ര

നിങ്ങള്‍ ഉത്തരവാദിത്തബോധമുള്ള സഞ്ചാരിയാണോ? ഐക്യരാഷ്ട്ര സംഘടനയ്ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തരാനുണ്ട്

യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) സഞ്ചാരികള്‍ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഉത്തരവാദിത്തബോധമുള്ള യാത്രക്കാര്‍ക്ക് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ് അവ.

                       

2017നെ സുസ്ഥിര ടൂറിസം വികസന വര്‍ഷമായാണ് ഐക്യരാഷ്ട്ര സംഘടന കാണുന്നത്. ഇതോടനുബന്ധിച്ച് യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) സഞ്ചാരികള്‍ക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഉത്തരവാദിത്തബോധമുള്ള യാത്രക്കാര്‍ക്ക് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളാണ് അവ. കഴിഞ്ഞ വേനല്‍ക്കാലത്ത് യൂറോപ്പില്‍ ടൂറിസം വലിയ പ്രതിസന്ധിയിലായിരുന്നു. ടൂറിസ്റ്റുകളുടെ മോശം പെരുമാറ്റം യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇറ്റലിയിലും സ്‌പെയിനിലും ടൂറിസ്റ്റുകള്‍ക്കെതിരെ വലിയ പ്രതിഷേധ പരിപാടികള്‍ നടന്നു. ടൂറിസ്റ്റുകളുണ്ടാക്കുന്ന അരാജകത്വം നിയന്ത്രിക്കുന്നതിന് വേണ്ടി റോം, ടൂറിന്‍, മിലാന്‍ തുടങ്ങിയ ഇറ്റാലിയന്‍ നഗരങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാത്രി പുറത്തിരുന്ന് മദ്യപിക്കുന്നതും ചരിത്ര സ്മാരകങ്ങള്‍ക്ക് സമീപം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൊണ്ടുപോകുന്നതിനുമെല്ലാം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് യുഎന്നിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

യുഎന്‍ഡബ്ല്യുടിഒയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

കാടുകള്‍ക്കും ചതുപ്പുനിലങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടാക്കാതിരിക്കുക

മൃഗങ്ങളുടെ സ്വാതന്ത്ര്യവും സ്വകാര്യതയും മാനിക്കുക, അവരുടെ ആവാസ മേഖലകളില്‍ കടന്നുകയറാതിരിക്കുക

സഞ്ചാരികള്‍ക്ക് പോകാന്‍ യോഗ്യമായ സ്ഥലങ്ങളില്‍ മാത്രം പോവുക

ജല, ഊര്‍ജ്ജ ഉപയോഗങ്ങള്‍ പരമാവധി നിയന്ത്രിക്കുക

പ്രാദേശിക ഭാഷയിലെ കുറച്ച് വാക്കുകളെങ്കിലും പഠിക്കാന്‍ ശ്രമിക്കുക, ഇത് ആശയവിനിമയത്തിന് ഉപകരിക്കും

അപരിചിതരുടെ മുന്നില്‍ വച്ച് അവരെ ഫോക്കസ് ചെയ്ത് ഫോട്ടോ എടുക്കുമ്പോള്‍ അനുവാദം ചോദിച്ച ശേഷം മാത്രം ചെയ്യുക

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക

യാത്രയ്ക്ക് മുമ്പായി ആരോഗ്യസ്ഥിതി തൃപ്തികരമാണ് എന്ന് ഉറപ്പുവരുത്തുക

ഓരോ രാജ്യത്തേയും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുക

മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കുക, കുട്ടികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുക

Share on

മറ്റുവാര്‍ത്തകള്‍