നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2025 ജനുവരി 20 ന് അധികാരമേറ്റെടുക്കാന്‍ ഒരുങ്ങുമ്പോള്‍, നിരവധി പ്രമുഖ അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ അവരുടെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും യാത്രാ ഉപദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. യാത്രാ, ഇമിഗ്രേഷന്‍ നയങ്ങള്‍, പ്രത്യേകിച്ച് ട്രംപ് ഭരണകൂടം അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ നടപ്പാക്കിയേക്കാവുന്ന പുതിയ യാത്രാ നിരോധനങ്ങളുടെ സാധ്യത മുന്‍നിര്‍ത്തിയാണ് ഈ ഉപദേശങ്ങള്‍ നല്‍കുന്നത്.
എന്തുകൊണ്ട് സര്‍വ്വകലാശാലകള്‍ യാത്രാ നിര്‍ദേശങ്ങള്‍ നല്‍കുന്നു?
കുടിയേറ്റത്തെയും സമ്പദ്വ്യവസ്ഥയെയും അഭിസംബോധന ചെയ്യുന്നതുള്‍പ്പെടെ നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിവസം തന്നെ ഒപ്പുവെക്കാന്‍ ഉദ്ദേശിക്കുന്നതായി ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള യാത്രാ നിരോധനത്തെച്ചൊല്ലി അദ്ദേഹത്തിന്റെ ആദ്യ ടേമില്‍ കാര്യമായ വിവാദങ്ങള്‍ ഉണ്ടായിരുന്നു. സമാനമായ നയങ്ങള്‍ വീണ്ടും അവതരിപ്പിക്കപ്പെടുമോ എന്നതാണ് ഇപ്പോഴത്തെ ഭയം. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ്, ആംഹെര്‍സ്റ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി സര്‍വകലാശാലകള്‍, ട്രംപിന്റെ അധികാരമേല്‍ക്കലുമായി ബന്ധപ്പെട്ട് തിരിച്ചു വരാനുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ അവരുടെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളോടും ഫാക്കല്‍റ്റികളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഭരണ മാറ്റത്തെ തുടര്‍ന്ന് പുതിയ നയങ്ങളോ നിയന്ത്രണങ്ങളോ വേഗത്തില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് എല്ലാവരുടെയും ആശങ്ക. ഇത് നാട്ടിലേക്ക് പോയിരിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ യുഎസിലേക്കുള്ള മടങ്ങി വരവിനെ ബാധിക്കുമെന്നാണ് എംഐടിയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഓഫീസിന്റെ അസോസിയേറ്റ് ഡീനും ഡയറക്ടറുമായ ഡേവിഡ് എല്‍വെല്‍ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷനുകളുടെ മാറ്റം പലപ്പോഴും നയപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും, അത് കുടിയേറ്റത്തെയും വിസ പ്രോസസ്സിംഗിനെയും ബാധിക്കുമെന്നും എല്‍വെല്‍ പറയുന്നു. ശീതകാല അവധിക്ക്് യുഎസിന് പുറത്ത് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ പ്രോസസ്സിംഗില്‍ കാര്യമായ കാലതാമസം നേരിടേണ്ടിവരുമെന്ന കാര്യവും അദ്ദേഹം എടുത്തു പറയുന്നുണ്ട്, പ്രത്യേകിച്ചും അധികാരമേറ്റെടുക്കലിന് തൊട്ടുപിന്നാലെ പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പ്രസിഡന്റ് ഒപ്പിട്ടാല്‍.
ഇന്ത്യ, ചൈനീസ് വിദ്യാര്‍ത്ഥികളുടെ ആശങ്ക
യുഎസിലെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ ലോകമെമ്പാടുമുള്ളവരാണ്, ഇന്ത്യയും ചൈനയുമാണ് ഈ കണക്കില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ രണ്ട് രാജ്യങ്ങള്‍. ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് അനുസരിച്ച്, 2009 ന് ശേഷം ആദ്യമായി യു എസ്സിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 2023/2024 അധ്യയന വര്‍ഷത്തില്‍ 331,602 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 23% വര്‍ധനവാണിത്. ചൈന രണ്ടാം സ്ഥാനത്തുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. 277,398 ചൈനീസ് വിദ്യാര്‍ത്ഥികളാണ് ഈ കാലയളവില്‍ അമേരിക്കയില്‍ പഠിക്കാനെത്തിയത്. ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുക്കുമ്പോള്‍, ഏതെങ്കിലും പുതിയ യാത്രാ നിയന്ത്രണങ്ങള്‍ വന്നാല്‍ അവയുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. യു.എസ് സര്‍വകലാശാലകളില്‍ ഇന്ത്യയിലെയും ചൈനയിലെയും വളരെയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പ്രത്യേകിച്ച് ചൈനീസ് വിദ്യാര്‍ത്ഥികള്‍ ബിരുദ-ബിരുദേതര വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ കൂടുതലായുണ്ട്.
സര്‍വ്വകലാശാലകളുടെ ജാഗ്രതയ്ക്ക് പിന്നില്‍?
യാത്രാ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ലെങ്കിലും, ശീതകാല അവധിക്കാലത്ത് യുഎസിന് പുറക്കു പോയിരിക്കുന്ന വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്റ്റാഫുകളോടും പ്രസിഡന്റിന്റെ സ്ഥാലമേല്‍ക്കലിന് മുമ്പായി മടങ്ങിവരുന്നത് പരിഗണിക്കണമെന്നാണ് സര്‍വകലാശാലകള്‍ അഭ്യര്‍ത്ഥിക്കുന്നത്.
ട്രംപിന്റെ ആദ്യ ടേമില്‍ നടപ്പാക്കിയ യാത്രാ നിരോധനത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ ഉദ്ധരിച്ച് ജനുവരി 20 ന് മുമ്പ് യുഎസിലേക്ക് മടങ്ങാനാണ് മസാച്യുസെറ്റ്സിലെ ആംഹെര്‍സ്റ്റ് സര്‍വകലാശാല ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇമിഗ്രേഷന്‍ നയത്തോടുള്ള പുതിയ ഭരണകൂടത്തിന്റെ സമീപനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തെ അടിസ്ഥാനമാക്കിയാണ് ഈ ഉപദേശം എന്നാണ് സര്‍വ്വകലാശാല വ്യക്തമാക്കുന്നത്.
അതുപോലെ, വെസ്ലിയന്‍ സര്‍വകലാശാലയും അവരുടെ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങി വരവിനെക്കുറിച്ച മുന്‍കൂട്ടി ആസൂത്രണം നടത്തണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഓഫീസ് (ഒഐഎസ്എ) ട്രംപ് അധികാരമേറ്റാല്‍ ‘വ്യാപകമായ നയ മാറ്റങ്ങളുടെ’ സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
എഫ്-1 വിസ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇമെയിലില്‍, അടുത്ത സെമസ്റ്ററിനായി യുഎസ്സിലേക്ക് മടങ്ങുന്നതിന് സങ്കീര്‍ണതകള്‍ ഉണ്ടാകാതിരിക്കാന്‍, 2025 ജനുവരി 19-ന് തിരിച്ചെത്തുന്നതാണ് സുരക്ഷിതമായ മാര്‍ഗമെന്ന് ഒഐഎസ്എ ഉപദേശിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ തയ്യാറായിരിക്കേണ്ടതിന്റെ ആവശ്യകത?
പുതിയ യാത്രാ നിയന്ത്രണങ്ങളുടെ സാധ്യതയോ ഇമിഗ്രേഷന്‍ നയത്തിലെ മാറ്റങ്ങളോ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ തോതില്‍ അനിശ്ചിതത്വം നിറച്ചിട്ടുണ്ട്. എന്തെല്ലാം നയങ്ങള്‍ നടപ്പിലാക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും, കുടിയേറ്റവുമായി ബന്ധപ്പെട്ട ട്രംപിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെയും പ്രസ്താവനകളുടെയും വെളിച്ചത്തില്‍ ഇപ്പോഴത്തെ യാത്രാ നിര്‍ദേശങ്ങള്‍ക്ക് ഒരു കരുതലിന്റെ സ്വഭാവമുണ്ട്.
സര്‍വ്വകലാശാലകള്‍ ഉപദേശിക്കുന്നതുപോലെ, വിദ്യാര്‍ത്ഥികള്‍ അവരുടെ യാത്രാ പദ്ധതികള്‍ ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുകയും വിസ പ്രോസസ്സിംഗിലെ കാലതാമസം നേരിടാന്‍ തയ്യായിരിക്കുകയും വേണം. കൂടാതെ, വിദേശത്തുള്ള യുഎസ് എംബസികളിലും കോണ്‍സുലേറ്റുകളിലും അധികാരമാറ്റം കൊണ്ടുണ്ടാകുന്ന താമസം മൂലം പുതിയ വിസയ്ക്ക് അപേക്ഷിക്കേണ്ട ഏതൊരു വിദ്യാര്‍ത്ഥിക്കും കൂടുതല്‍ പതിവിലും അധികം നടപടിക്കാലം നേരിടേണ്ടി വന്നേക്കാം. ഈ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത്, അവരുടെ യാത്ര അല്ലെങ്കില്‍ വിസ അപേക്ഷകള്‍ വൈകുകയാണെങ്കില്‍ ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ടായിരിക്കണമെന്നാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണം ആസന്നമായിരിക്കെ, യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളെ അനിശ്ചിതത്വം മൂടിയിരിക്കുകയാണ്. പ്രധാന സര്‍വ്വകലാശാലകള്‍ പുറപ്പെടുവിച്ച യാത്രാ ഉപദേശങ്ങള്‍, യാത്രാ, ഇമിഗ്രേഷന്‍ നയങ്ങളില്‍ തടസം ഉണ്ടാകാനുള്ള സാധ്യതകളാണ് ഉയര്‍ത്തിക്കാട്ടുന്നത്. സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ 2025 ജനുവരി 20-ന് മുമ്പ് യുഎസിലേക്ക് മടങ്ങാനാണ് വിദ്യാര്‍ത്ഥികളെ സര്‍വകലാശാലകള്‍ പ്രേരിപ്പിക്കുന്നത്. ട്രംപിന്റെ പുതിയ നയങ്ങള്‍ സസ്‌പെന്‍സുകളായി തുടരുമ്പോള്‍, അനാവശ്യമായ തടസ്സങ്ങളില്ലാതെ വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യം ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രതയോടെയിരിക്കാനും കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാനുമാണ് ഇപ്പോഴത്തെ യാത്ര നിര്‍ദേശങ്ങള്‍ ഉപകാരപ്പെടുന്നത്. Travel Warnings for International Students Ahead of Trump’s Inauguration: What You Need to Know
Content Summary; Travel Warnings for International Students Ahead of Trump’s Inauguration: What You Need to Know