July 23, 2026 |
Share on

ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോയെ ഈ തെരുവില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും; സന്ദര്‍ശിച്ചില്ലെങ്കിലും പരിചിതമായ പാര്‍ട്ടിസ്ട്രീറ്റ്

തായ്ലന്റിലെത്തുന്നവര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഖാവോ സാന്‍ റോഡിലെ പാര്‍ട്ടി സ്ട്രീറ്റ്.

സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് തായ്ലന്റിലെ ബാങ്കോക്ക്. മനോഹരമായ സ്ഥലങ്ങള്‍ കാണാനും, ഷോപ്പിംഗ് നടത്താനുമുള്ള ഒട്ടനവധി അവസരങ്ങള്‍ ബാങ്കോക്കിലുണ്ട്. താരതമ്യേന കുറഞ്ഞ ചെലവില്‍ മനോഹരമായ സ്ഥലങ്ങള്‍ കാണാനാകും എന്നതാണ് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ പ്രത്യേകത.

തായ്ലന്റിലെത്തുന്നവര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഖാവോ സാന്‍ റോഡിലെ പാര്‍ട്ടി സ്ട്രീറ്റ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ ബാക്ക്പാക്കര്‍ സ്ട്രീറ്റ് മുഖം മിനുക്കാനുള്ള തയ്യാറെടുപ്പിലാണ്. മനോഹരമായ ഒട്ടനവധി കാഴ്ചകള്‍ ഉണ്ടെങ്കിലും ഇവിടുത്തെ ഏറ്റവും വിപുലമായ ഷോപ്പിങ് വിസ്മയമാണ് എടുത്തുപറയേണ്ടത്. നിങ്ങള്‍ ഒരിക്കല്‍ പോലും ആ തെരുവ് സന്ദര്‍ശിച്ചിട്ടില്ലെങ്കിലും ഒരുപക്ഷെ അത് നിങ്ങള്‍ക്ക് പരിചിതമായ സ്ഥലമായിരിക്കാം.

ആന്‍ഡ്രൂ ഗാര്‍ലാന്‍ഡിന്റെ 1996-ലെ നോവലായ ദി ബീച്ചിലും അതിനെ ആസ്പദമാക്കി ലിയനാര്‍ഡോ ഡി കാപ്രിയോ അഭിനയിച്ച സിനിമയിലും നിറഞ്ഞു നില്‍ക്കുന്നത് ഈ തെരുവാണ്. നിശാ പാര്‍ട്ടി കേന്ദ്രങ്ങളായ ബാറുകളും, ചെലവ് കുറഞ്ഞ താമസവും ഭക്ഷണവും, ഉപ്പുമുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങളുമായി കാത്തിരിക്കുന്ന അസംഖ്യം തെരുവ് വില്‍പ്പനക്കാരും, രുചിവൈവിധ്യം പകരുന്ന ഭക്ഷണവും വിസ്മയിപ്പിക്കുന്ന രാത്രിജീവിതവുമൊക്കെയായി മനോഹരമാണ് ഖാവോ സാന്‍ റോഡിലെ സ്ട്രീറ്റ്.

മനോഹരമെന്നു പറഞ്ഞാല്‍ എല്ലാം അടുക്കും ചിട്ടയോടെവെച്ച് അലങ്കൃതമായി കൊണ്ടു നടക്കുന്നു എന്നൊന്നും അര്‍ത്ഥമില്ല. അലങ്കോലമായിക്കിടക്കുന്നതിന്റെ് മനോഹാരിതയാണ് പതിറ്റാണ്ടുകളായി ഈ തെരുവിന്റെ മാറ്റുകൂട്ടുന്നത്. 10.75 കോടി രൂപ ചിലവഴിച്ച് ശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് തെരുവിനെ കൂടുതല്‍ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. തെരുവിലെ ഏറ്റവും കുപ്രസിദ്ധമായ വളഞ്ഞ ഫുട്പാത്തുകള്‍ റോഡിനോടു ചേര്‍ത്ത് നിരപ്പാക്കുക എന്നതാണ് പ്രധാന കടമ്പ. വെണ്ടര്‍മാരുടെ എണ്ണം 240 ആയി പരിമിതപ്പെടുത്താനും പദ്ധതികളുണ്ട്. നിയുക്ത സോണുകളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ വ്യാപാരം നടത്താനും അനുവദിക്കും. നിലവില്‍ അത് വൈകുന്നേരം 6 മുതല്‍ അര്‍ദ്ധരാത്രി വരെയാണ്.

മുഖം മിനുക്കല്‍ പരിപാടികള്‍ തെരുവിന്റെ ആത്മാവ് നഷ്ടപെടുത്തുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്നത്.

Read More : ഒകെ ഇപ്പോള്‍ വെറും ‘ഡെഡ് ഐസ്’; ഐസ്‌ലാന്‍ഡിലെ ഒക്ജാക്കുല്‍-ന് ഹിമാനി പദവി നഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *

×