June 18, 2025 |
Share on

ട്രാവല്‍ ഏജന്‍സിയുടെ കഥ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് 13

ഏതൊരു വിനോദ യാത്രയും പരിചിതമല്ലാത്ത പ്രദേശത്തേക്ക് ആയിരിക്കും മിക്കവാറും എല്ലാവരും തെരഞ്ഞെടുക്കുന്നത്. പരിചിതമല്ലാത്ത പ്രദേശത്ത് യാത്ര ചെയ്യുമ്പോള്‍ പരിചയമുള്ളവരുടെ സേവനം യാത്രയുടെ വിജയത്തിന് എപ്പോഴും നല്ലതാണ്. ഒരു വ്യക്തിയുടെ യാത്ര സുഗമമാക്കുന്നതിന് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന സേവനം വിശേഷപ്പെട്ടത് തന്നെയാണ്. ഈ ട്രാവല്‍ ഏജന്‍സി എന്ന സങ്കല്പം വര്‍ഷങ്ങളായി നമ്മുടെ ലോകത്ത് നിലവിലുണ്ട്. അതിന്റെ കഥയൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.travelers  life; the story of the travel agency 

ചരിത്രത്തിലെ ആദ്യത്തെ ട്രാവല്‍ ഏജന്‍സിയാണ് കോക്‌സ് & കിംഗ്‌സ്. 1758ല്‍, തുടങ്ങിയ കോക്‌സ് ആന്‍ഡ് കിംഗ്‌സിന്റെ സ്ഥാപകന്‍ റിച്ചാര്‍ഡ് കോക്‌സ് ആണ്. ചരിത്രപരമായി, കോക്‌സ് ആന്‍ഡ് കിംഗ്‌സ് ലിമിറ്റഡ് ഒരു സൈനിക ഏജന്റ് ആണ്. ട്രാവല്‍ ഏജന്റ്, പ്രിന്റര്‍, പ്രസാധകന്‍ എന്നീ നിലകളിലും കോക്‌സ് ആന്‍ഡ് കിംഗ്‌സ് ലിമിറ്റഡ് പ്രവര്‍ത്തിച്ചിരുന്നു. വാര്‍ത്താ ഏജന്റ്, കാര്‍ഗോ ഏജന്റ്, കപ്പല്‍ ഉടമ, ബാങ്കര്‍, ഇന്‍ഷുറന്‍സ് ഏജന്റ്, യാത്രയുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങളുടെ ഡീലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോക്‌സ് ആന്‍ഡ് കിംഗ്‌സ് ലിമിറ്റഡ് 2020-ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെടുകയും, പാപ്പരത്വ നടപടികള്‍ക്ക് വിധേയമാവുകയും ചെയ്തു. 2024ല്‍, സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വില്‍സണ്‍ & ഹ്യൂസ് പിടിഇ ചരിത്രപരമായ ട്രാവല്‍ ബ്രാന്‍ഡായ കോക്‌സ് & കിംഗ്‌സ് ഏറ്റെടുത്തു.

പോര്‍ച്ചുഗലിലെ ഏറ്റവും പഴയതും, പ്രശസ്തവുമായ ട്രാവല്‍ ഏജന്‍സിയാണ് അബ്രു ഏജന്‍സി. 1840ല്‍, ബെര്‍ണാഡോ അബ്രു പോര്‍ട്ടോയില്‍ അബ്രൂ ഏജന്‍സി സ്ഥാപിച്ചു. വടക്കന്‍ പോര്‍ച്ചുഗല്‍, ഗലീഷ്യ എന്നിവിടങ്ങളില്‍ നിന്ന് ബ്രസീലിലേക്കും വെനിസ്വേലയിലേക്കുമുള്ള കുടിയേറ്റം വളരെ പ്രാധാന്യമുള്ളതായിരുന്നു. പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍, ലിസ്ബണിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍, കപ്പലുകള്‍ എന്നിവയ്ക്കുള്ള വില്‍പ്പനയും വാഗ്ദാനം ചെയ്ത് തുടക്കം കുറിച്ചതാണ് അബ്രു ഏജന്‍സി. തെക്കേ അമേരിക്കയില്‍ നിന്ന് പോര്‍ച്ചുഗലും ബ്രസീലും ഇപ്പോഴും ആസ്വദിക്കുന്ന അടുത്ത ബന്ധത്തില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും പഴയ ട്രാവല്‍ ഏജന്‍സി സൃഷ്ടിക്കപ്പെട്ടത്.

അബ്രു ഏജന്‍സി ഇപ്പോഴും അതേ കുടുംബത്തിന്റെയും അവരുടെ നേരിട്ടുള്ള പിന്‍ഗാമികളുടെയും ഉടമസ്ഥതയില്‍ അഞ്ച് തലമുറകള്‍ക്ക് ശേഷവും വിജയകരമായി പ്രവര്‍ത്തിക്കുന്നു. പോര്‍ച്ചുഗലിലെ പ്രധാന ടൂര്‍ ഓപ്പറേറ്റര്‍ കമ്പനികളിലൊന്നായ ക്ലബ് 1840, ലോംഗ് ഹാള്‍, മീഡിയം ഹോള്‍ ചാര്‍ട്ടര്‍ ഓപ്പറേഷനുകള്‍, ഷെഡ്യൂള്‍ഡ് ഫ്‌ലൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍, യൂറോപ്പിലെയും ലോകമെമ്പാടുമുള്ള എസ്‌കോര്‍ട്ടഡ് ടൂറുകള്‍, ക്രൂയിസ്, തീം പാര്‍ക്കുകള്‍, വിന്റര്‍ ഹോളിഡേകള്‍ തുടങ്ങിയവയും കമ്പനിയുടെ ഉടമസ്ഥതയിലാണ്.

1841ല്‍, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് മദ്യമാണ് കാരണമെന്ന് വിശ്വസിച്ചിരുന്ന ബാപ്റ്റിസ്റ്റ് പ്രഭാഷകനായ തോമസ് കുക്ക്, മിഡ്‌ലാന്‍ഡ് റെയില്‍വേയുമായി ലെസ്റ്റര്‍ കാംബെല്‍ സ്ട്രീറ്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലോഫ്ബറോയിലെ ഒരു റാലിയിലേക്ക് തന്റെ 500 അംഗങ്ങളെ കൊണ്ടുപോകാന്‍ ഒരു കരാറിലെത്തി. ലെസ്റ്റര്‍, നോട്ടിംഗ്ഹാം, ഡെര്‍ബി, ബര്‍മിംഗ്ഹാം എന്നീ നഗരങ്ങള്‍ക്കിടയില്‍ റെയില്‍വേ വഴി മിതത്വത്തെ പിന്തുണയ്ക്കുന്നവരെ കൊണ്ടുപോകുന്നതിനായി 1841-ല്‍ തോമസ് കുക്ക് സ്ഥാപിച്ച കമ്പനിയാണ് തോമസ് കുക്ക്. കമ്പനിയുടെ ആദ്യ ഉല്ലാസയാത്ര ലെസ്റ്ററില്‍ നിന്ന് ലോഫ്ബറോയിലേക്കും തിരിച്ചുമുള്ള ഒരു ദിവസത്തെ റെയില്‍ യാത്രയായിരുന്നു. ഒരു ഷില്ലിംഗിന്റെ വിലയില്‍ ഭക്ഷണവും ഉള്‍പ്പെടുന്നു. ലോകത്തിലെ ആദ്യത്തെ പാക്കേജ് ടൂര്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

1871ല്‍ അദ്ദേഹത്തിന്റെ മകന്‍ ജോണ്‍ മേസണ്‍ കുക്ക്, തോമസ് കുക്ക് & സണ്‍ എന്ന് കമ്പനിയുടെ പേര് മാറ്റി. അത് പിന്നീട് പ്രശസ്തമായ ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് ഗ്രൂപ്പായി മാറി. ലോകത്തെ പ്രധാന രാജ്യങ്ങളിലെല്ലാം തോമസ് കുക്കിന്റെ ഓഫീസുകള്‍ തുറന്നു. ലോകത്തെ എല്ലാ രാജ്യങ്ങളിലേയ്ക്കും യാത്രക്കാരെ കൊണ്ടുപോകുന്ന പ്രശസ്ത ട്രാവല്‍ ഏജന്‍സിയായി തോമസ് കുക്ക് & സണ്‍സ് മാറി. 1895ല്‍ തോമസ് കുക്ക് ആന്‍ഡ് സണ്‍സിനെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തിരഞ്ഞെടുത്തു. ഒളിമ്പിക് ഗെയിംസിന്റെ പ്രചാരണത്തിന്റെയും ഗതാഗതത്തിന്റെയും ചുമതല വഹിക്കുന്നതിനായിരുന്നു അത്. അതോടെ കോംസണ്‍ കുക്ക് & സണ്‍സ് എന്ന ട്രാവല്‍ ഏജന്‍സിയുടെ വളര്‍ച്ച ശരവേഗതയിലായി. പക്ഷെ 2019ല്‍ പാപ്പരത്തം ഫയല്‍ ചെയ്യുകയും 2019-ല്‍ തന്നെ ലിക്വിഡേഷന് വിധേയമാവുകയും ചെയ്തു.

1920 നൂറ്റാണ്ടുകളില്‍ തോമസ് കുക്ക് വിനോദസഞ്ചാരികള്‍ക്കുള്ള യാത്രാ ഗൈഡ് പുസ്തകങ്ങളുടെ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. 1840-കളില്‍ ഇംഗ്ലണ്ടിലേക്ക് വേണ്ടിയായിരുന്നു തോമസ് കുക്ക് ആദ്യ കൈപ്പുസ്തകമായ കുക്കിന്റെ ടൂറിസ്റ്റ് ഹാന്‍ഡ് ബുക്കുകള്‍ നിര്‍മ്മിച്ചത്. കുക്കിന്റെ ടൂറിസ്റ്റ് ഹാന്‍ഡ് ബുക്കുകള്‍ യാത്രികര്‍ക്ക് ഇന്നും ഏറെ പ്രയോജനമുണ്ട്. ബെല്‍ജിയം, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രേറ്റ് ബ്രിട്ടന്‍, ഇന്ത്യ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ന്യൂസിലാന്റ്, വടക്കേ ആഫ്രിക്ക, പലസ്തീനും, സിറിയ, സ്‌കാന്‍ഡിനേവിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സിറിയ എന്നീ രാജ്യങ്ങളുടെ ഹാന്റ് ബുക്കുകള്‍ ഇന്നും ലഭ്യമാണ്. 1873ല്‍, കുക്കിന്റെ കോണ്ടിനെന്റല്‍ ടൈംടേബിളിന്റെ ത്രൈമാസിക (1883 മുതല്‍ പ്രതിമാസ) പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. 2021 വരെ ഇതിന്റെ പ്രസിദ്ധീകരണം ഉണ്ടായിരുന്നു. പിന്നീട് ഇത് പ്രസിദ്ധീകരിച്ചില്ല. 2019ല്‍ തോമസ് കുക്ക് & സണ്‍സ് എന്ന കമ്പനി തന്നെ ഇല്ലാതായല്ലോ…

ആധുനിക ടൂറിസത്തിന്റെ പിതാവ് എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത് തോമസ് കുക്ക് ആണ്. അദ്ദേഹമാണ് പാക്കേജ് ടൂറുകള്‍ക്കും ടൂറിസം രംഗത്തെ പല വിപ്ലവങ്ങള്‍ക്കും തുടക്കം കുറിച്ചത് എന്നുള്ളത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. തോമസ് കുക്കിന്റെ ടൂറിസം രംഗത്തുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ് എന്നുള്ളത് ഇവിടെ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. വിനോദസഞ്ചാരം സാധാരണക്കാരിലേക്ക് കൂടി എത്തിക്കുന്നതില്‍ തോമസ് കുക്ക് നടത്തിയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഈ പദവിക്ക് എന്തുകൊണ്ടും അര്‍ഹനായി മാറിയത്.

യാത്രയെന്നാല്‍ മനസ്സിനെ പോഷിപ്പിക്കുക, ആത്മാവിനെ മാനുഷികമാക്കുക, സാഹചര്യങ്ങളുടെ തുരുമ്പ് തുടയ്ക്കുക, യാത്ര എന്നാല്‍ പ്രകൃതിയുടെ പദ്ധതിയും അവളുടെ ഉന്നതമായ ജോലിയും ലളിതമാക്കുക, മലയും വെള്ളപ്പൊക്കവും, മലയും വെള്ളപ്പൊക്കവും പോലെ പരന്നുകിടക്കുന്ന അവളുടെ വിശാലമായ സവിശേഷതകള്‍. ഒരാളുടെ കാല്‍ക്കല്‍ മാപ്പ്. ആധുനിക ടൂറിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന തോമസ് കുക്കിന്റെ വരികളാണിത്.

പിന്നീടുള്ള കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും ഒട്ടേറെ ട്രാവല്‍ ഏജന്‍സികള്‍ പല പേരുകളില്‍ തുടക്കം കുറിക്കുകയും യാത്രക്കാര്‍ക്ക് സേവനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആദ്യകാലങ്ങളിലൊക്കെ യുദ്ധത്തിന് പോകുന്ന പടയാളികള്‍ക്കുള്ള യാത്രാ സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു ട്രാവല്‍ ഏജന്‍സികളുടെ പ്രധാന ജോലി. പട്ടാളവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു യാത്ര സൗകര്യമൊരുക്കുന്ന രീതിയില്‍ നിന്ന് വളരെ വേഗമാണ് പൗരന്മാര്‍ക്ക് കൂടി സ്വദേശ, വിദേശ യാത്രകള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്ന തലത്തിലേക്ക് ട്രാവല്‍ ഏജന്‍സികള്‍ മാറിയത്. തോമസ് കുക്ക് & സണ്‍സ് ഇന്ത്യയിലും ട്രാവല്‍ ഏജന്‍സികളുടെ പണി ചെയ്തു തുടങ്ങിയത് ബ്രിട്ടീഷ് പടയാളികള്‍ക്ക് വേണ്ടിയായിരുന്നു. ഒരു വിനോദസഞ്ചാരത്തിന്റെ സൗകര്യമൊരുക്കുക ആയിരുന്നില്ല ആദ്യകാലങ്ങളില്‍ ഇന്ത്യയില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍. പിന്നാലെ അമേരിക്കന്‍ എക്‌സ്പ്രസ് തുടങ്ങിയ ഒട്ടേറെ വിദേശ കമ്പനികളാണ് ഇന്ത്യയില്‍ ട്രാവല്‍ ഏജന്‍സി ജോലികള്‍ ചെയ്തിരുന്നത്. സാമ്പത്തികമായി ഉന്നതങ്ങളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് വിനോദയാത്ര അക്കാലങ്ങളില്‍ നടത്തുവാന്‍ സാധിച്ചിരുന്നത്.

ഇന്ത്യയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാസൗകര്യം ചെയ്തു കൊടുക്കുന്ന രീതിയിലേക്ക് ട്രാവല്‍ ഏജന്‍സികള്‍ മാറി. വിനോദ യാത്രയ്ക്കായി രാജ്യത്തെ പല പ്രദേശങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തുടങ്ങിയതോടുകൂടി യാത്രക്കാരെ അവര്‍ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് കൊണ്ടുപോകുന്ന ജോലിയും ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങി. ശ്യാം പൊദ്ദാര്‍ എന്ന ഇന്ത്യക്കാരനാണ് തദ്ദേശീയരുടെ ഉടമസ്ഥതയിലുള്ള ഓറിയന്റ് എക്‌സ്പ്രസ് ട്രാവല്‍സ് & ടൂര്‍സ് എന്ന സ്ഥാപനം 1947 സെപ്തംബര്‍ 26-ന് തുടങ്ങിയത്. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കണമെന്ന് സ്വപ്നം കാണുകയും ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്യാം പൊദ്ദാര്‍. രാജ്യത്ത് പാക്കേജ് ടൂറുകള്‍ ആരംഭിക്കുന്നതിന് തുടക്കം കുറിച്ചത് ഇ.ആര്‍.സി. പണിക്കര്‍ എന്ന ഗ്രന്ഥകര്‍ത്താവായ എന്റെ പിതാവാണ്. പണിക്കേഴ്‌സ് ട്രാവല്‍സ് എന്ന സ്ഥാപനം 1968 ല്‍ തുടങ്ങിയത് അങ്ങനെയാണ്. ഈ പുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ അത് സൂചിപ്പിച്ചിട്ടുണ്ട്. താജ്മഹാളും മധുരയും കണ്ടു മടങ്ങുന്ന ഒരു പാക്കേജ് ആയിരുന്നു തുടക്കം. ഇന്ന് രാജ്യത്ത് നൂറുകണക്കിന് ട്രാവല്‍ ഏജന്‍സികള്‍ ഉണ്ട്. നൂറുകണക്കിന് പാക്കേജുകള്‍ ഉണ്ട്. ടൂറിസം രംഗത്തെ എല്ലാ മേഖലകളെയും തൊട്ടുകൊണ്ട് ട്രാവല്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 1945-ല്‍ സര്‍ ജോണ്‍ സാര്‍ജന്റ് കമ്മിറ്റി സ്ഥാപിതമായ 19 -ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ടൂറിസം വ്യവസായത്തിന്റെ വികസനം ആരംഭിച്ചു. 1966ല്‍, ഐ.റ്റി.ഡി.സി. (ഇന്ത്യന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) നിലവില്‍ വരികയും രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെ വികസനത്തിലും പ്രോത്സാഹനത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

1951 ല്‍ രാജ്യത്തെ പ്രമുഖ പന്ത്രണ്ട് ട്രാവല്‍ ഏജന്റുകള്‍ ചേര്‍ന്ന് രൂപം കൊടുത്തതാണ് ട്രാവല്‍ ഏജന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അഥവാ (ടി.എ.എ.ഐ) ടായ്. അന്നുമുതലാണ് ട്രാവല്‍ ഏജന്‍സിയുടെ വളര്‍ച്ച രാജ്യത്ത് കൂടുതല്‍ ശക്തമായത്. ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ ഏകീകരണമാണ് ഈ സംഘടനകൊണ്ട് ഉദ്ദേശിക്കുന്നത്. ട്രാവല്‍ ഏജന്‍സി രംഗത്തെ ബിസിനസ്സുകാരുടെ സുരക്ഷിതത്വവും സംഘടനയുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നുള്ളത് സംഘടന മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങളിലൊന്ന് തന്നെയാണ്. ടായുടെ അംഗത്വമുള്ള ഒരു ട്രാവല്‍ ഏജന്‍സിക്കും ജനങ്ങളെ വഞ്ചിക്കുവാന്‍ സാധിക്കില്ല എന്നുള്ള വിശ്വാസം ഇന്ന് ജനങ്ങളില്‍ ഉണ്ടാക്കിയെടുത്തതിന് അവരുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ഇന്ന് രാജ്യത്ത് ട്രാവല്‍ ടൂര്‍ ഏജന്‍സികളില്‍ വളരെയേറെ സ്വാധീനമുള്ള ഒരു സംഘടനയായി ടായ് മാറിക്കഴിഞ്ഞിരിക്കുന്നു.

ഇന്ത്യന്‍ ടൂറിസം രംഗത്തെ വളര്‍ച്ചയെ കുറിച്ച് പറയുമ്പോള്‍ ചിലരെ സ്മരിക്കാതെ ഇരിക്കുന്നത് ശരിയല്ല. അതില്‍ പ്രധാനിയാണ് റായ് ബഹാദൂര്‍ മോഹന്‍ സിംഗ് ഒബ്‌റോയ. ഇന്ത്യയിലെ പ്രധാന ഹോട്ടല്‍ കമ്പനിയായ ഒബ്‌റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലും സജീവമായിരുന്ന ഒബ്‌റോയ് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമായിരുന്നു. ഇന്ത്യന്‍ ടൂറിസത്തിന്റെ പിതാവ് എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്.

ആഡംബര ഹോട്ടലായ ടാജിന്റെ സ്ഥാപകനായ ജംസെറ്റ്ജി നുസര്‍വാന്‍ജി ടാറ്റ 1903 ഡിസംബര്‍ 16-ന് അറബിക്കടലിന് അഭിമുഖമായി മുംബൈയില്‍ താജ്മഹല്‍ പാലസ് എന്ന ഹോട്ടല്‍ തുറന്നത് ചരിത്രമാണ്. ഇന്ത്യന്‍ ടൂറിസം രംഗത്ത് വിദേശികളുടെ വരവിന് ഇന്നും ടാജ് ഹോട്ടലുകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. രാജ്യത്തെ വിദേശ ടൂറിസ്റ്റുകളുടെ വരവ് വര്‍ദ്ധിക്കുന്നതിന് ഹോട്ടല്‍, ഗതാഗത വ്യവസായങ്ങള്‍ നല്‍കുന്ന പിന്തുണ വലുതാണ്. സര്‍ക്കാര്‍ മേഖലയിലെ ഈ സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണ് എന്നത് സ്വകാര്യ മേഖലയിലെ ഈ വ്യവസായത്തിന്റെ വളര്‍ച്ച തെളിവാണ്.

ക്യാപ്റ്റന്‍ ക്യഷ്ണന്‍ നായര്‍ എന്ന വ്യക്തി ലീല ഗ്രൂപ്പ് ഹോട്ടല്‍ തുടങ്ങിയത്, രവി പിള്ള ഹോട്ടല്‍ ശൃംഖല തുടങ്ങിയത, എം. എ. യൂസഫലിയുടെ കണ്‍വെന്‍ഷന്‍ സെന്ററുകളും ലുലുമാളുകളും തുടങ്ങിയത് ടൂറിസ്റ്റ് രംഗത്ത് ആകര്‍ഷണമായി ഈ മേഖലയിലുള്ളവര്‍ കണക്കാക്കുന്നുണ്ട്. മലയാളികളായ വ്യവസായികളുടെ പങ്ക് എടുത്ത് പറയുവാനാണ് ഇവിടെ ഇത് സൂചിപ്പിച്ചത്. കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ആദ്യമായി കേരളത്തില്‍ ആരംഭിക്കുമ്പോള്‍ അതിന്റെ ദൂരവ്യാപകമായ വളര്‍ച്ച ടൂറിസം രംഗത്ത് കൂടി ഉണ്ടാകും എന്നുള്ളത് അന്നേ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ന് കേരളത്തില്‍ ആകമാനം എത്രയോ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ഉണ്ട് എന്നുള്ളത് അതിന്റെ വിജയം തെളിയിക്കുന്നു.travelers  life; the story of the travel agency 

Content Summary: travelers  life; the story of the travel agency

 

ബാബു പണിക്കര്‍

ബാബു പണിക്കര്‍

പണിക്കേഴ്‌സ് ട്രാവല്‍സ് സിഇഒ ആണ് ബാബു പണിക്കര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×