November 06, 2024 |
Share on

രാമായണം മുതല്‍ ആടുജീവിതം വരെ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് -4

യാത്രകള്‍ പ്രധാനമായും മൂന്ന് തരത്തിലാണ്. ഒന്ന് ഭൂമിയിലൂടെയുള്ള യന്ത്രവല്‍കൃത വാഹനങ്ങളില്‍ ഉള്ള യാത്ര. അതായത് റോഡ് മാര്‍ഗ്ഗമുള്ള യാത്രകളും, തീവണ്ടി യാത്രകളും തന്നെ. രണ്ടാമത്തേത് വ്യോമ ഗതാഗതം വഴി ആകാശയാത്ര. കടല്‍ മാര്‍ഗ്ഗമുള്ള യാത്രയാണ് മൂന്നാമത്തേത്. വിമാനയാത്രയിലും കടല്‍ യാത്രയിലും യാത്രികര്‍ ഒരിക്കലും ഭൂമിയുമായി ബന്ധമുള്ള കാഴ്ച്ചകള്‍ വ്യക്തതയോടെ കാണുകയില്ല. സമയക്രമത്തില്‍ വലിയ മെച്ചമുണ്ട് എന്നുള്ളത് മാത്രമാണ് വിമാന യാത്രയിലെ ഏറ്റവും ആകര്‍ഷകം. കടല്‍ യാത്രയില്‍ ചുറ്റിനും വെള്ളവും ഭൂമിയെ കാണുവാന്‍ സാധിക്കാത്ത സാഹചര്യവും നമുക്ക് ഉണ്ടാകുന്നു. എന്നാല്‍ റോഡുകളിലൂടേയും, തീവണ്ടിയിലൂടെയുമുള്ള യാത്രകളില്‍ ഒരു വ്യക്തിക്ക് കൂടുതല്‍ അറിവും ആനന്ദവും പകരുന്നു എന്നുള്ള കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഭൂമിയെ തൊട്ടുള്ള യാത്രകളാണല്ലോ അത്.

എല്ലാ യാത്രകളും വിജയിക്കണമെങ്കില്‍ ഒരുക്കം അത്യാവശ്യമാണ്. മനസുകൊണ്ടും, ആരോഗ്യം കൊണ്ടും, അറിവുകൊണ്ടും ഒരു യാത്രികന്‍ ഒരുങ്ങിയിരിക്കണം. ഒരു യാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് എല്ലാ യാത്രികരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. യാത്ര പോകുന്ന പ്രദേശത്തെക്കുറിച്ച് വ്യക്തമായ ഒരു മുന്‍ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. എല്ലാ യാത്രക്കാരും അതുകൊണ്ടുതന്നെ ആ പ്രദേശത്തെ വര്‍ണ്ണിക്കുന്നതും ആ പ്രദേശത്ത് മുന്‍പു പോയവരുടെ യാത്ര കുറിപ്പുകളും വായിച്ചിരിക്കുന്നത് യാത്രയുടെ വിജയത്തിന് അനിവാര്യമാണ്. ഒരു ട്രാവലോഗ് യാത്ര പോകുന്നതിന് മുന്‍പ് വായിച്ചിരിക്കണം എന്നത് ചുരുക്കം. യാത്ര പോകുന്ന ഇടത്തെ കാലാവസ്ഥ അറിയണം. അത് പോകുന്ന സമയത്തെ ആശ്രയിച്ചിരിക്കും. ഓരോ കാലത്തിനും അനുയോജ്യമായ വസ്ത്രങ്ങള്‍ യാത്രികര്‍ കരുതിയിരിക്കണം. പോകുന്നിടത്തെ ഭക്ഷണം അറിയുക എന്നതും വിശേഷപ്പെട്ടത് തന്നെ. വസ്ത്രങ്ങള്‍ പോലെ ഭക്ഷണവും കാലാവസ്ഥയുടെ മാറ്റമനുസരിച്ച് ഒരു പ്രദേശത്ത് തന്നെ മാറ്റമുണ്ടാകാറുണ്ട്. കഴിവതും ഇത് യാത്ര ചെയ്യുന്നവര്‍ അറിയേണ്ടതും പിന്തുടരേണ്ടതുമാണ്. ഓരോ രാജ്യത്തെ നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അന്തര്‍ ദേശിയ യാത്രകള്‍ ചെയ്യുന്ന അവസരത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. നമ്മള്‍ ചെല്ലുന്ന രാജ്യത്തെ നിയമം പിന്തുടരാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

ട്രാവലോഗിനെ കുറിച്ച് പറഞ്ഞപ്പോഴാണ് നമ്മുടെ ആദ്യത്തെ ട്രാവലോഗിനെ കുറിച്ച് ഓര്‍ത്തു പോകുന്നത്. ആദ്യത്തെ ട്രാവലോഗ് എന്തായിരിക്കും എന്ന ചിന്ത വര്‍ഷങ്ങളായി എന്നില്‍ ഉണ്ടായിരുന്നു. അത് അവസാനിച്ചത് ഞാന്‍ സ്വയം കണ്ടെത്തിയ ഉത്തരത്തില്‍ തന്നെയാണ്. രാമായണം വായിക്കുവാന്‍ കുട്ടിക്കാലം മുതല്‍ അവസരം ലഭിച്ചത് കൊണ്ട് ഒരു കാര്യം എനിക്ക് ബോധ്യമായി. ഏറ്റവും ആദ്യം എഴുതപ്പെട്ട യാത്രാ വിവരണം അഥവാ ട്രാവലോഗ് രാമായണമാണ്. അതൊരു സഞ്ചാര ഗാഥ തന്നെയാണ്. ശ്രീരാമന്റെ യാത്രയാണ് രാമായണത്തില്‍ വിവരിക്കുന്നത്. രാമന്റെ അയനമാണ് രാമായണമായി മാറിയത്. അയനം എന്നാല്‍ യാത്ര എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെ ശ്രീരാമന്റെ യാത്ര വിവരിക്കുന്ന ഗ്രന്ഥമായി കൂടി നമുക്ക് രാമായണത്തെ പരിഗണിക്കണം. രാമായണം മുഴുവനും ആത്മാര്‍ത്ഥമായി വായിച്ചു തീര്‍ക്കുകയാണെങ്കില്‍ ഇന്ത്യ മുഴുവന്‍ കണ്ട അനുഭവം ഉണ്ടാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല.

രാമായണം എഴുതിയ കാലത്ത് യന്ത്രവത്കൃത വാഹനങ്ങളോ വിമാനങ്ങളോ ഉണ്ടായിരുന്നില്ല. പക്ഷേ ഓരോ പ്രദേശത്തിന്റെയും സൂക്ഷ്മമായ വിവരണമാണ് വാല്മീകി രാമായണത്തില്‍ വിവരിച്ചിരിക്കുന്നത്. രാമായണം വായിച്ചപ്പോള്‍ ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുള്ളത് ഓരോ പ്രദേശത്തെയും സൂക്ഷ്മ വിവരണം രാമായണത്തില്‍ കണ്ടത് കൊണ്ടാണ്. ഓരോ നാട്ടിലേയും മലകളും, പുഴകളും, വ്യക്ഷങ്ങളും, വനങ്ങളും, മറ്റും രാമായണത്തില്‍ എങ്ങിനെ വിവരിക്കാന്‍ സാധിക്കുന്നു എന്നെനിക്കറിയില്ല. വാത്മീകി എന്നത് ഒരു കൂട്ടം യാത്രികരാണോ എന്ന് പോലും തോന്നിയിട്ടുണ്ട്. ശ്രീലങ്ക മുതല്‍ ഹിമാലയവും ഭാരതത്തിന്റെ ഭൂപ്രദേശത്തെ കുറിച്ചുള്ള വര്‍ണനയും രാമായണത്തിലൂടെ ഒരു വായനക്കാരനെ അത്ഭുതപ്പെടുത്തും.

യാത്രകള്‍ എഴുത്തുകാരെ മികച്ച ഒരു നിലവാരത്തിലേക്ക് എത്തിക്കുന്നു എന്നു പറയുന്നതില്‍ ഒരിക്കലും തെറ്റു കാണുവാന്‍ സാധിക്കുകയില്ല. ലോക സാഹിത്യത്തിലെ പ്രധാന ഗ്രന്ഥങ്ങള്‍ എടുത്തു കഴിഞ്ഞാല്‍ അതിന്റെ രചയിതാക്കള്‍ നടത്തിയിട്ടുള്ള യാത്രകളുടെ പ്രതിഫലനമായി മാത്രമാണ് നമുക്ക് അവരുടെ രചനകളെ കാണുവാന്‍ സാധിക്കുകയുള്ളൂ. എന്തിനേറെ പറയുന്നു രാമായണം എന്ന മഹാ ഗ്രന്ഥം ഒരു യാത്രാവിവരണം തന്നെയല്ലേ. തകഴിയും ഒ വി വിജയനും, വികെഎന്നും, കാക്കനാടനും മറ്റും എഴുതിയ പല ഗ്രന്ഥങ്ങളും ഒന്നു വായിച്ചു നോക്കൂ. വര്‍ത്തമാനകാലത്തെ എഴുത്തുകാരായ എംടിയും, എം മുകുന്ദനും, കെ സച്ചിദാനന്ദനും, ആനന്ദും, സേതുവും മറ്റും എഴുതിയത് വായിക്കൂ. അവര്‍ നടത്തിയ യാത്രയുടെ പ്രതിഫലനങ്ങള്‍ അവരുടെ രചനകളില്‍ നിഴലിച്ചു കാണും. ഏറ്റവും ഒടുവിലായി ഗള്‍ഫ് മലയാളികളുടെ ജീവിതം പകര്‍ത്തിയ ബന്യാമിന്റെ ആടുജീവിതവും ഗള്‍ഫിലെ യാത്രയിലും ജീവിതത്തിലും നിന്ന് പകര്‍ത്തപ്പെട്ടതാണ് എന്നുള്ളതിന് ഒരു സംശയവുമില്ല. ഏതൊരു എഴുത്തുകാരനും യാത്രകളിലൂടെ ലഭിക്കുന്ന അറിവുകള്‍ അവരുടെ രചനകളെ വലിയ രീതിയില്‍ തിളക്കമുള്ളതാക്കുന്നു എന്ന് വേണം മനസിലാക്കാന്‍.

വൈക്കം മുഹമ്മദ് ബഷീര്‍ ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത ശേഷമാണ് എഴുത്തിന്റെ ലോകത്തേയ്ക്ക് തിരിഞ്ഞത്. അതിസാഹസികമായ ഈ കാലയളവില്‍, ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയും കൂടെ ജീവിച്ചു. പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും, പലജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം. ഏകദേശം ഒമ്പതു വര്‍ഷത്തോളംനീണ്ട ഈ യാത്രയില്‍, അദ്ദേഹം പല ഭാഷകളും പഠിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാവശങ്ങളും അദ്ദേഹം യാത്രകളില്‍ നേരിട്ട് കണ്ടു. ബഷീറിന്റെ യാത്രകളില്‍ കണ്ട മനുഷ്യ ജീവിതം അദ്ദേഹത്തിന്റെ സാഹിത്യ രചനകളുടെ വരികളില്‍ വിശേഷപ്പെട്ടതായി പരിഗണിക്കാം. ലോകം ചുറ്റുന്നതിനിടയില്‍ കണ്ടെത്തിയ ജീവിതാനുഭവങ്ങള്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ പല ക്യതികളിലായി ചേര്‍ത്തിരിക്കുന്നത് കാണാം.

ഇന്ത്യയില്‍ ജനിച്ചവര്‍ തീര്‍ച്ചയായും യാത്ര ചെയ്യേണ്ട ഒരിടമാണ് ഹിമാലയം എന്നുള്ള കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. കാരണം ഹിമാലയത്തിലൂടെയുള്ള യാത്ര നമ്മളെ സ്വയം ശുദ്ധീകരിക്കും എന്ന് സ്വന്തം അനുഭവമാണ്. അവിടെ ശാന്തമാണ്. നല്ല വായുവാണ്. ഹിമാലയത്തിലൂടെ ഒന്ന് രണ്ട് ആഴ്ച്ചകള്‍ യാത്ര ചെയ്ത വ്യക്തികളോട് ചോദിച്ചാല്‍ അവര്‍ സാക്ഷ്യം പറയും. ഹിമാലയ യാത്രയെ മനോഹരമായി വിവരിക്കുന്ന ഒരു പുസ്തകം എം പി വീരേന്ദ്രകുമാര്‍ എഴുതിയിട്ടുണ്ട്. ഹൈമവതഭൂവില്‍ എന്നാണ് പുസ്തകത്തിന്റെ പേര്. എത്ര മനോഹരമായിട്ടാണ് ആ പുസ്തകത്തില്‍ ഹിമാലയ യാത്രയെ വിവരിക്കുന്നത്. ഒരു ഡെസനിലേറെ തവണയാണ് എം പി വീരേന്ദ്രകുമാര്‍ ഹിമാലയ യാത്ര നടത്തിയിട്ടുള്ളത് എന്ന് ഞാന്‍ മനസിലാക്കുന്നു. അദ്ദേഹം എഴുതിയ ഈ പുസ്തകം വായിച്ചതിനുശേഷം നമ്മള്‍ ഹിമാലയാത്ര ചെയ്യുകയാണെങ്കില്‍ പൂര്‍ണമായ ആസ്വാദ്യം നമുക്കുണ്ടാകുമെന്നുള്ള കാര്യത്തില്‍ സംശയവുമില്ല. അങ്ങിനെയും യാത്ര ചെയ്തവനാണ് ഞാന്‍ എന്നത് കൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.

ഹൈമവതഭൂവിന്റെ ആമുഖത്തില്‍ എം പി വീരേന്ദ്രകുമാര്‍ പറയുന്ന കാര്യം ഇവിടെ ആവര്‍ത്തിക്കട്ടെ – വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആല്‍പീസ് തുടങ്ങിയ പര്‍വതങ്ങളുടെ താഴ്‌വരകളിലും മേക്കോങ്ങ്, ആമസോണ്‍, നൈല്‍, സിംബോസി, റൈന്‍, മിസ്സിസിപ്പി, നയാഗ്ര, വോള്‍ഗ, തെയിംസ് ആദിയായ നദികളുടെ തീരങ്ങളിലും ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. അന്യനാടുകളിലെ നഗരികളും പട്ടണങ്ങളും ഗ്രാമങ്ങളും എന്നെ ആകര്‍ഷിക്കുകയുണ്ടായി. അവ അവിസ്മരണീയങ്ങളാക്കിയ യാത്രാനുഭവങ്ങളുടെ ഭാഗമായി ഇന്നും മനസ്സിലുണ്ട്.

എന്നാല്‍, നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ യാത്രകള്‍ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്നെ നില്‍ക്കുന്നു. ഭാരതത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെയം ഹിമാലയ ഗിരിനിരകളിലൂടെയും താഴ്‌വരകളിലൂടെയും നദീതടങ്ങളിലൂടെയും സഞ്ചരിച്ചപ്പോള്‍ അനുഭവേദ്യമായ ആത്മനിര്‍വ്യതി മറ്റൊരിടത്തു നിന്നും ലഭിച്ചിട്ടില്ല. ഹിമാലയം വെറുമൊരു പര്‍വതരാജന്‍ മാത്രമല്ല. മഹത്തായ ഒരു സംസ്‌കൃതിയുടെ ഭാഗവും കൂടിയാണ്. ദര്‍ശനങ്ങള്‍, കവിത, സംഗീതം, ചിത്രമെഴുത്ത,് ശില്പവിദ്യ തുടങ്ങിയ നാനാതുറകളില്‍ സര്‍ഗാത്മകസ്യഷ്ടികള്‍ക്ക് പ്രചോദനമരുളിയ പ്രകൃതിയുടെ അനുപമ വരദാനമാണ് ഹിമാലയം. വീരേന്ദ്രകുമാര്‍ ആമുഖത്തില്‍ ഒരു കാര്യം കൂടി പറയുന്നു ഭാഗവതത്തില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞു പര്‍വതങ്ങളില്‍ ഞാന്‍ ഹിമാലയം.

വീരേന്ദ്രകുമാര്‍ ഹിമാലയത്തെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. അദ്ദേഹം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. എന്നാല്‍ എഴുത്തുകാരനല്ലാത്ത ഒട്ടേറെ പേര്‍ ഹിമാലയത്തിന്റെ ഒരു ഭാഗം മാത്രമായ കൈലാസയാത്ര നടത്തി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കൈലാസയാത്രയില്‍ ചുറ്റിനും മലകള്‍ മാത്രമാണ്. പക്ഷേ കൈലാസ യാത്ര നടത്തിയ പലരും കൈലാസ യാത്രയെ കുറിച്ച് പുസ്തകം എഴുതിയിരിക്കുന്നു എന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. എഴുതുവാന്‍ യാത്രികര്‍ക്ക് പ്രേരണ നല്‍കുന്ന ഒരു ഇടമായി കൂടി നമുക്ക് അതുകൊണ്ട് ഹിമാലയത്തെ കാണാം. ഹിമാലയം മാത്രമല്ല എഴുത്തിലേയ്ക്ക് യാത്രികരെ പ്രേരിപ്പിക്കുന്നത്. എല്ലാ യാത്രകളും മനുഷ്യനെ അക്ഷരങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.

താജ്മഹല്‍ ലോകാത്ഭുതങ്ങളില്‍ ഒന്നാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലുള്ള താജ്മഹല്‍ കാണുവാന്‍ ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്നു. താജ്മഹല്‍ കാണുന്നതിന് മുന്‍പ് ജഹന്നാരയുടെ ആത്മകഥ വായിച്ചിട്ടുണ്ടെങ്കില്‍ ആ യാത്ര കൂടുതല്‍ സമ്പന്നമാകും. താജ്മഹല്‍ പണികഴിപ്പിച്ച ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മൂത്ത മകളാണ് ജഹന്നാര. അവര്‍ ഉറുദു ഭാഷയിലെഴുതിയ ആത്മകഥയുടെ എല്ലാ ഭാഷയിലും ഉള്ള പുസ്തകം ഇന്ന് വിപണിയില്‍ ഉണ്ട്. അതിലെ ഓരോ വിവരണവും താജ്മഹലിനേയും, ആഗ്രാ ഫോര്‍ട്ടിനേയും നമ്മളിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കുന്നു. ഈ പ്രദേശത്തെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ നമുക്ക് ലഭിക്കുന്നു. ജഹന്നാര എന്ന പുസ്തകം വായിക്കുന്നതിന് മുന്‍പും പിന്‍പും അവിടെ പോയാല്‍ വ്യത്യാസം അനുഭവിച്ചറിയാം.

സമീപകാലത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഒരു നോവലാണ് ആടുജീവിതം എന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ആടുജീവിതം എഴുതിയ ബെന്യാമിന്‍ വര്‍ഷങ്ങളോളം സൗദി അറേബ്യയില്‍ താമസിച്ചത് കൊണ്ടും അവിടെനിന്ന് അദ്ദേഹം മരുഭൂമിയിലൂടെ യാത്രകള്‍ ചെയ്തിരുന്നു എന്നതുകൊണ്ടും അവിടെ അടിമകള്‍ ആക്കപ്പെടുന്നവരുടെ ജീവിതകഥ പലരുടെ അനുഭവങ്ങള്‍ മനസ്സിലാക്കിയത് കൊണ്ടും നജീബിന്റെ കഥ മനസ്സിലാക്കിയപ്പോള്‍ അത് നോവല്‍ ആക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ആ തീരുമാനം തന്റെ യാത്രകളിലെ അനുഭവങ്ങളുമായി ചേര്‍ത്ത് എഴുതപ്പെട്ടപ്പോഴാണ് അത് ഒരു മഹത്തായ കൃതിയായി മാറിയത.് അദ്ദേഹം തന്നെ അവകാശപ്പെടുന്നത് ഇത് ഒരു പൂര്‍ണമായ സംഭവകഥയല്ല, ഭാവനയുടെ ഒട്ടേറെ അംശങ്ങള്‍ ഈ നോവലില്‍ ചേര്‍ത്തിട്ടുണ്ട്. ബെന്യാമിന് സൗദി അറേബ്യയിലെ ജീവിതയാത്രയില്‍ നിന്ന് കിട്ടിയ അനുഭവമാണ് ആടുജീവിതം എന്ന് നോവലിനെ ഇത്ര ശക്തമാക്കി മാറ്റുവാന്‍ കാരണമായത് എന്ന് വിലയിരുത്താം.  Travelogue ramayanam aadujeevitham babu panicker

Content Summary; Travelogue ramayanam aadujeevitham babu panicker

ബാബു പണിക്കര്‍

ബാബു പണിക്കര്‍

പണിക്കേഴ്‌സ് ട്രാവല്‍സ് സിഇഒ ആണ് ബാബു പണിക്കര്‍

More Posts

Advertisement