June 04, 2026 |
Share on

എന്താണ് സ്‌ക്രൈബ് വിവാദം?

പരീക്ഷയെഴുതാൻ സഹായികളെ നൽകി ആദിവാസി വിദ്യാർത്ഥികളുടെ വിഭ്യാഭ്യാസം അട്ടിമറിക്കുന്നുവോ?

വയനാട്ടിലെ ​ഗോത്രവിഭാ​ഗക്കാരായ കുട്ടികൾക്ക് അനാവിശ്യമായി സ്ക്രൈബിനെ വച്ച് പരീക്ഷയെഴുതിക്കുന്നു എന്ന ആരോപണവുമായി ആദിവാസി സമ്മർ സ്കൂൾ, ആദിശക്തി സമ്മർ സ്കൂൾ, ​ഗോത്രമഹാസഭാ എന്നീ ആദിവാസി സംഘടനകൾ രം​ഗത്തെത്തിയിരുന്നു. പത്താം ക്ലാസിലും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിലും ആദിവാസി വിദ്യാർഥികൾക്ക് പകരക്കാരായി കുട്ടികളെ വയ്ക്കുന്നത് അവരെ പ്രതികൂലമായി ബാധിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കുന്നു. എന്നാൽ അനാവശ്യമായി സ്ക്രൈബുകളെ ഉപയോ​ഗിച്ച് പരീക്ഷ എഴുതിക്കുക എന്നത് പ്രായോ​ഗികമല്ലെന്ന് വ്യക്തമാക്കുകയാണ് അധ്യാപക സംഘടനയായ കെഎസ്ടിഎയും, വിദ്യാഭ്യാസ വകുപ്പ് അധികൃതരും. വ്യക്തമായ ശാരീരിക വെല്ലുവിളിയോ പഠനവൈകല്യമോ നേരിടുന്ന കുട്ടികൾക്ക് മാത്രമേ സ്ക്രൈബിനെ നിയോ​ഗിച്ച് പരീക്ഷയെഴുതാൻ കഴിയുകയുള്ളുവെന്നും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.Tribal students becomes victims of fake scribe

”ആദിവാസി വിദ്യാർഥികളോട് വർഷങ്ങളായി തുടരുന്ന മനുഷ്യാവകാശലംഘനവും വംശീയ നടപടിയുമാണിത്.” പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകളിൽ പകരക്കാരെ (സ്‌ക്രൈബ്) നിയോഗിച്ച് പരീക്ഷയെഴുതിക്കുന്ന നടപടിക്കെതിരെ ആദിവാസി സംഘടനകൾ. പഠനവൈകല്യമുള്ള കുട്ടികൾ അല്ലെങ്കിൽ ശാരീരികവുമായി വെല്ലുവിളി നേരിടുന്നവരെന്ന പേരിൽ നൂറുകണക്കിന് വ്യാജ സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചാണ് സ്‌കൂൾ അധികൃതർ 100 ശതമാനം വിജയം ആഘോഷിക്കാനും തലയെണ്ണി തസ്തികകൾ നിലനിർത്താനും സ്‌ക്രൈബിനെ നിയോഗിക്കുന്നതെന്നാണ് ആദിവാസി സമ്മർ സ്കൂൾ, ആദിശക്തി സമ്മർ സ്കൂൾ, ​ഗോത്രമഹാസഭാ എന്നീ സംഘടന ഭാരവാഹികളുടെ ആരോപണം.

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും, പഠനവൈകല്യമുള്ള കുട്ടികൾക്കും സഹായമെന്ന നിലയിൽ പരീക്ഷയെഴുതാൻ സഹായികളെ വയ്ക്കാമെന്ന് വ്യവസ്ഥയുണ്ട്, ഇത്തരത്തിൽ മറ്റൊരു കുട്ടിയെക്കൊണ്ട് പരീക്ഷ എഴുതിക്കുന്നതിനെ സ്‌ക്രൈബ് എന്ന് പറയുന്നു. ഇതിനായി ഗവൺമെന്റ് സൈക്കോളജിസ്റ്റും, സൈക്കാട്രിസ്റ്റും നൽകുന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നൽകണം.

”ഈ വർഷം ആയിരത്തോളം വിദ്യാർഥികളെ സ്‌ക്രൈബിനെ ഉപയോഗിച്ച് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇതിൽ പകുതിയിൽ അധികവും ആദിവാസി വിദ്യാർഥികളാണ്. ഒരു സർക്കാർ സ്‌കൂളിലെ ബാച്ചിലെ മുഴുവൻ കുട്ടികളെയും പ്ലസ് വൺ പരീക്ഷയ്ക്ക് പകരക്കാരെ വച്ച് പരീക്ഷ എഴുതിച്ച അർഹതയുള്ളവരെ ഒഴികെ എല്ലാ വിദ്യാർഥികളുടെയും ഫലം റദ്ദാക്കുകയും ആവിശ്യമായ പരിശീലന ക്ലാസുകൾ നൽകി പുനഃപരീക്ഷ നടത്തുാനും സർക്കാർ തയ്യാറാകണം. സ്‌ക്രൈബ് പരിപാടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 10ന് ജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സൂചന സത്യാഗ്രഹം നടത്തും” ഭാരവാഹികൾ വ്യക്തമാക്കി.

ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം വയനാട്ടിൽ ഇത്തവണ 90 സ്‌കൂളുകളിൽ നിന്നായി 11,064 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതിയതിൽ നൂറോളം വിദ്യാർഥികളാണ് പരീക്ഷ സഹായിയെ ഉപയോഗിച്ച് പരീക്ഷ എഴുതിയത്. 2023ൽ അസ്വാഭാവികമായി പരീക്ഷ സഹായികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സംസ്ഥാനതലത്തിൽ അന്വേഷണം നടത്തുകയും, പല കുട്ടികൾക്കും ആവിശ്യമില്ലാതെ സ്‌ക്രൈബിനെ വച്ചതായി തെളിയുകയും ചെയ്തിരുന്നു. അന്ന് കലക്ട്രേറ്റിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രധാന അധ്യാപകരുടെയും യോഗത്തിൽ ഇത് ചർച്ചയായി. വരും വർഷങ്ങളിൽ ആവിശ്യക്കാർക്ക് മാത്രമെ സ്‌ക്രൈബ് അനുവദിക്കാൻ പാടുള്ളുവെന്ന് കലക്ടർ ഡോ. രേണു രാജ് കർശന നിർദേശം നൽകിയിരുന്നു.

വായനാവൈകല്യം, രചനാവൈകല്യം, ഗണിതവൈകല്യം എന്നിങ്ങനെ പഠനവൈകല്യങ്ങളെ മൂന്നായി തിരിക്കുന്നതായി മാനസികാരോഗ്യ വിദ്ഗ്ധർ വ്യക്തമാക്കുന്നു. പഠനവൈകല്യമുള്ള കുട്ടികളെ ചെറിയ ക്ലാസുകളിൽ നിന്ന് തന്നെ തിരിച്ചറിയാൻ കഴിയും. അക്ഷരങ്ങളും അക്കങ്ങളും തിരിച്ചെഴുതുക, ചെറിയ കണക്കുകൾ പോലും കൂട്ടാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് പൊതുവിൽ ഇത്തരം കുട്ടികൾക്ക് അനുഭപ്പെടുകയെന്ന് മാനസികാരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

”പഠിപ്പിക്കുന്ന സ്‌കൂളിലെ വിജയശതമാനമല്ല, കുട്ടികളുടെ പഠനനിലവാരമാണ് പ്രധാനമെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വയനാട്ടിലെ പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ എംബിഎ ഗ്രാജുവേറ്റും ആദിവാസി സമ്മർ സ്‌കൂൾ പ്രവർത്തകനുമായ മണിക്കുട്ടൻ പണിയൻ അഴിമുഖത്തോട് പറഞ്ഞു.

പഠിപ്പിച്ച പാഠം എല്ലാ വിദ്യാർഥികൾക്കും മനസിലായെന്നും പ്രായോഗിക തലത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും ഓരോ അധ്യാപകരും ഉറപ്പുവരുത്തിയാൽ തീരുന്ന പ്രശ്‌നങ്ങളാണ് ഇവ. പരീക്ഷ സഹായികൾ അർഹതപ്പെട്ടവർക്ക് മാത്രം ലഭിക്കേണ്ട സംവിധാനമാണ്. തോൽവിയെക്കാൾ വലുതാണ് കൈയിലിരിക്കുന്ന വിജയം തനിക്ക് അർഹതപ്പെട്ടതെന്ന് വിചാരിക്കുന്ന വിദ്യാർഥി. അധ്യാപകരും സ്‌കൂളുകളും ഇനിയെങ്കിലും തോൽക്കാൻ തയ്യാറാകണമെന്നും മണിക്കുട്ടൻ പറഞ്ഞു.

ആർക്കാണ് തോൽക്കാൻ മടിയെന്നാണ് മണിക്കുട്ടന്റെ ചോദ്യം. മറ്റുള്ളവർ അടിച്ചേൽപ്പിക്കുന്ന പരീക്ഷാസമർദം മാത്രമായിരിക്കും കുട്ടിയും അനുഭവിക്കുക. തെറ്റില്ലാതെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അറിയാത്തത് ആയിരിക്കും വിദ്യാർഥിയുടെ പ്രശ്നം. മറ്റൊരാൾ എഴുതി ജയിപ്പിച്ചു തരുന്ന സർട്ടിഫിക്കറ്റ് അവന് എന്തായാലും കാലാകാലത്തേക്കുള്ള മനോവിഷമം തന്നെയായിരിക്കും. മണിക്കുട്ടൻ കൂട്ടിച്ചേർത്തു.

”അഞ്ച് വർഷങ്ങൾക്ക് മുൻപ് വയനാട്ടിലെ ഒരു ഊരിൽ വിദ്യാർഥികൾക്ക് ഓറിയന്റേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് പോയപ്പോൾ, അവിടെ പത്താം ക്ലാസ് ജയിച്ച കുട്ടികൾക്ക് അക്ഷരങ്ങൾ കൂട്ടി എഴുതാൻ പോലും ബുദ്ധിമുട്ടുള്ള സാഹചര്യമുള്ളതായി മനസിലായിരുന്നു.” ഗവേഷകയും ആദിശക്തി സമ്മർ സ്‌കൂൾ കോഡിനേറ്ററുമായ ലിഡിയ അഴിമുഖത്തോട് പറഞ്ഞു. ഇത്തരത്തിൽ സ്വന്തം പോര് പോലും എഴുതാൻ അറിയാത്ത കുട്ടികൾ പത്താം ക്ലാസ് ജയിച്ചിട്ട് എന്താണ് കാര്യമെന്നും ലിഡിയ ചോദിക്കുന്നു.

സക്രൈബ് എഴുതി ജയിച്ച് ഹയർസെക്കണ്ടറി ക്ലാസുകളിൽ ഇരിക്കുന്ന നിരവധി കുട്ടികളുണ്ട്. സയൻസിന്റെയും ഹ്യുമാനിറ്റീസിന്റെയും ക്ലാസുകളിൽ പഠിപ്പിക്കുന്നതൊന്നും മനസിലാകാതെ ഇരിക്കുന്ന ധാരാളം കുട്ടികളുണ്ട്. അവർ പലപ്പോഴും പഠനം നിർത്തി വീട്ടിലിരിക്കുകയും, പണിക്ക് പോവുകയുമൊക്കെ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലിഡിയ പറഞ്ഞു.

സക്രൈബ് എഴുതി ജയിച്ച് ഹയർസെക്കണ്ടറി ക്ലാസുകളിൽ ഇരിക്കുന്ന നിരവധി കുട്ടികളുണ്ട്. സയൻസിന്റെയും ഹ്യുമാനിറ്റീസിന്റെയും ക്ലാസുകളിൽ പഠിപ്പിക്കുന്നതൊന്നും മനസിലാകാതെ ഇരിക്കുന്ന ധാരാളം കുട്ടികളുണ്ട്. ഡിസബിലിറ്റി സർട്ടിഫിക്കറ്റുകൾ സ്‌കൂൾ അധികൃതർ വളരെ നിസാരമായി സംഘടിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. പല സ്‌കൂളുകളിലും നിർബന്ധിതമായി രക്ഷിതാക്കളെക്കൊണ്ട് ലേണിങ് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിക്കുകയാണ് അധ്യാപകർ. ലിഡിയ കൂട്ടിച്ചേർത്തു.

എന്നാൽ അധ്യാപകർ വിചാരിച്ചാൽ കുട്ടികൾക്ക് ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകാൻ കഴിയില്ലെന്ന് കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി. രാജൻ അഴിമുഖത്തോട് പറഞ്ഞു. സ്‌കൂളുകളുടെ വിജയശതമാനം കൂട്ടുന്നതിന് വേണ്ടി അധ്യാപകർ ചെയ്യുന്ന കാര്യമല്ല സ്‌ക്രൈബ് എഴുതിക്കുക എന്നത്. ഏറ്റവും അടിസ്ഥാനപരമായി തീരുമാനമെടുക്കേണ്ടത് വിദ്യാർഥിയും രക്ഷകർത്താവും ക്ലിനിക്കൽ സൈക്കോളജിസ്റ്റും ചേർന്നാണ്. അധ്യാപകൻ വേണ്ടെന്ന് പറഞ്ഞാലും രക്ഷകർത്താക്കൾക്ക് സ്‌ക്രൈബിനെ വെക്കാൻ കഴിയും രാജൻ വ്യക്തമാക്കി.

ലേണിങ് ഡിസബിലിറ്റിയുള്ള കുട്ടികളെ സ്‌കൂളുകളിൽ തന്നെ നിയമിച്ചിട്ടുള്ള സ്‌പെഷ്യൽ എജ്യൂക്കേറ്റേഴ്‌സ് എന്ന തസ്തികയിലുള്ളവരാണ് കണ്ടെത്തുന്നതും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതും. അധ്യാപകർ മുൻകൈയ്യെടുത്ത് ലേണിങ് ഡിസബിലിറ്റി ഉണ്ടാക്കുന്നു എന്നതിനെ കെഎസ്ടിഎ ശക്തമായി എതിർക്കുകയാണ് ചെയ്യുന്നത് രാജൻ കൂട്ടിച്ചേർത്തു.

മാനസികവിദഗ്ധർ നൽകുന്ന ലേണിങ് ഡിസബിലിറ്റി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് വിദ്യാർഥികൾക്ക് സ്‌ക്രൈബിനെ അനുവദിക്കുന്നത്. വയനാട് ജില്ല വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ അഴിമുഖത്തോട് വ്യക്തമാക്കി. ചില സന്ദർഭങ്ങളിൽ രക്ഷിതാക്കൾ അവരുടെ സ്വാധീനമുപയോഗിച്ച് കുട്ടികൾക്ക് സ്‌ക്രൈബിനെ വച്ച് കൊടുക്കുന്നു എന്ന പരാതികൾ ഉയർന്ന് കേട്ടിട്ടുണ്ട്, അത് വയനാട്ടിൽ മാത്രമല്ല എല്ലാ ജില്ലകളിലും. എന്നാൽ അത്തരം സന്ദർഭങ്ങളിൽ അപ്പോൾ തന്നെ നടപടിയെടുക്കാറുമുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മാനസികവിദഗ്ധർ നൽകുന്ന ലേണിങ് ഡിസബിലിറ്റി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് വിദ്യാർഥികൾക്ക് സ്‌ക്രൈബിനെ അനുവദിക്കുന്നത്. വയനാട് ജില്ല വിദ്യാഭ്യാസ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ അഴിമുഖത്തോട് വ്യക്തമാക്കി. ചില സന്ദർഭങ്ങളിൽ രക്ഷിതാക്കൾ അവരുടെ സ്വാധീനമുപയോഗിച്ച് കുട്ടികൾക്ക് സ്‌ക്രൈബിനെ വച്ച് കൊടുക്കുന്നു എന്ന പരാതികൾ ഉയർന്ന് കേട്ടിട്ടുണ്ട്, അത് വയനാട്ടിൽ മാത്രമല്ല എല്ലാ ജില്ലകളിലും. എന്നാൽ അത്തരം സന്ദർഭങ്ങളിൽ അപ്പോൾ തന്നെ നടപടിയെടുക്കാറുമുണ്ട്. ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്യാനും പെർമിഷൻ കൊടുക്കാതിരിക്കാനോ വിദ്യാഭ്യാസ വകുപ്പിന് കഴിയില്ല. അധ്യാപർക്ക് വ്യക്തി താൽപ്പര്യത്തിന്റെയോ, മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയോ ചെയ്ത് കൊടുക്കാൻ കഴിയുന്നതല്ല സ്‌ക്രൈബ്. ഇത്തരം പ്രശ്‌നങ്ങൾ നടന്ന 2023ൽ ഇത്തരം ഒരു ആരോപണമുണ്ടായപ്പോൾ സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കൃത്യമായ നിർദേശങ്ങൾ നൽകുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇനിയും സ്‌ക്രൈബിൽ പ്രശ്‌നങ്ങളുണ്ടെന്ന് തെളിവ് ലഭിച്ചാൽ നടപടിയുണ്ടാകും. എന്നാൽ ഇപ്പോഴുണ്ടാകുന്ന ആരോപണങ്ങളിൽ അടിസ്ഥാനമായി സ്‌ക്രൈബ് പൂർണമായി നിർത്തലാക്കാൻ മാത്രമാണ് കഴിയുക. എന്നാൽ സ്‌ക്രൈബ് ഉപയോഗപ്പെടുന്ന കുട്ടികളെ തഴയപ്പെടുന്നതിന് തുല്യമാണ്. ജില്ല വിദ്യാഭ്യാസ ഓഫീസ് അറിയിച്ചു.

ട്രൈബൽ മേഖലയിലെ വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നതിനും, സഹായമാകുന്നതിനും നിരവധി പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. ആദിവാസി മേഖലയിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ച് തുടങ്ങിയിട്ടുള്ള പദ്ധതികൾ അവരെ സാമൂഹികമായും, വിദ്യാഭ്യാസപരമായും ഉയർത്തിക്കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും സഹായവും

സമർത്ഥരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹനം അക്കാദമിക് തലങ്ങളില് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പട്ടികവർഗ്ഗ വിഭാത്തില്പ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നല്കുന്നതിനുള്ള ഉപപദ്ധതിയാണിത്. ഈ ഉപപദ്ധതിയില് സർക്കാർനിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം എസ്.എസ്.എല്.സി, പ്ലസ് ടു, ബിരുദം, ഗവേഷണം പ്രൊഫഷണല് കോഴ്സ് തുടങ്ങിയവയ്ക്ക് കൂടുതൽമാർക്ക് അല്ലെങ്കിൽ ഉയർന്നഗ്രേഡ് കരസ്ഥമാക്കിയവർക്ക് പ്രോത്സാഹനം നല്കുന്നു. കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് ക്യാഷ് ഇൻസെന്റീവ്/സർട്ടിഫിക്കറ്റ്/മെഡലുകൾ എന്നിവയും നൽകുന്നു.

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്പ്മെന്റ്

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന തെരഞ്ഞെടുത്ത പ്രതിഭാധനരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് (ഡേ സ്കോളർമാർ) അവരുടെ പഠന മികവിനും പാഠ്യേതര പ്രവർത്തനങ്ങൾക്കുമായി തുടർച്ചയായി സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സോഫ്റ്റ്വെയർ സഹായത്തോടെ പദ്ധതിക്കുകീഴിലുള്ള വിദ്യാർത്ഥികളുടെ തുടർച്ചയായ പഠന നിലവാരം വിലയിരുത്തും, അക്കാദമിക് മികവ് കൈവരിക്കുന്നത് വരെ വിദ്യാഭ്യാസ കാലഘട്ടം മുഴുവനും പഠന മികവ് പരിശോധിക്കപ്പെടും.

വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം

അംഗീകൃത സർവ്വകലാശാലകളിലെ/സ്ഥാപനങ്ങളിലെ പ്ലസ്ടുവിൻ മുകളിലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകിക്കൊണ്ട് ഐ.ടി മേഖലയിലെ ഡിജിറ്റൽ ഡിവൈഡ് ലഘൂകരിക്കലാണ് ഈ ഉപപദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ലാപ്ടോപ്പുകൾ നൽകുന്നതിൻ അർഹതയുള്ള കോഴ്സുകൾ സർക്കാർതലത്തിൽ തീരുമാനിക്കും.

അനാഥരായ കുട്ടികൾക്കുള്ള സഹായം

രക്ഷിതാക്കൾ സംരക്ഷിക്കാനില്ലാത്ത പട്ടികവർഗ്ഗ വിഭാഗത്തില്പ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകി സാമൂഹിക സുരക്ഷ ഉറപ്പാക്കുകയാണ് ഈ ഉപ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ കുട്ടികൾ പ്രായപൂർത്തിയാവുന്നതുവരെയോ വരുമാനം സമ്പാദിക്കാൻ പ്രാപ്തരാകുന്നതുവരെയോ വിദ്യാഭ്യാസത്തിനും ജീവിതത്തിനുമുളള സഹായം ഈ പദ്ധതി മുഖേന നല്കുന്നു. സർക്കാർ നിശ്ചയിക്കുന്ന നിരക്കിനനുസരിച്ചായിരിക്കും ധനസഹായം അനുവദിക്കുന്നത്.

സ്കൂൾ കോളേജ് വിദ്യാർഥികളുടെ പഠനയാത്രയ്ക്ക്

പ്ലസ് വണ്ണിൽ എല്ലാ വിഷയങ്ങളും വിജയിക്കുകയും പ്ലസ് ടു കോഴ്സുകളിൽ തുടരുകയും ചെയ്യുന്ന വിദ്യാർത്ഥികൾ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല് ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി നടത്തുന്ന പഠനയാത്രയ്ക്കും, വിനോദയാത്രയ്ക്കും വേണ്ടിയുള്ള സാമ്പത്തിക സഹായം ഈ ഉപപദ്ധതി വഴി നല്കുന്നു.

മോഡൽ പ്രീ സ്കൂളുകൾ

പട്ടികവർഗ്ഗ മേഖലകളിൽ കുട്ടികളിൽ പോഷകാഹാരക്കുറവ്, വളർച്ചക്കുറവ്, പഠന പ്രശ്നങ്ങൾ എന്നീ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പട്ടികവർഗ്ഗ കേന്ദ്രീകൃത സെറ്റിൽമെന്റുകളിൽ 31 മോഡൽ പ്രീ പ്രൈമറി സ്കൂളുകൾ ആരംഭിക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്ദേശിക്കുന്നു. സാധ്യമാകുന്നിടത്തെല്ലാം ഏകാധ്യാപക സ്കൂളുകളും പെരിപ്പതെറ്റിക് വിദ്യാഭ്യാസ സ്ഥാപനങ്ങളും സംയോജിപ്പിച്ചോ ലയിപ്പിച്ചോ ആണ് പ്രീ-സ്കൂളുകൾ സ്ഥാപിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം തുടരുന്നതിൻ2, 3 ക്ലാസുകളിൽ എത്തുമ്പോൾ ഹോസ്റ്റൽ സൗകര്യം നൽകുന്നതാണ്.

വിദ്യാവാഹിനി

പട്ടികവർഗ്ഗ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്താത്തതിന്റെ പ്രധാന കാരണം പട്ടികവർഗ്ഗസെറ്റില്മെന്റുകളിൽ ഭൂരിഭാഗവും ഉൾക്കാടുകളിലും അപ്രാപ്യമായ പ്രദേശങ്ങളിലായതുകൊണ്ടും ഗതാഗത സൗകര്യങ്ങളുടെ അഭാവത്താലുമാണ്. എല്ലാ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും കുട്ടികൾക്കും സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനും പട്ടികവർഗ്ഗകുട്ടികളുടെ സ്കൂളിലെ റിറ്റൻഷൻ ഉറപ്പാക്കുന്നതിനും പട്ടികവർഗ്ഗ വികസന വകുപ്പ് വിദ്യാവാഹിനി (ഗോത്രസാരഥി) എന്ന പദ്ധതി പട്ടികവർഗ്ഗമേഖലകളിൽ നടപ്പാക്കിവരുന്നു.

സാമൂഹ്യ പഠനമുറി

പട്ടികവർഗ്ഗ സെറ്റില്മെന്റുകളിൽ ട്യൂഷൻ സമ്പ്രദായത്തോടുകൂടിയ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് സാമൂഹ്യ പഠനമുറികൾ ആരംഭിച്ചത്. ഈ വിഭാഗത്തില്പ്പെട്ട വിദ്യാസമ്പന്നരായ യുവാക്കളെ (സ്ത്രീ/പുരുഷൻ) അതാത് പ്രദേശത്തുനിന്നുതന്നെ തെരഞ്ഞെടുത്ത്, ട്യൂട്ടറായി പരിശീലനം നല്കി, ഓണറേറിയം വ്യവസ്ഥയിൽ ഫെസിലിറ്റേറ്ററായും സോഷ്യൽ വർക്കറായും പ്രവർത്തിക്കുന്നതിനായി നിയോഗിക്കുന്നതാണ്. ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ, ഫർണിച്ചർ, വായന സാമഗ്രികൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെത്തന്നെ ഒരുക്കുന്നതാണ്.

വിദ്യാർഥികൾക്കായുള്ള ടൂട്ടോറിയൽ പദ്ധതികൾ

ഹൈസ്ക്കൂളിലും, പതിനൊന്നാം ക്ലാസിലും, പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി വിജയ ശതമാനം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തൊട്ടടുത്തുള്ള പാരലല് കോളേജിൽ ചേർന്ന് ട്യൂഷൻ പഠിക്കുന്നതിനുള്ള പ്രതിമാസ ട്യൂഷൻ ഫീസ് രക്ഷിതാക്കൾക്ക് നേരിട്ട് നൽകും (ഡി.ബി.ടി വഴി). 1600 പട്ടികവർഗ്ഗ വിദ്യാർഥികളെ ഈ പദ്ധതിക്ക് കീഴിൽ ലക്ഷ്യംവയ്ക്കുന്നു.

കായിക പ്രോത്സാഹനം

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അസോസിയേഷൻ, ദേശീയ അന്തർദേശീയഏജൻസികൾ എന്നിവയുമായി സഹകരിച്ച് പട്ടികവർഗ്ഗ കുട്ടികൾക്കും യുവജനങ്ങൾക്കുമിടയിൽ കല, കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ഘടകത്തിന്റെ ലക്ഷ്യം. പട്ടികവർഗ്ഗ വികസന വകുപ്പ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി (സായി) സഹകരിച്ച് കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മറ്റ് പദ്ധതികൾ

. പട്ടികജാതി, പട്ടികവർഗ വകുപ്പ് നടത്തുന്ന 90 നഴ്സറി സ്‌കൂളുകൾ.

. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി സംസ്‌ഥാന തല പ്രവേശനപരീക്ഷ വഴി അഡ്‌മിഷൻ നടത്തുന്ന 9 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ.

. സ്‌കൂൾ കാലത്ത് എല്ലാ വിദ്യാർഥികൾക്കും ലംപ്‌സം ഗ്രാന്റ്. അൺ എയ്‌ഡഡ് സ്കൂ‌ളുകളിലെങ്കിൽ ട്യൂഷൻ ഫീ.

. ഒന്നു മുതൽ 4 വരെ ക്ലാസുകളിലേക്ക് യൂണിഫോം, കുട, ബാഗ് എന്നിവയ്ക്കായി വർഷം 2000 രൂപ.

. പ്രീമെട്രിക് ഹോസ്‌റ്റലുകളിൽ അഞ്ചാം ക്ലാസ് മുതൽ പ്രവേശനം.

. കായിക മികവുള്ളവർക്കായി തിരുവനന്തപുരം വെള്ളായണിയിൽ അയ്യങ്കാളി മെമ്മോറിയൽ റസിഡൻഷ്യൽ സ്‌കൂൾ.

പ്രഫഷനൽ കോഴ്‌സുകൾക്ക് ഉൾപ്പെടെ സ്‌റ്റൈപൻഡും ലംപ്സം ഗ്രാന്റും.

. 17 പോസ്റ്റ് മെട്രിക് ഹോസ്‌റ്റലുകൾ.

. സർക്കാർ/ സ്വകാര്യ കോളജുകളിലെ ഹോസ്‌റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കു ധനസഹായം.

. അവസാനവർഷ പരീക്ഷകൾക്കു മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്കു കാഷ് അവാർഡുകൾ.

. മികച്ച പ്രകടനം നടത്തുന്ന സ്‌കൂൾ വിദ്യാർഥികൾക്കു വർഷം 4500 രൂപ വീതം അയ്യങ്കാളി ടാലൻ്റ് സെർച് സ്കോളർഷിപ്

. മികച്ച പ്രകടനം നടത്തുന്ന ബിരുദ വിദ്യാർഥികൾക്ക് ക്ഷേത്രപ്രവേശന വിളംബര സ്‌മാരക സ്കോളർഷിപ്

. മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് കോച്ചിങ്ങിന് 20,000 രൂപ ധനസഹായം.

. മെഡിക്കൽ, എൻജിനീയറിങ് കോഴ്‌സുകളിൽ ചേരുമ്പോഴുള്ള ചെലവുകൾക്കായി ധനസഹായം.

. മറ്റു സംസ്‌ഥാനങ്ങളിലും വിദേശത്തും പഠിക്കാൻ ധനസഹായം.

. തിരുവനന്തപുരം, ആലുവ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ പിഎസ്‌സി ഉൾപ്പെടെയുള്ള മൽസരപ്പരീക്ഷകൾക്കു സഹായിക്കാൻ പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററുകൾ.

. സിവിൽ സർവീസ് അക്കാദമിയിൽ പ്രവേശനം ലഭിക്കുന്നവർക്കു സൗജന്യ പഠനം. മാസം 6000 രൂപ സ്കോളർഷിപ്

. തൊഴിൽ പരിശീലനം നൽകാൻ എറണാകുളത്തും കോഴിക്കോട്ടും കോച്ചിങ് കം ഗൈഡൻസ് സെൻ്റർ

. എല്ലാ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെയും കീഴിൽ പരിശീലന പരിപാടികൾ.Tribal students becomes victims of fake scribe

Content summary; Tribal organizations demand the abolition of the scribe system in Wayanad’s SSLC and Plus Two exams; the Wayanad Education Department and Teachers’ Association respond

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×