ജൂലായ് 05, 1994 നാണ് വൈക്കം മുഹമ്മദ് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ വിടപറഞ്ഞു എന്ന വാക്കിനോട് ബഷീറിനെ ചേര്‍ത്ത് പറയുന്നത് ഒട്ടും ശരിയല്ലെന്ന് തോന്നുന്നു. കാരണം, ഓരോ വായനയിലും അദ്ദേഹം നമ്മോടൊപ്പമുണ്ട്. ഒരിക്കലും വേര്‍പിരിയാത്ത ഒരു ചങ്ങാതിയെപ്പോലെ.
‘ഉമ്മാ… ഞാന്‍ ഗാന്ധിയെ തൊട്ടു!’ വൈക്കത്ത് ഗാന്ധിജിയെ നേരില്‍ കണ്ട നിമിഷത്തെക്കുറിച്ച് ബഷീര്‍ തന്റെ ‘അമ്മ’ എന്ന കഥയില്‍ ആവേശത്തോടെ പറയുന്ന ആ വാചകം, ഒരു കഥാ സന്ദര്‍ഭം മാത്രമല്ല; ഒരു കാലഘട്ടത്തിന്റെ സ്പന്ദനം കൂടിയാണ്. ഗാന്ധിയെ സ്പര്‍ശിച്ച ആ ബാലന്റെ ഉള്ളില്‍ പിന്നീട് ജന്മം കൊണ്ടത് മാനവസ്‌നേഹത്തിന്റെ ഏറ്റവും മഹത്തായ എഴുത്തുകാരനായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ തിളക്കമാര്‍ന്ന പ്രഭയാണ് ബഷീറിന്റെ ജീവിതത്തെ അടയാളപ്പെടുത്തിയതെന്ന് എം.ടി. വാസുദേവന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.
ബഷീറിനെക്കുറിച്ച് എഴുതാന്‍ തോന്നിയപ്പോള്‍, മനസ്സിലേക്ക് ആദ്യം കടന്നുവന്നത് അദ്ദേഹത്തിന്റെ ആത്മാവിനെയും ജീവിതത്തിന്റെ നിശ്ശബ്ദ താളങ്ങളെയും തൊട്ടറിഞ്ഞ രണ്ട് പേരുകളാണ്. ബഷീറിനെ ദൃശ്യങ്ങളിലൂടെ അനശ്വരനാക്കിയ എം.എ. റഹ്‌മാനും, അക്ഷരങ്ങളിലൂടെ അദ്ദേഹത്തിന്റെ ആത്മാവിനെ വായനക്കാരിലേക്ക് പകര്‍ത്തിയ ഇ.എം.അഷ്‌റഫും. രണ്ടുപേരെയും സൗദി അറേബ്യയിലിരുന്ന് ഞാന്‍ ഫോണില്‍ വിളിച്ചു.
1987-ല്‍ ‘ബഷീര്‍ ദ മാന്‍’ ഡോക്യുമെന്ററി സംവിധാനം ചെയ്ത എം.എ. റഹ്‌മാനെ വിളിക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവന്നത്, ബഷീറിലെ തനിക്ക് ചിത്രീകരിക്കാനാവാത്ത ബഷീറിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ്: ‘പ്രത്യക്ഷമായാലും പ്രത്യക്ഷമാകാത്ത ഒരു ബഷീര്‍, ബഷീറിലുണ്ട്.’
”എനിക്ക് ചിത്രീകരിക്കാനാവാത്ത ബഷീറിനെക്കുറിച്ച് എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല.” എന്നായിരുന്നു എം.എ റഹ്‌മാന്റെ നിസ്സഹായമായ ഏറ്റുപറച്ചില്‍. അല്ലെങ്കിലും, കഥകള്‍ എഴുതിയും പറഞ്ഞും സ്വയം ഒരു കഥയായി മാറിയ ഒരു ഇതിഹാസപുരുഷനെ എഴുത്തിലൂടെയായാലും സിനിമയിലായാലും അതേപോലെ ഒപ്പിയെടുക്കാനാവില്ലെന്ന സത്യമാണ് എം എ റഹ്‌മാന്‍ പറഞ്ഞതിന്റെ പൊരുള്‍.
ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബയോപിക് ഡോക്യുമെന്ററി എടുത്ത റഹ്‌മാന്‍ 1982-ല്‍ ഷൂട്ട് തുടങ്ങി, അത് പൂര്‍ത്തിയാക്കാന്‍ അഞ്ചു വര്‍ഷമെടുത്തു. സാങ്കേതികമായി പല കാരണങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് മുടങ്ങിയപ്പോഴും, ആ ദൗത്യം പൂര്‍ത്തിയാക്കാനായത് ബഷീര്‍ തനിക്ക് കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും തണലായതുകൊണ്ട് മാത്രമാണെന്ന് എം.എ റഹ്‌മാന്‍ പറയുന്നു. ‘ആ സിനിമ നിര്‍മ്മിച്ചത് ഞാനല്ല, ബഷീറാണ്. അല്ലെങ്കില്‍ ഞാന്‍ സിനിമ നിര്‍മ്മിക്കുമായിരുന്നില്ല… ആ സിനിമ എന്നെ നിര്‍മ്മിക്കുകയായിരുന്നു.’ ‘ബഷീര്‍ ദ മാന്‍’ 1987-ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും 1988 ല്‍ ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.
ഇ.എം. അഷ്‌റഫ് തന്റെ മൂന്നാമത്തെ സിനിമയായ ‘തേന്മാവ്’ എന്ന ബഷീറിയന്‍ കഥയുടെ ചിത്രീകരണം കഴിഞ്ഞ്, എഡിറ്റിംഗ് ജോലികളിലേക്ക് പ്രവേശിച്ചിരിക്കുമ്പോഴാണ് ഞാനദ്ദേഹത്തെ വിളിക്കുന്നത്. 34 വര്‍ഷം മുമ്പ് ഇ എമ്മിനെ ആദ്യമായി പരിചയപ്പെടാനുണ്ടായ സന്ദര്‍ഭവും ബഷീര്‍ തന്നെയായിരുന്നു. അന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കാണാന്‍ ഡല്‍ഹിയിലെ ഓഫീസില്‍ പോയപ്പോള്‍, എനിക്ക് മുന്നില്‍ ‘ബഷീറിന്റെ ഐരാവതങ്ങള്‍’ എന്ന പുസ്തകം നീട്ടി അദ്ദേഹം ചോദിച്ചു: ഈ പുസ്തകം എഴുതിയ ഇ.എം. അഷ്‌റഫിനെ അറിയുമോ? ആ കാലത്ത് അഷ്‌റഫിനെ കലാകൗമുദിയിലൂടെ വായിച്ചിട്ടുണ്ടെങ്കിലും നേരിട്ട് പരിചയമുണ്ടായിരുന്നില്ല. അങ്ങനെ ബഷീറിന്റെ ഐരാവതങ്ങളിലൂടെ, മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്ന് ഡല്‍ഹിയിലുണ്ടായിരുന്ന ഇ.എം. അഷ്‌റഫിനെ നേരിട്ട് പരിചയപ്പെടുത്തി തരുന്നത്.
വര്‍ഷങ്ങള്‍ക്കിപ്പുറം ബഷീറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇ.എം. അഷ്‌റഫ് പറഞ്ഞതിങ്ങനെയാണ്: ‘ബഷീര്‍ കൃതികളില്‍ പ്രത്യക്ഷപ്പെടുന്ന സാധാരണ വാക്കുകള്‍ക്ക് പോലും കാവ്യഭംഗി കൈവരുന്നത്, വാക്കുകള്‍ക്ക് വേണ്ടിയുള്ള ധ്യാനനിമഗ്‌നമായ ‘അടയിരിപ്പി’ലൂടെ നേടുന്ന കലാപരമായ സിദ്ധി കൊണ്ടാണ്.’ ‘വെളിച്ചത്തിന് എന്തൊരു വെളിച്ചം’ എന്ന ബഷീറിയന്‍ പ്രയോഗം നല്‍കുന്ന റിഥം, ലളിതമായ പദപ്രയോഗത്തിന്റെ സൗഭാഗ്യകരമായ സിദ്ധിയാണെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. ഫോണ്‍ വെക്കുമ്പോള്‍ അഷ്‌റഫ് പറഞ്ഞു:”ബഷീറുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. എന്നെ അന്നും ഇന്നും പ്രചോദിപ്പിക്കുന്ന ഏക എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ്’. ഇ എം അഷ്‌റഫ് ബഷീറിനെക്കുറിച്ച് അഞ്ച് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.ബഷീറിന്റെ ഐരാവതങ്ങള്‍, ബഷീര്‍ എഴുത്തും ജീവിതവും, ഈ വെളിച്ചതിനെന്തൊരു വെളിച്ചം!, കാലവും കടന്ന് ബഷീര്‍. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ജീവചരിത്ര പുസ്തകം തമിഴിലും അറബിയിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
1992-ലെ ആ ഡല്‍ഹി യാത്രയില്‍ തന്നെയാണ് ചാണക്യപുരിയിലെ ഫ്‌ളാറ്റില്‍ വെച്ച് ഒ.വി. വിജയനെ കാണുന്നത്. അദ്ദേഹം പറഞ്ഞു:’ഞാനേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ്.’ ‘ധന്യനായ പരിവ്രാജകന്‍’ എന്ന തലക്കെട്ടില്‍ അന്ന് വാരാദ്യ മാധ്യമത്തില്‍ അതിനെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് ഒ.വി. വിജയന്‍ തന്നെ കലാകൗമുദിയില്‍ എഴുതി: ‘പ്രപഞ്ചത്തിന്റെ വിലാപമായാണ് ബഷീറിന്റെ ‘ശബ്ദങ്ങള്‍’ എനിക്ക് അനുഭവപ്പെട്ടത്. വര്‍ഷങ്ങളായി ഞാനും എന്തൊക്കെയോ എഴുതി. എന്നാല്‍ ആ പുസ്തകത്തിന്റെ നിറങ്ങളും തലങ്ങളും എന്നെ ഇന്നും അലട്ടുന്നു. ഓര്‍ത്തുനോക്കുമ്പോള്‍, വീണ്ടും വീണ്ടും ഓര്‍ത്തുനോക്കുമ്പോള്‍ ശബ്ദങ്ങളുടെ പൊരുള്‍ മനസ്സിലാകുന്നു. പ്രപഞ്ചത്തിന്റെ പ്രാര്‍ഥനയാണത്. പാപം അതിന്റെ ഭാഷയും. അഗതിയായ തെണ്ടിയെപ്പോലെ കിടന്നുറങ്ങുന്ന ദൈവത്തെ അതു തട്ടിവിളിക്കുന്നു.’ (ഒ.വി. വിജയന്‍, കലാകൗമുദി, 1994 ജൂലായ് 24)
ഒ വി വിജയന്റെ വരികളില്‍ ഒളിഞ്ഞിരിക്കുന്ന സത്യം ഇതാണ്: ബഷീര്‍ എഴുതിയത് കഥകളല്ല, പ്രാര്‍ഥനകളാണ്. ദൈവത്തോടും മനുഷ്യരോടും ഒരേ ഭാഷയില്‍ സംസാരിക്കാന്‍ കഴിഞ്ഞ അപൂര്‍വ എഴുത്തുകാരനായിരുന്നു ബഷീര്‍.
എം.ടി. വാസുദേവന്‍ നായരുടെ ജീവിതത്തില്‍ ബഷീറിന് ഗുരുതുല്യമായ സ്ഥാനമുണ്ടായിരുന്നു. എം ടി ബഷീറിനെ’ഗുരു’ എന്നാണ് വിളിച്ചിരുന്നത്. ബഷീറിന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തില്‍ ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ഹൃദയത്തില്‍ മുഴങ്ങുന്നു: ‘ബഷീറുമായുള്ള അടുപ്പം എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. പുതിയ തലമുറയ്ക്ക് പുതിയൊരു ദിശ നല്‍കാന്‍ അദ്ദേഹത്തിന്റെ സ്വാധീനത്തിനു കഴിഞ്ഞു. അത് അവരുടെ നിധിയാണ്.’ബഷീര്‍ സ്‌നേഹത്തോടെ ‘നൂലന്‍ വാസു’ എന്നും ‘കഠാര വാസു’ എന്നും വിളിച്ചിരുന്ന എം.ടി, ആ സൗഹൃദത്തിന്റെ ചൂടില്‍ അവസാന നിമിഷം വരെ നിന്നു. ബഷീറിന്റെ ഖബറടക്കം വരെ.
ആധുനിക മലയാള സാഹിത്യത്തിന്റെ മറ്റൊരു തൂണായ എം. മുകുന്ദന്‍ ബഷീറിനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്, അതിന്റെ ലാളിത്യം കൊണ്ടുതന്നെ ഹൃദയസ്പര്‍ശിയായിരുന്നു: ‘നോബല്‍ സമ്മാനം പോലും ബഷീറിനെ ആദരിക്കാന്‍ തികയാത്തത്ര ചെറുതാണ്. ‘ലോക സാഹിത്യത്തിലെ ഏത് ഉന്നതിയോടും കിടപിടിക്കാവുന്ന എഴുത്തുകാരനെ ഈ മണ്ണ് സൃഷ്ടിച്ചു എന്ന അഭിമാനമാണ് എം മുകുന്ദന്റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും നാടകകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ (1928-2005) ബഷീറിനെക്കുറിച്ച് പറഞ്ഞ വാക്കുകളില്‍ ഒരു വായനക്കാരന്റെ ഭ്രമാത്മകമായ സമര്‍പ്പണം നിറഞ്ഞുനില്‍ക്കുന്നു: ‘കോളേജില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ബാല്യകാലസഖി വായിക്കുന്നത്. ഒരു ദിവസം നിറുത്താതെ പതിനേഴ് തവണ ഞാന്‍ ആ കൃതി വായിച്ചു. ബാല്യകാലസഖിയിലെ ഓരോ വാക്കും എന്നെ ഭ്രമിപ്പിക്കുകയായിരുന്നു. ബഷീറിന്റെ ഒരു കൃതിയും എന്നെ ആസ്വദിപ്പിക്കുകയായിരുന്നില്ല മറിച്ച് ഭ്രമിപ്പിക്കുകയായിരുന്നു. ബാല്യകാലസഖിയും മതിലുകളുമെല്ലാം ലോകോത്തര സാഹിത്യ കൃതികളാണ്. ഞാന്‍ വായിച്ചിട്ടുള്ള പല നോബല്‍ സമ്മാനം നേടിയ കൃതികളോടും കിടപിടിക്കാവുന്ന രചനകള്‍ തന്നെയാണ് ഇവ.’
അനുഭവത്തിന്റെ ഒരു പുതിയ വന്‍കരയാണ് ബഷീര്‍ മലയാളത്തിലേക്ക് എത്തിച്ചത് എന്നാണ് എം.എന്‍. വിജയന്‍ പറഞ്ഞത്. അസമാനമായ തന്റെ യാത്രയില്‍, ബഷീറിനെപ്പോലെ ലാവണ്യത്തിന്റെ ഒരു മറുലോകം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഈ നൂറ്റാണ്ടില്‍ സൃഷ്ടിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്.
1987 ജനുവരി 19-ന് കോഴിക്കോട് സര്‍വകലാശാല ബഷീറിന് ഡി.ലിറ്റ് നല്‍കി ആദരിച്ചപ്പോള്‍, വൈസ് ചാന്‍സലറായിരുന്ന ടി.എന്‍. ജയചന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ഇന്നും കേരളത്തിന്റെ ഭൗമമണ്ഡലത്തില്‍ നിന്ന് മാഞ്ഞിട്ടില്ല: ‘ബഷീറിനെപ്പോലെ ഒരെഴുത്തുകാരന്‍, ബഷീറിനു മുമ്പോ പിമ്പോ നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടില്ല. എല്ലാ നിലയ്ക്കും ഒരനന്വയമാണദ്ദേഹം. കവിയും ഋഷിയും ഒത്തുചേരുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം, സത്യസന്ധതയുടെയും സ്‌നേഹവായ്പ്പിന്റെയും മഹത്വകാംക്ഷയുടെയും പ്രത്യേകതകള്‍ കൊണ്ട്, മറ്റൊരു കലാസൃഷ്ടിയായി കേരളീയ സമൂഹത്തെ സ്വാധീനിക്കുന്നു.”
എല്ലാ കാലത്തും ബഷീറിനെ വായിക്കാം. എന്നും അദ്ദേഹം നമ്മോടൊപ്പമുള്ളതുപോലെ നമുക്ക് അനുഭവപ്പെടുന്നു. ഒരു ഇതിഹാസ പുരുഷനെ അക്ഷരങ്ങളില്‍ ഒതുക്കാനാവില്ല. ഒരു ഡോക്യുമെന്ററിയില്‍ പൂര്‍ണമായി പകര്‍ത്താനാവില്ല. ഒരു ലേഖനത്തില്‍ മുഴുവനായി ആവിഷ്‌കരിക്കാനാവില്ല. പക്ഷേ, ബഷീറിന്റെ ഓരോ കഥയിലും നാം കണ്ടെത്തുന്നത് നമ്മെത്തന്നെയാണ്.
Content Summary; A profound tribute to Vaikom Muhammad Basheer, exploring his everlasting literary legacy through the memories of MT Vasudevan Nair, OV Vijayan, M A Rahman, E M Ashraf and others
This post was last modified on July 5, 2026 7:01 am
Leave a Comment