അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജനറിക് (Generic) മരുന്നുകളുടെ ഇറക്കുമതിക്ക് ഘട്ടംഘട്ടമായി 200 ശതമാനം വരെ തീരുവ (Tariff) ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ ആഗോള ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ആശങ്ക ശക്തമായിരിക്കുകയാണ്. ട്രംപിന്റെ പ്രഖ്യാപനമനുസരിച്ച്, അടുത്ത രണ്ട് വർഷത്തേക്ക് ജനറിക് മരുന്നുകൾക്ക് തീരുവ ഈടാക്കില്ല. തുടർന്ന് ഒരു വർഷം 100 ശതമാനവും അതിന് ശേഷം 200 ശതമാനവും തീരുവ ഏർപ്പെടുത്തും.
മരുന്ന് നിർമാണ കമ്പനികൾക്ക് അമേരിക്കയിൽ തന്നെ പുതിയ ഉത്പാാദന കേന്ദ്രങ്ങൾ സ്ഥാപിക്കാനും വിതരണ ശൃംഖല പുനഃസംഘടിപ്പിക്കാനും സമയം നൽകാനാണ് ഈ രണ്ട് വർഷത്തെ ഇളവെന്നാണ് ട്രംപിന്റെ വിശദീകരണം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ തീരുമാനം ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനും കയറ്റുമതിക്കും വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയ്ക്ക് ആശങ്ക എന്തുകൊണ്ട്?
ഇന്ത്യയെ പലപ്പോഴും ‘ലോകത്തിന്റെ ഫാർമസി’ (Pharmacy of the World) എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന് നിർമാതാക്കളിൽ ഒന്നായ ഇന്ത്യ, കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നു.

ഇന്ത്യൻ ഫാർമ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. അമേരിക്കയിൽ ഉപയോഗിക്കുന്ന നിരവധി ജനറിക് മരുന്നുകൾ ഇന്ത്യയിൽ നിന്നാണ് എത്തുന്നത്. പ്രതിവർഷം ബില്യൺ കണക്കിന് ഡോളറിന്റെ മരുന്നുകളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതിനാൽ അമേരിക്കൻ തീരുവ നയം മാറുന്നത് ഇന്ത്യൻ ഫാർമ മേഖലയെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്.
ഏത് ഇന്ത്യൻ കമ്പനികൾക്കാണ് കൂടുതൽ ആഘാതം?
ചില ഇന്ത്യൻ ഫാർമ കമ്പനികൾക്ക് അമേരിക്കയിൽ വിപുലമായ നിർമാണ സൗകര്യങ്ങളുണ്ട്. എന്നാൽ ചില കമ്പനികൾ ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്യുകയാണ്.
അരബിന്ദോ ഫാർമയ്ക്ക് അമേരിക്കയിൽ വൻതോതിൽ നിർമാണ സൗകര്യങ്ങളുണ്ട്. ഡോ. റെഡ്ഡീസ്, ലുപിൻ, സിപ്ല, സൈഡസ് ലൈഫ്സയൻസസ് എന്നിവയ്ക്ക് അമേരിക്കയിൽ പരിമിതമായ നിർമാണ യൂണിറ്റുകളാണുള്ളത്. ആൽക്കെം ലബോറട്ടറീസ്, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് എന്നിവഇന്ത്യയിലെ നിർമാണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ബയോകോൺ ഇന്ത്യയിലെയും മലേഷ്യയിലെയും നിർമാണ യൂണിറ്റുകളെ ആശ്രയിച്ചാണ് അമേരിക്കൻ വിപണിയിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നത്.
അമേരിക്കയിൽ നിർമാണ സൗകര്യങ്ങൾ കുറവുള്ള കമ്പനികൾക്ക് പുതിയ നയം കൂടുതൽ വെല്ലുവിളിയാകാനാണ് സാധ്യത.

ട്രംപിന്റെ ലക്ഷ്യം എന്ത്?
ഈ നയത്തിന്റെ പ്രധാന ലക്ഷ്യം ‘അമേരിക്കയിൽ നിർമിക്കുക’ (Made in America)’ എന്ന ഉത്പാദന നയത്തിന് കൂടുതൽ കരുത്തേകുക എന്നതാണ്. അതിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന മരുന്ന് വിതരണ ശൃംഖല കുറയ്ക്കുക, ഫാർമ നിർമാണ യൂണിറ്റുകൾ അമേരിക്കയിലേക്ക് ആകർഷിക്കുക, ആഭ്യന്തര ഉത്പാാദനം വർധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ദേശീയ ആരോഗ്യസുരക്ഷയും വിതരണ ശൃംഖലയും കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
കോവിഡ് മഹാമാരിക്കുശേഷം മരുന്ന് വിതരണത്തിൽ വിദേശ ആശ്രിതത്വം കുറയ്ക്കണമെന്ന ആവശ്യം അമേരിക്കയിൽ ശക്തമായിരുന്നു.
200% തീരുവ എങ്ങനെ ബാധിക്കും?
ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച്:
2028 ഓഗസ്റ്റ് വരെ – 0% തീരുവ
2028 ഓഗസ്റ്റ് 1 മുതൽ – 100% തീരുവ
2029 ഓഗസ്റ്റ് 1 മുതൽ – 200% തീരുവ
ഇത് പ്രായോഗികമായി എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
ഒരു ഇന്ത്യൻ കമ്പനി അമേരിക്കയിലേക്ക് 100 ഡോളർ വിലയുള്ള ജനറിക് മരുന്ന് കയറ്റുമതി ചെയ്യുന്നു എന്ന് കരുതുക. 200 ശതമാനം തീരുവ നിലവിൽ വന്നാൽ 200 ഡോളർ അധികമായി തീരുവ നൽകണം. അങ്ങനെ ആ മരുന്നിന്റെ ആകെ ചെലവ് ഏകദേശം 300 ഡോളറാകും. ഇതോടെ ഇന്ത്യൻ മരുന്നുകളുടെ മത്സരക്ഷമത കുറയുകയും അമേരിക്കൻ വിപണിയിൽ അവയുടെ ആവശ്യകത ഇടിയുകയും ചെയ്യാൻ സാധ്യതയുണ്ട്.
ഇന്ത്യൻ ഫാർമ കമ്പനികളെ എങ്ങനെ ബാധിക്കും?
അമേരിക്ക പല ഇന്ത്യൻ കമ്പനികളുടെയും ഏറ്റവും വലിയ വരുമാന ഉറവിടമാണ്. അതിനാൽ തീരുവ വർധിക്കുന്നത് കയറ്റുമതിയിലും ലാഭത്തിലും നേരിട്ട് പ്രതിഫലിച്ചേക്കും.
കമ്പനികൾക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ:
ഓഹരി വിപണിയുടെ ആദ്യ പ്രതികരണം
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ഫാർമ കമ്പനികളുടെ ഓഹരികളിലും സമ്മർദം പ്രകടമായി.
സിപ്ല – ഏകദേശം 2.5% ഇടിഞ്ഞ് 1,396 രൂപയായി
ലുപിൻ – 2.5% ഇടിഞ്ഞ് 2,452 രൂപയായി
സൺ ഫാർമ – 2% കുറഞ്ഞ് 1,924 രൂപയായി
ഡോ. റെഡ്ഡീസ് ലബോറട്ടറീസ് – 1 ശതമാനത്തിലധികം താഴ്ന്ന് 1,185 രൂപയായി
സൈഡസ്, ആൽക്കെം, ടോറന്റ് ഫാർമ എന്നിവയുടെ ഓഹരികളും ഏകദേശം 2 ശതമാനം വരെ ഇടിഞ്ഞു.
ഇത് നിക്ഷേപകരുടെ ആശങ്ക വ്യക്തമാക്കുന്നതാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

അമേരിക്കയ്ക്കും തിരിച്ചടി ഉണ്ടാകുമോ?
ഈ നയം ഇന്ത്യയെ മാത്രമല്ല, അമേരിക്കയെയും ബാധിക്കുമെന്നാണ് ആരോഗ്യ-സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന നിരവധി ജനറിക് മരുന്നുകൾ ഇന്ത്യയിൽ നിന്നാണ് എത്തുന്നത്. തീരുവ വർധിച്ചാൽ പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, അണുബാധകൾ തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന സാധാരണ മരുന്നുകളുടെ വില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ കുറഞ്ഞ വിലയിൽ മരുന്ന് വിതരണം ചെയ്യുന്ന കമ്പനികൾ വിപണിയിൽ നിന്ന് പിൻവാങ്ങുകയാണെങ്കിൽ ചില മരുന്നുകൾക്ക് ക്ഷാമവും നേരിടേണ്ടിവരാം.
ഇന്ത്യയുടെ മുന്നിലുള്ള വഴികൾ
ഈ വെല്ലുവിളി നേരിടാൻ ഇന്ത്യയും ഇന്ത്യൻ ഫാർമ കമ്പനികളും സ്വീകരിക്കേണ്ട പ്രധാന നടപടികൾ:
രണ്ട് വർഷത്തെ ഇളവ് അവസരമാകുമോ?
ട്രംപിന്റെ പ്രഖ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം തീരുവ ഉടൻ പ്രാബല്യത്തിൽ വരില്ല എന്നതാണ്. അടുത്ത രണ്ട് വർഷം ഇന്ത്യൻ കമ്പനികൾക്ക് വിതരണ ശൃംഖല പുനഃക്രമീകരിക്കാനും അമേരിക്കയിലെ നിക്ഷേപം വർധിപ്പിക്കാനും ബദൽ വിപണികൾ കണ്ടെത്താനും ദീർഘകാല ബിസിനസ് തന്ത്രങ്ങൾ രൂപപ്പെടുത്താനുമുള്ള അവസരമാകും. എന്നാൽ 2028 മുതൽ 100 ശതമാനവും 2029 മുതൽ 200 ശതമാനവും തീരുവ നിലവിൽ വന്നാൽ ആഗോള ജനറിക് മരുന്ന് വിപണിയിലെ മത്സരത്തിന്റെ സ്വഭാവം തന്നെ മാറാൻ സാധ്യതയുണ്ട്.
Content Summary: US President Donald Trump has announced a phased tariff plan of up to 200% on imported generic drugs, with a two-year grace period before implementation.