യുദ്ധം തീര്‍ക്കാന്‍ ട്രംപിന്റെ സമാധന പദ്ധതി; ദൂതനായി പാകിസ്താന്‍

അമേരിക്കയുടെ പുതിയ നീക്കങ്ങളോട് ഇറാന്‍ വളരെ ആലോചിച്ചു മാത്രമെ പ്രതികരിക്കൂ എന്നാണ് വിവരം

Trump's 15 point plan for end iran war

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനു മുന്‍പില്‍ 15-ഇന പദ്ധതിയുമായി ട്രംപ് ഭരണംകൂടം. യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഈ യുദ്ധത്തില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തുകടക്കാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിക്കുന്നുണ്ട്. അതു തന്നെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു സമാധാന പദ്ധതിയുമായി ഇറങ്ങാന്‍ കാരണമായും പറയുന്നത്.

പാകിസ്താന്‍ മുഖാന്തരം ഈ പദ്ധതി ഇറാന് കൈമാറിയെന്നാണ് യുഎസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്‌തെന്നോ, അവരത് അംഗീകരിക്കുമോ എന്നതിലൊന്നും വ്യക്തതയില്ല. ഇസ്രയേലിന്റെ പ്രതികരണവും പുറത്തു വന്നിട്ടില്ല. ഇസ്രയേല്‍ ഇപ്പോഴും ഇറാനെതിരേ ആക്രമണം തുടരുകയാണ്. എന്നാലും മിഡില്‍ ഈസ്റ്റില്‍ പല രാജ്യങ്ങളെയും സാരമായി ബാധിക്കുന്ന യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. അതുകൊണ്ട് തന്നെ എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാന്‍ പല രാജ്യങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് ടൈംസ് ഈ പദ്ധതിയെ കുറിച്ച് ചില വിശദാംശങ്ങള്‍ നല്‍കുന്നുണ്ട്. പത്രം ഈ പദ്ധതിയുടെ പകര്‍പ്പ് നേരിട്ട് കണ്ടിട്ടില്ലെങ്കിലും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ നല്‍കി വിവരങ്ങളാണ് ആധാരമാക്കുന്നത്. അതനുസരിച്ച്, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍, ആണവ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതിലുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച ബോംബാക്രമണത്തിലൂടെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍, വിക്ഷേപണ സംവിധാനങ്ങള്‍, ഉല്‍പ്പാദന കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍ എന്നിവയെ ഇസ്രയേലും അമേരിക്കയും ലക്ഷ്യമിട്ടിരുന്നു. ഇറാന്‍ ഒരു ആണവായുധവും കൈവശം വയ്ക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് അമേരിക്കയും ഇസ്രയേലും മുന്‍പേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇറാന്‍ ഇപ്പോഴും ഇസ്രയേലിനും അയല്‍പക്കത്തുള്ള അറബ് രാജ്യങ്ങള്‍ക്കും നേരെ മിസൈലുകള്‍ തൊടുത്തുവിടുന്നുണ്ട്. കൂടാതെ 440 കിലോഗ്രാം ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സമുദ്ര ഗതാഗത പാതകളെക്കുറിച്ചും ഈ പദ്ധതി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചതു മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള പാശ്ചാത്യ കപ്പലുകളുടെ യാത്ര ഇറാന്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇത് ആഗോള എണ്ണ, പ്രകൃതിവാതക വിതരണത്തെ ബാധിക്കുകയും വില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്തു. നിലവില്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്നതിന്റെ സൂചനകളൊന്നുമില്ല. യുദ്ധം ഇനിയും ആഴ്ചകളോളം തുടരുമെന്നാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. നയതന്ത്ര നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചെങ്കിലും, സൈനിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായുള്ള ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ തടസ്സമില്ലാതെ തുടരുമെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കയ്ക്കും ഇറാനുമിടയിലുള്ള പ്രധാന മധ്യസ്ഥനായി പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ സയ്യിദ് അസിം മുനീറാണ് ഇപ്പോള്‍ രംഗത്തുള്ളത്. ചര്‍ച്ചകളില്‍ പങ്കാളിയാകാന്‍ ഈജിപ്തും തുര്‍ക്കിയും ഇറാനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്‌സുമായി അടുത്ത ബന്ധമുള്ള ഫീല്‍ഡ് മാര്‍ഷല്‍ മുനീറിന് ഇരുപക്ഷവും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്ന് കരുതപ്പെടുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ ആതിഥേയത്വം വഹിക്കാമെന്ന് അദ്ദേഹം ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫിനോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഫീല്‍ഡ് മാര്‍ഷല്‍ മുനീറിനെ തന്റെ ‘പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍’ എന്ന് വിശേഷിപ്പിച്ചിട്ടുള്ള പ്രസിഡന്റ് ട്രംപ്, 2025-ല്‍ അദ്ദേഹവുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. മിഡില്‍ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും വ്യക്തമാക്കി.

അതേസമയം, അമേരിക്കയുടെ ഈ നീക്കത്തോട് പെട്ടെന്ന് പ്രതികരിക്കാന്‍ ഇറാന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. നേരിട്ട് കൂടിക്കാഴ്ച നടത്തിയാല്‍ ഇസ്രയേല്‍ ബോംബിടുമെന്ന ഭയത്താല്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ആഭ്യന്തര ആശയവിനിമയത്തിന് ബുദ്ധിമുട്ടുകയാണ്. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ ടെഹ്റാനിലെ ഇറാനിയന്‍ നേതൃത്വത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് പല മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. നിലവില്‍ നയതന്ത്ര കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ആര്‍ക്കാണെന്നത് ഇപ്പോഴും അവ്യക്തമാണ്. എങ്കിലും, ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നതിലൂടെ ഇറാന്റെ നിലവിലെ ഭരണകൂടത്തെ അധികാരത്തില്‍ തുടരാന്‍ ട്രംപ് അനുവദിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇറാന്റെ ഭരണം മാറ്റണമോ എന്ന കാര്യത്തില്‍ ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.

Content Summary: Trump administration has sent Iran a 15-point plan to end the war in the Middle East

This post was last modified on March 25, 2026 10:11 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment