വിദേശ നയത്തില്‍ ട്രംപ് ഭരണകൂടം കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വിവരം. 10 എംബസികളും 17 കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് രേഖകള്‍ പരിശോധിച്ചതിന് പ്രകാരം ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നയതന്ത്രകാര്യലയങ്ങളില് ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാനും പദ്ധതിയുണ്ട്. വിവിധ വകുപ്പുകളില്‍ ജോലി നോക്കുന്നവരെ ഏകീകരിച്ചുകൊണ്ട് അംഗബലം കുറയ്ക്കാനുള്ള തീരുമാനമാണെന്നും ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തീയതി വച്ചിട്ടില്ലാത്തൊരു ആഭ്യന്തര മെമ്മോയാണ് ന്യൂയോര്‍ക്ക് ടൈംസിന് ലഭിച്ചത്. ഇതില്‍ പറയുന്നത് പ്രകാരം, എംബസികളും കോണ്സുലകളും അടച്ചു പൂട്ടുന്നതും ജീവനക്കാരെ കുറയ്ക്കുന്നതും ആഗോളതലത്തില്‍ അമേരിക്കന്‍ നയതന്ത്ര സാന്നിധ്യം ഗണ്യമായി കുറയ്ക്കുമെന്നാണ് ടൈംസ് പറയുന്നത്. മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ആറ് എംബസികള്‍ ആഫ്രിക്കയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, എറിത്രിയ, ഗാംബിയ, ലെസോത്തോ, റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാന് എന്നിവയാണവ. ഇവിടങ്ങളിലെ നയതന്ത്രകാര്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തുള്ള രാജ്യങ്ങളിലെ എംബസികളിലേക്ക് മാറ്റാനാണ് മെമ്മോയില്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് ടൈംസ് പറയുന്നു. അതുപോലെ യൂറോപ്പിലെ ലക്സംബര്‍ഗിലെയും മാള്‍ട്ടയിലെയും യുഎസ് എംബസികളും ഗ്രനേഡയിലെയും മാലിദ്വീപിലെയും നയതന്ത്ര ദൗത്യങ്ങളും അവസാനിപ്പിക്കാനും മെമ്മോ ശുപാര്‍ശ ചെയ്യുന്നു. ഇവിടങ്ങളിലെ നയതന്ത്ര സാന്നിധ്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുപകരം, ആ ഉത്തരവാദിത്തങ്ങള്‍ അടുത്തുള്ള രാജ്യങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്യുന്ന കോണ്‍സുലേറ്റുകളില്‍ ഭൂരിഭാഗവും യൂറോപ്പിലാണ്. ഇവയില്‍ പലതും അമേരിക്കക്കാര്‍ക്കിടയില്‍ ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ്. കോണ്‍സുലേറ്റുകളില്‍ അഞ്ചെണ്ണം ഫ്രാന്‍സിലാണ്; ബോര്‍ഡോ, ലിയോണ്‍, മാര്‍സെയില്‍സ്, റെന്നസ്, സ്ട്രാസ്ബര്‍ഗ് എന്നിവിടങ്ങളിലുള്ള കോണ്‍സുലേറ്റുകളാണ് പൂട്ടുന്നത്. ജര്‍മ്മനിയിലെ ഡ്യൂസല്ഡോര്ഫിലെയും ലീപ്സിഗിലെയും കോണ്‍സുലേറ്റുകളും പൂട്ടും. മറ്റ് രണ്ടെണ്ണം ബോസ്നിയയിലും ഹെര്സഗോവിനയിലുമുള്ള മോസ്റ്ററും ബഞ്ച ലൂക്കയുമാണ്.
ഗ്രീസിലെ തെസ്സലോനികി, ഇറ്റലിയിലെ ഫ്ലോറന്‍സ്, പോര്‍ച്ചുഗലിലെ പോണ്ട ഡെല്‍ഗഡ, എഡിന്‍ബര്‍ഗ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടാനും മെമ്മോയില്‍ നിര്‍ദ്ദേശമുണ്ട്. യൂറോപ്പിന് പുറത്ത്, കാമറൂണിലെ ഡുവാല, ഇന്തോനേഷ്യയിലെ മേഡന്‍, ദക്ഷിണാഫ്രിക്കയിലെ ഡര്ബന്, ദക്ഷിണ കൊറിയയിലെ ബുസാന്‍ എന്നിവിടങ്ങളിലെ നാല് കോണ്‍സുലേറ്റുകള്‍ കൂടി അടച്ചുപൂട്ടാനും മെമ്മോ ശുപാര്‍ശ ചെയ്യുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
സൊമാലിയയിലെ മൊഗാദിഷുവിലുള്ള യുഎസ് എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനോ അല്ലെങ്കില്‍ അവസാനിപ്പിക്കാനോ നിര്‍ദേശമുണ്ട്. അതുപോലെ ഇറാഖിലെ ബാഗ്ദാദ് നയതന്ത്ര പിന്തുണാ കേന്ദ്രം അടച്ചുപൂട്ടുക, ബാഗ്ദാദിലെയും എര്ബിലിലെയും നയതന്ത്ര പോസ്റ്റുകളിലെ ചെലവ് കുറയ്ക്കുക എന്നിവയും മെമ്മോയിലെ നിര്‍ദ്ദേശങ്ങളാണ്. ജപ്പാന്, കാനഡ തുടങ്ങിയ ഒന്നിലധികം കോണ്‍സുലേറ്റുകളുള്ള രാജ്യങ്ങളില്‍, കോണ്‍സുലാര്‍ പ്രവര്‍ത്തനം ഒരൊറ്റ സ്ഥലത്തായി കേന്ദ്രീകരിക്കാനും മെമ്മോ നിര്‍ദ്ദേശിക്കുന്നുണ്ട്.
നിലവില്‍ യൂറോപ്പില്‍ ചൈനയേക്കാള്‍ നയതന്ത്ര സാന്നിധ്യമുള്ളത് അമേരിക്കയ്ക്കാണ്. എന്നാല്‍ മെമ്മോയില്‍ പറയുന്നതുപോലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെടുകയാണെങ്കില്‍ ചൈനയ്ക്ക് അതിന്റെ ഗുണം കിട്ടും. ആഫ്രിക്കയിലും കിഴക്കന്‍ ഏഷ്യയിലും അമേരിക്ക നയതന്ത്ര സാന്നിധ്യം കൊണ്ട് ചൈനയെക്കാള്‍ പിന്നിലാകും. ഇവിടങ്ങളില്‍ നിലവില്‍ അമേരിക്കന്‍ നയതന്ത്ര ദൗത്യങ്ങളെക്കാള്‍ കൂടുതലായി ചൈനീസ് ദൗത്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിദേശനയം മാറ്റങ്ങളില്‍ പ്രതികരിച്ചുകൊണ്ട് സിഡ്നി ആസ്ഥാനമായുള്ള വിദേശനയ വിദഗ്ധരുടെ ഗ്രൂപ്പായ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വിശകലനം നടത്തുന്നത്.
‘ ആദ്യം അമേരിക്ക’ എന്ന ട്രംപിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെല്ലാം. അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും ആഗോളതലത്തില്‍ ഏര്‍പ്പെടുന്ന സംയുക്ത കരാറുകളില്‍ നിന്നുമെല്ലാം പിന്‍വാങ്ങുകയാണ് ട്രംപിന്റെ ആഗ്രഹം. അതിന്‍പ്രകാരം മാറ്റം വരുത്തുന്ന വിദേശ നയങ്ങളും നയതന്ത്ര കാര്യങ്ങളുടെ അടച്ചുപൂട്ടലുകളും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതേസമയം, അമേരിക്കയുടെ നയം മാറ്റം ഗുണം ചെയ്യുന്നത് ചൈനയ്ക്ക് ആയിരിക്കുമെന്നും അന്താരാഷ്ട്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശ നയതന്ത്രബന്ധങ്ങളില്‍ നിന്നും അമേരിക്ക പിന്മാറിയാല്, ആ ഒഴിവിലേക്ക് ചൈനയുടെ കടന്നു കയറ്റമുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വാഷിംഗ്ടണിന് ബീജിംഗിനെക്കാള്‍ വലിയ സാന്നിധ്യമുള്ള മേഖലകളില്‍ ഉള്‍പ്പെടെ, ലോകത്ത് സുപ്രധാനമായ നയതന്ത്ര ഇടം കണ്ടെത്താന്‍ ബീജിംഗിന് കഴിഞ്ഞേക്കും. രഹസ്യാന്വേഷണ ശേഖരണം ഉള്‍പ്പെടെ അമേരിക്കന്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന മേഖലകളില്‍ വിട്ടുവീഴ്ച ചെയ്യുകയാണ് ട്രംപ് ഭരണകൂടം എന്നാണ് വിമര്‍ശനം. Trump administration is considering plans to close 10 embassies and 17 consulates
Content Summary; Trump administration is considering plans to close 10 embassies and 17 consulates
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.