ഖാര്‍ഗ് പിടിക്കാന്‍ അമേരിക്ക; സൈനിക നീക്കം ഇങ്ങനെയോ?

ദ്വീപില്‍ യുഎസ് സൈന്യമിറങ്ങിയാല്‍ ഇറാനു മുന്നില്‍ രണ്ടു വഴികള്‍

US military plant to seize Kharg island

ഇറാനെ സംബന്ധിച്ച് അവരുടെ നിലനില്‍പ്പിന്റെ ഏറ്റവും തന്ത്രപ്രധാനമായ ഭാഗമാണ് ഖാര്‍ഗ് ദ്വീപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്. അവരുടെ സാമ്പത്തിക നട്ടെല്ല് എന്നു പറയാം. ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടം ഗൗരവമായി ആലോചിക്കുന്നുവെന്നതിലേക്കാണ്. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ഇറാന്റെ സാമ്പത്തിക കേന്ദ്രം നിയന്ത്രണത്തിലാക്കാനും അതുവഴി അവരുമായുള്ള ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടാനുമുള്ള തന്ത്രമായാണ് വാഷിംഗ്ടണ്‍ ഇതിനെ കാണുന്നത്.

അമേരിക്കന്‍ സൈന്യം ഹെലികോപ്റ്ററുകളിലും ടില്‍റ്റ്-റോട്ടര്‍ വിമാനങ്ങളിലുമായി ഖാര്‍ഗ് ദ്വീപില്‍ ഇറങ്ങുന്ന സാഹചര്യം വന്നാല്‍ ഇറാന്‍ ധര്‍മസങ്കടത്തിലാകും. കാരണം, അവര്‍ക്ക് മുന്നില്‍ രണ്ടു വഴികളെ ഉള്ളൂ. ഒന്നുകില്‍ തങ്ങളുടെ എണ്ണ പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ത്തുകൊണ്ട് അമേരിക്കന്‍ സൈന്യത്തെ നേരിടണം, അല്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് അമേരിക്കയ്ക്ക് വിട്ടുകൊടുക്കണം.ഇതില്‍ ഏതുവേണമെന്നതായിരിക്കും ഇറാന്റെ മുന്നിലുള്ള ചോദ്യം. മറുവശത്ത് ഈ ഭീഷണികൊണ്ട് അമേരിക്കയ്ക്ക് കാര്യം കാണാന്‍ സാധിച്ചേക്കാം. എണ്ണ നിലയങ്ങള്‍ നശിപ്പിക്കാതെ തന്നെ ഇറാന്റെ വരുമാനം തടയാം. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാനെ നിര്‍ബന്ധിക്കാനുള്ള ഒരു ഉപാധിയായും ഈ ദ്വീപിനെ അമേരിക്ക ഉപയോഗിച്ചേക്കാം.

പക്ഷേ, ഇതൊന്നും പറയുന്നയത്ര എളുപ്പമാകില്ല. ഇറാന്‍ മണ്ണില്‍ നേരിട്ട് സൈന്യത്തെ ഇറക്കുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ അപകടസാധ്യതയുള്ള കാര്യമാണ്. അമേരിക്കന്‍ സൈനികരെ പ്രതീക്ഷിച്ചിരിക്കുകയാണ് ഇറാന്‍. ശത്രുവിനെ നശിപ്പിക്കാന്‍ അവര്‍ എല്ലാവഴികളും നോക്കും. യുദ്ധം അനിശ്ചിതമായി നീണ്ടുപോകാനും ഇത് കാരണമാകും. ദ്വീപ് പിടിച്ചെടുക്കുക എന്നത് സൈനികമായി നോക്കിയാല്‍ അമേരിക്കയ്ക്ക് അസാധ്യമായ കാര്യമല്ല. എന്നാല്‍, ഇറാന്റെ മിസൈലുകളുടെയും ഡ്രോണുകളുടെയും പരിധിയിലുള്ള ഈ പ്രദേശം ആ സമ്മര്‍ദ്ദങ്ങളെല്ലാം അതിജീവിച്ച് നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണെന്ന് യുഎസിന്റെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നതാണ്.

ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഖാര്‍ഗ് ലക്ഷ്യത്തിനായി ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ മേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ പാരാട്രൂപ്പര്‍മാരെയും മറൈന്‍ എക്‌സ്പെഡിഷണറി യൂണിറ്റുകളെയും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ജപ്പാനില്‍ നിന്നുള്ള യുഎസ്എസ് ട്രിപ്പോളി എന്ന കപ്പലും കാലിഫോര്‍ണിയയില്‍ നിന്നുള്ള യുഎസ്എസ് ബോക്‌സറും മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളും വി-22 ഓസ്പ്രേ വിമാനങ്ങളും ഇവയിലുണ്ട്. ഒരു മറൈന്‍ യൂണിറ്റ് മാത്രം മതിയാകും ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ എന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, ഇറാന്റെ കടുത്ത ആക്രമണങ്ങള്‍ക്കിടയിലായിരിക്കും ഈ ഓപ്പറേഷന്‍ നടക്കുക.

രണ്ട് രീതിയിലാണ് ഈ അധിനിവേശം ആസൂത്രണം ചെയ്യുന്നത്. ഒന്നുകില്‍ ആകാശമാര്‍ഗ്ഗം സൈനികരെ ഇറക്കുക, അല്ലെങ്കില്‍ കടല്‍മാര്‍ഗ്ഗം ബോട്ടുകളില്‍ എത്തി തീരം പിടിച്ചെടുക്കുക. എന്നാല്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കില്‍ അത് അമേരിക്കന്‍ കപ്പലുകള്‍ക്ക് വലിയ ഭീഷണിയാകും. അയല്‍രാജ്യങ്ങളുടെ സഹായത്തോടെ കരമാര്‍ഗ്ഗം സൈന്യത്തെ വിന്യസിക്കുന്നതും പരിഗണനയിലുണ്ട്.

ഖാര്‍ഗ് ദ്വീപിന് പകരമായി ഹോര്‍മുസ് കടലിടുക്കിലെ ലാറെക്, ഖേഷ്ം, ഹോര്‍മുസ് തുടങ്ങിയ തന്ത്രപ്രധാന ദ്വീപുകള്‍ പിടിച്ചെടുക്കുന്ന കാര്യവും അമേരിക്കയുടെ ആലോചനയിലുണ്ട്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരമൊരു സാമ്പത്തിക യുദ്ധം അമേരിക്കന്‍ ജനതയോട് എങ്ങനെ വിശദീകരിക്കും എന്നതും വെല്ലുവിളിയാണ്. അമേരിക്ക ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്താല്‍ ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമോ, അതോ തങ്ങളുടെ എണ്ണ നിലയങ്ങള്‍ സ്വന്തം കൈപ്പടയില്‍ നശിപ്പിച്ച് പ്രതികാരം ചെയ്യുമോ എന്നതും ലോകം ഉറ്റുനോക്കുന്ന കാര്യമാണ്. ഈ ദൗത്യം വിജയിച്ചാല്‍ പോലും യുദ്ധത്തിന്റെ ഗതിയില്‍ അത് എന്ത് മാറ്റമുണ്ടാക്കും എന്ന ചോദ്യം ബാക്കിയാകുന്നു.

Content Summary: The Trump administration is weighing a plan to invade and take control of Iran’s strategic Kharg Island. US-Iran War

This post was last modified on March 26, 2026 3:02 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment