ഹാര്‍വാര്‍ഡ് സര്‍വകലാശാലയെ വരുതിയിലാക്കാന്‍ ട്രംപിന്റെ കടുത്ത നീക്കം. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തവും പാരമ്പര്യവുമുള്ള ഒരു സര്‍വകലാശാലയെ തനിക്ക് വിധേയരാക്കാന്‍ പ്രസിഡന്റ് ട്രംപ് പലതരത്തില്‍ ശ്രമിക്കുന്നുണ്ട്. അതില്‍ വ്യാപക പ്രത്യഘാതമുണ്ടാകാന്‍ സാധ്യതയുള്ള ഒരു അസാധാരണ നീക്കമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്) വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിലൂടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയിരിക്കുകയാണ്. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം, സര്‍വകലാശാലയെ സാരമായി ബാധിക്കും. കാരണം, ഇവിടെ 27 ശതമാനം വിദ്യാര്‍ത്ഥികളും അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ളവരാണ്.
തങ്ങള്‍ക്ക് കീഴ്‌പ്പെട്ടു നില്‍ക്കാത്ത അമേരിക്കയിലെ അക്കാദമിക് സ്ഥാപനങ്ങളെ പ്രതികാര ബുദ്ധിയോടെ എതിര്‍ക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ വാശിയാണ് ഇതും. എന്തായാലും ഈ തീരുമാനം ഹാര്‍വാര്‍ഡും ട്രംപ് ഭരണകൂടവും തമ്മിലുള്ള ഏറ്റുമൂട്ടല്‍ പുതിയൊരു തലത്തിലേക്ക് എത്തിക്കും.
ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി എല്‍ നോയിം ഇറക്കി ഉത്തരവ് പ്രകാരം, ഹാര്‍വാര്‍ഡില്‍ പുതിയതായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിനുള്ള വിലക്ക് ഉടനടി പ്രാബല്യത്തില്‍ വരുത്തിയിരിക്കുകയാണ്. നിലവില്‍ ഹാര്‍വാര്‍ഡില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിയമപരമായ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് നഷ്ടപ്പെടാതിരിക്കണമെങ്കില്‍ മറ്റ് സര്‍വകലാശാലകളിലേക്കോ കോളേജുകളിലേക്കോ മാറണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഹാര്‍വാര്‍ഡും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും തമ്മില്‍ കുറച്ചുകാലമായി തുടരുന്ന തര്‍ക്കത്തിന്റെ ഫലമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കിയിരിക്കുന്ന തീരുമാനത്തിന് പിന്നില്‍. അമേരിക്കയ്ക്ക് പുറത്തുനിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ, ഭരണകൂട വിരുദ്ധ, തീവ്രവാദ ആനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമൊക്കെ സര്‍വകലാശാല അനുവദിക്കുന്നുവെന്നാണ് ആഭ്യന്തര സുരക്ഷ വകുപ്പിന്റെ ആരോപണങ്ങള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അക്രമാസക്തമായ പ്രതിഷേധങ്ങളിലോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന വിദേശ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള രേഖകള്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടും അവ നല്‍കാന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല അധികൃതര്‍ നല്‍കിയില്ലെന്നാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ക്രിസ്റ്റി നോം പുറത്തിറക്കിയൊരു പ്രസ്താവനയില്‍ ആരോപിച്ചിട്ടുള്ളത്.
അമേരിക്കന്‍ വിരുദ്ധരും തീവ്രവാദ അനുകൂലികളുമായ വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍, അമേരിക്കന്‍ പൗരന്മാരെ ശാരീരികമായി ആക്രമിക്കാന്‍ വരെ സര്‍വകലാശാല അധികൃതര്‍ ഒത്താശ ചെയ്‌തെന്നാണ് നോമിന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നത്. ഒരുകാലത്ത് ആദരണീയമായ തരത്തില്‍ പഠന അന്തരീക്ഷം നടന്നിരുന്ന സര്‍വകലാശാലയില്‍, ഇന്നത് തടസപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് സര്‍വകലാശാല മനഃപൂര്‍വ്വം അനുവദിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ക്രിസ്റ്റി നോമിന്റെ മറ്റൊരു ഗുരുതരമായ ആരോപണം, ചൈനയിലെ അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ അംഗങ്ങളെ അതിഥികളായി ഹാര്‍വാര്‍ഡ് അധികൃതര്‍ സ്വീകരിച്ചുവെന്നും അവര്‍ക്ക് പരിശീലനം നല്‍കിയെന്നുമാണ്. എന്നാല്‍ ആരോപണങ്ങള്‍ അല്ലാതെ, അവയെ സാധൂകരിക്കുന്ന ഒരു തെളിവ് പോലും പുറത്തു വിടാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന് കഴിഞ്ഞിട്ടില്ല.
തങ്ങള്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും തെളിവുകളും കൈമാറാന്‍ 72 മണിക്കൂര്‍ സമയമാണ് സര്‍വകലാശാലയ്ക്ക് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയത്. പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരായ സ്വീകരിച്ച അച്ചടക്ക നടപടികളുടെ രേഖകള്‍, വീഡിയോ ദൃശ്യങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍, ശബ്ദരേഖകള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയെ ബാധിക്കുന്നതും, അവരുടെ കൂട്ടം ചേരാനുള്ളതും, അഭിപ്രായ പ്രകടനം നടത്താനുമുള്ള പൗരസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതുമായ കാര്യങ്ങളാണ് ഭരണകൂടം ചെയ്യുന്നത്. ഇതിനെതിരേ ശക്തമായ തന്നെ പ്രതികരിക്കാനാണ് ഹാര്‍വാര്‍ഡ് അധികൃതര്‍ തയ്യാറായിട്ടുള്ളത്.
ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ ‘നിയമവിരുദ്ധം’ എന്നാണ് ഹാര്‍വാര്‍ഡ് വക്താവ് ജേസണ്‍ ന്യൂട്ടണ്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. തങ്ങളുടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ സര്‍വകലാശാല എല്ലാ വഴികളും പിന്തുടരുമെന്നാണ് ന്യൂട്ടണ്‍ ഉറപ്പ് പറയുന്നത്. 140ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അക്കദമീഷ്യന്‍മാരും സര്‍വകലാശാലയുടെ ഭാഗമായുണ്ട്. അവര്‍ സര്‍വകലാശാലയെയും ഈ രാജ്യത്തെയും ഒരുപോലെ സമ്പന്നമാക്കുന്നവരാണ്. അവരെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പാലിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നാണ് ജേസണ്‍ ന്യൂട്ടണ്‍ പ്രസ്താവനയില്‍ പറയുന്നത്.
2024-25 അധ്യയന വര്‍ഷത്തില്‍ ഹാര്‍വാര്‍ഡിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 6,793 ആണ്. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ കണക്കെടുത്താല്‍ ഓരോ അധ്യായന വര്‍ഷവും പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിക്കുന്നുണ്ട്.
നേരത്തെ ഹാര്‍വാര്‍ഡിനുള്ള 2.7 ബില്യണ്‍ ഡോളറിലധികം വരുന്ന ഫെഡറല്‍ ഫണ്ടിംഗ് ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലും സര്‍വകലാശാലയുടെ ഭരണ നയങ്ങളിലും രാഷ്ട്രീയ പ്രേരിതമായ ഇടപെടല്‍ ഹാര്‍വാര്‍ഡ് നടത്തുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. ഇതിനെതിരേ വൈറ്റ് ഹൗസുമായി നിലവില്‍ നിയമയുദ്ധത്തിലാണ് ഹാര്‍വാര്‍ഡ്. Trump Administration Revokes Harvard’s Eligibility to Enroll International Students
Content Summary; Trump Administration Revokes Harvard’s Eligibility to Enroll International Students
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.