ബ്രസീലിന് മേൽ 50 ശതമാനം തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹ്യമാധ്യമം വഴിയാണ് ട്രംപ് ഇക്കാര്യം അറിയിക്കുന്നത്. മുൻ ബ്രസീലിയൻ പ്രസിഡന്റും തീവ്ര വലതുപക്ഷ പ്രവർത്തകനുമായ ജെയർ ബോൾസോനാരോയ്‌ക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടിയിലുള്ള എതിർപ്പിനെ തുടർന്നാണ് ഈ പ്രതികാര നടപടിയെന്നും ട്രംപ് വ്യക്തമാക്കി.
രാജ്യങ്ങളുടെ പേരുകളിലും നിരക്കുകളിലും മാത്രം വ്യത്യാസം വരുത്തിയ കത്തുകളിലൂടെയാണ് ട്രംപ് തന്റെ തീരുവ പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഈ കത്ത് ആരംഭിക്കുന്നത്.
ജെയർ ബോൾസോനാരോയ്‌ക്കെതിരെ രാജ്യം നടത്തുന്നത് മന്ത്രവാദ നടപടികൾ ആണെന്നും ഇത് അന്താരാഷ്ട്രതലത്തിൽ അപമാനം ഉണ്ടാക്കുന്നതായും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് 2023 ജനുവരി 8ന് നടന്ന ഒരു അട്ടിമറി ശ്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബോൾസോനാരോ ഇപ്പോൾ രാജ്യത്തെ സുപ്രീം കോടതിയിൽ വിചാരണ നേരിടുകയാണ്. 2021 ജനുവരി 6ന് യുഎസ് തലസ്ഥാനത്ത് നടന്ന ട്രംപ് അനുകൂല കലാപത്തിന്റെ അതേ രീതിയിൽ തന്നെയായിരുന്നു ബ്രസീലിലെ ഫെഡറൽ ഗവൺമെന്റ് ആസ്ഥാനത്ത് നടന്ന ബോൾസോനാരോ അനുകൂല കലാപം.
അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഏറെ ആദരണീയനായ നേതാവാണ് മുൻ പ്രസിഡന്റ് ബോൾസോനാരോ. ഇദ്ദേഹത്തോട് ബ്രസീൽ പെരുമാറിയ രീതി അന്താരാഷ്ട്രതലത്തിൽ അപമാനകരമാണ്. ഈ വിചാരണ നടക്കാൻ പാടില്ല. ഇത് ഒരു മന്ത്രവാദ വേട്ടയാണ്, അത് ഉടൻ അവസാനിപ്പിക്കണം!”, ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലേത് പോലെ വിചിത്രമായ എഴുത്ത് ശൈലി ഉപയോഗിച്ച് ഔപചാരിക കത്തിൽ എഴുതി. സ്വതന്ത്ര തിരഞ്ഞെടുപ്പുകൾക്കെതിരായ ബ്രസീലിന്റെ വഞ്ചനാപരമായ ആക്രമണങ്ങൾക്കെതിരെയുള്ള പ്രതികരണമായി 2025 ഓഗസ്റ്റ് 1 മുതൽ, അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്കും ഞങ്ങൾ 50 ശതമാനം തീരുവ ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ബോൾസോനാരോയ്‌ക്കെതിരെ കേസെടുത്തതിന് പുറമേ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ബോൾസോനാരോയെ രാജ്യം വിലക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ തീരുമാനത്തെ വിമർശിച്ച ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിനെതിരെയും, ജെഡി വാൻസ് നിക്ഷേപം നടത്തിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ റംബിളിനും ബ്രസീലിയൻ കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പുറമേ ബോൾസോനാരോ അനുകൂലിയായ യുഎസ് പൗരന്റെ യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യാനും ബ്രസീലിയൻ സുപ്രീം കോടതി ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിനെ ച്ചൊല്ലിയുള്ള തർക്കത്തെയും ട്രംപിന്റെ കത്തിൽ പരാമർശിക്കുന്നു.
ബ്രസീലിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനം തീരുവ ചുമത്തുന്നത് രാജ്യത്തിന്റെ മാംസ വ്യവസായത്തിന് തിരിച്ചടിയായേക്കും. എന്നാൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരായ ട്രംപ് നടത്തിയ ആക്രമണം ബ്രസീലിന്റെ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് അനുകൂലമായി തീർന്നേക്കാം. ബോൾസോനാരോയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള ട്രംപിന്റെ കത്തിനെതിരെ വിമർശനങ്ങളുയരുന്നു. ബ്രസീലിന്റെ അവസ്ഥയേക്കാൾ തന്റെ വിചാരണയിൽ ഇളവ് നേടുന്നതിലാണ് ബോൾസോനാരോ പ്രാധാന്യം നൽകിയതെന്നതാണ് പ്രധാന വിമർശനം.
content summary : Trump announces a 50 percentage tariff on Brazil, alleging it’s in response to what he calls a witch hunt targeting Bolsonaro