പരമോന്നത നേതാവാകാന്‍ ഇറാന്‍ ക്ഷണിച്ചു; ഞാന്‍ നിരസിച്ചു

ട്രംപിന്റെ തള്ള് കേട്ട് ഞെട്ടി ലോകം

ഇറാനിലെ ജനങ്ങള്‍ തന്നെ രാജ്യത്തിന്റെ പരമോന്നത നേതാവാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന വിചിത്രമായ അവകാശവാദവുമായി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. വാഷിംഗ്ടണില്‍ നടന്ന നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ഷിക ഫണ്ട് ശേഖരണ പരിപാടിയിലായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം. എന്നാല്‍ തനിക്ക് ആ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

”ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം ഇറാന്റെ അടുത്ത പരമോന്നത നേതാവാകാനുള്ള ക്ഷണം ടെഹ്റാന്‍ നേതൃത്വം അനൗപചാരികമായി മുന്നോട്ടുവെച്ചുവെന്ന് ട്രംപ് അവകാശപ്പെടുന്നു. ”നിങ്ങളെ അടുത്ത പരമോന്നത നേതാവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ എനിക്കത് വേണ്ട, നന്ദി,” ട്രംപ് പറഞ്ഞു.

ഇറാന്‍ ഭരണകൂടം നിലവില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ സ്വന്തം ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധത്തെ ഭയന്നാണ് അവര്‍ ഇത് പരസ്യമായി സമ്മതിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ മൊജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി ഇറാന്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന അധികാര ശൂന്യതയും അസ്ഥിരതയും കാരണം നേതൃത്വം സമ്മര്‍ദ്ദത്തിലാണെന്നാണ് ട്രംപിന്റെ വാദം.

ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിയ ഇറാന്‍ സര്‍ക്കാര്‍ ഔദ്യോഗിക ചാനലായ പ്രസ് ടിവി വഴി തങ്ങളുടെ നിലപാട് വ്യക്തമാക്കി. കൂടാതെ സമാധാന ചര്‍ച്ചകള്‍ക്കായി അഞ്ചിന ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടുന്നത് മുതല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വരെ നീളുന്ന വിപുലമായ ആവശ്യങ്ങളാണ് ഇറാന്‍ ഉന്നയിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണമായും അടച്ചുപൂട്ടണം, യുദ്ധകാലത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അമേരിക്ക സാമ്പത്തികമായി നഷ്ടപരിഹാരം നല്‍കണം, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ഇറാന് അനുമതി നല്‍കുന്ന പുതിയ നിയമം നിലവില്‍ വരണം, രാജ്യത്തിന് മേലുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യണം, ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേലിന്റെ സൈനിക പ്രചാരണം അവസാനിപ്പിക്കണം എന്നിവയാണ്.

ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളും ഇസ്രയേലിന്റെ തുടര്‍ച്ചയായ ബോംബാക്രമണങ്ങളും മേഖലയെ കലുഷിതമാക്കിയിരിക്കുകയാണ്. ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ വാദങ്ങള്‍ക്കിടയിലും, തങ്ങള്‍ പിന്മാറാന്‍ തയ്യാറല്ലെന്ന സൂചനയാണ് ടെഹ്റാന്‍ നല്‍കുന്നത്. ട്രംപിന്റെ പ്രസ്താവനകള്‍ അമേരിക്കന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

Content Summary: Trump claims Iran asked him to be its next supreme leader

This post was last modified on March 26, 2026 4:46 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment