June 04, 2026 |
Share on

ഇറാനില്‍ നിന്ന് യുറേനിയം പിടിച്ചെടുക്കാന്‍ ട്രംപ്; അപകടകരമായ ദൗത്യമെന്ന് മുന്നറിപ്പ്

ഇറാനെ ആണവ മുക്തമാക്കുക എന്ന തന്റെ പ്രധാന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഈ നീക്കം അനിവാര്യമാണെന്ന് ട്രംപ് കരുതുന്നു

ഇറാനില്‍ നിന്ന് ഏകദേശം 1,000 പൗണ്ട് യുറേനിയം പുറത്തെടുക്കുന്ന അതിസങ്കീര്‍ണ്ണവും അപകടകരവുമായ ഒരു സൈനിക നീക്കത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയ ഇക്കാര്യം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ഉദ്യമം വിജയിച്ചാല്‍ ഇറാന്റെ ആണവായുധ മോഹങ്ങള്‍ക്ക് എന്നെന്നേക്കുമായി അന്ത്യം കുറിക്കാന്‍ കഴിയുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അമേരിക്കന്‍ സൈനികര്‍ ദിവസങ്ങളോളം ഇറാന്റെ മണ്ണില്‍ തങ്ങേണ്ടി വരുന്ന ഈ ദൗത്യം വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ദൗത്യം നടപ്പിലാക്കുന്ന കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. സൈനികരുടെ സുരക്ഷയെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനാണെങ്കിലും, ഇറാനെ ആണവ മുക്തമാക്കുക എന്ന തന്റെ പ്രധാന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഈ നീക്കം അനിവാര്യമാണെന്ന് അദ്ദേഹം കരുതുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനയായി യുറേനിയം കൈമാറാന്‍ ഇറാനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അദ്ദേഹം ഉപദേശകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാന ചര്‍ച്ചകളിലൂടെ ഇറാന്‍ ഇത് നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കുമെന്ന കര്‍ശന നിലപാടിലാണ് ട്രംപ്.

‘ഇറാന്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം, ഇല്ലെങ്കില്‍ അവര്‍ക്ക് ഒരു രാജ്യം തന്നെ അവശേഷിക്കില്ല’ എന്ന് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇറാന്റെ കൈവശമുള്ള യുറേനിയത്തെ ‘ന്യൂക്ലിയര്‍ ഡസ്റ്റ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അത് തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. ഐഎസ്എഫ്എ കണക്കുകള്‍ പ്രകാരം ഇറാന്റെ പക്കല്‍ 400 കിലോയോളം അതീവ സമ്പുഷ്ട യുറേനിയവും (60%), 200 കിലോയോളം ഫിസ്സൈല്‍ മെറ്റീരിയലുമുണ്ട്. ഇവ എളുപ്പത്തില്‍ ആണവായുധ ഗ്രേഡിലേക്ക് മാറ്റാന്‍ സാധിക്കുന്നവയാണ്. ഇസ്ഫഹാനിലെ തുരങ്കങ്ങളിലും നടാന്‍സിലുമാണ് ഈ ശേഖരമുള്ളതെന്നാണ് കരുതപ്പെടുന്നത്.

ഈ ദൗത്യം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണെന്ന് സൈനിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും അതിജീവിച്ച് യുഎസ് സൈനികര്‍ ഇറാനില്‍ ഇറങ്ങേണ്ടി വരും. അവിടെ ഖനന ഉപകരണങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് യുറേനിയം കണ്ടെത്തണം. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച എലൈറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീം തന്നെ ഇതിന് വേണ്ടിവരും. ഈ പദാര്‍ത്ഥങ്ങള്‍ സുരക്ഷിതമായി മാറ്റാന്‍ പ്രത്യേക സിലിണ്ടറുകളും ട്രക്കുകളും ആവശ്യമാണ്. ഒരു വിമാനത്താവളം സജ്ജീകരിച്ച് ഉപകരണങ്ങള്‍ എത്തിക്കാനും യുറേനിയം പുറത്തെടുക്കാനും കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് മുന്‍ സൈനിക മേധാവികളുടെ വിലയിരുത്തല്‍.

നിലവില്‍ പാകിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വഴി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ഏപ്രില്‍ പകുതിയോടെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്തരമൊരു സൈനിക നീക്കം യുദ്ധം നീണ്ടുപോകാന്‍ കാരണമായേക്കും. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഇറാന്‍ യുറേനിയം സ്വമേധയാ കൈമാറുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ അതിന് തയ്യാറായില്ലെങ്കില്‍ സൈനികമായ നീക്കങ്ങളുള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും അമേരിക്കയുടെ മുന്നിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Content Summary: US President Donald Trump is weighing military operation to extract Uranium from Iran, Officials warns risky operation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×