UPDATES

വിദേശം

മുസ്ലിങ്ങള്‍ക്കെതിരേയുള്ള നിലപാടില്‍ മാറ്റമൊന്നുമില്ലെന്നു ട്രംപ്

മുസ്ലിങ്ങള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് താത്കാലികമായി നിരോധിക്കണമെന്നും രാജ്യത്ത് ഇപ്പോഴുള്ള മുസ്ലിങ്ങളുടെ കണക്കെടുക്കണമെന്നും ട്രംപ് വളരെ കാലമായി വാദിച്ചുകൊണ്ടിരിക്കുകയാണ്

                       

അമേരിക്കയിലുള്ള മുസ്ലിങ്ങളുടെ പട്ടിക തയ്യാറാക്കാനും താത്കാലികമായി മുസ്ലിം കുടിയേറ്റക്കാരെ നിരോധിക്കാനുമുള്ള പദ്ധതികളില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉറച്ചുനില്‍ക്കുകയാണെന്ന സൂചനകളാണ് വരുന്നത്.

ബര്‍ലിനില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം പുനഃപരിശോധിക്കാനോ പുനരവലോകനം ചെയ്യാനോ ഉദ്ദേശമുണ്ടോ എന്ന് ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ വച്ച് ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോകാനുള്ള ഒരു സൂചനയും ട്രംപ് നല്‍കിയില്ല.
‘എന്റെ നയങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്ത ബര്‍ലിനിലെ ക്രിസ്തുമസ് ചന്തയില്‍ നടന്ന ആക്രമണം തന്റെ വാദങ്ങളെ ന്യായീകരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 പേരെ കൊല്ലുകയും ഒരു ഡസനോളം ആളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ആക്രമണത്തിന്റെ പിന്നില്‍ ഇസ്ലാമിക് ഭീകരരുമായി ബന്ധമുണ്ടായിരുന്ന ടുണീഷ്യയില്‍ നിന്നുള്ള ഒരു 24കാരനെയാണ് ജര്‍മ്മന്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

‘എന്റെ ഭാഗം ശരിയാണെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. നൂറ് ശതമാനവും,’ എന്നാണ് ട്രംപ് പറഞ്ഞത്. ‘ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അപമാനകരമാണ്.’

മുസ്ലിങ്ങള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് താത്കാലികമായി നിരോധിക്കണമെന്നും രാജ്യത്ത് ഇപ്പോഴുള്ള മുസ്ലിങ്ങളുടെ കണക്കെടുക്കണമെന്നും ട്രംപ് വളരെ കാലമായി വാദിച്ചുകൊണ്ടിരിക്കുകയാണ്.

‘എന്താണ് സംഭവിക്കുന്നതെന്ന് നമ്മുടെ രാജ്യത്തിലെ ജനപ്രതിനിധികള്‍ക്ക് കൃത്യമായി കണക്കാക്കാന്‍ സാധിക്കുന്നത് വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് മുസ്ലീങ്ങള്‍ പ്രവേശിക്കുന്നത് സമ്പൂര്‍ണമായും ആത്യന്തികമായും തടയണം,’ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു വര്‍ഷം മുമ്പ് നടത്തിയ ഒരു പ്രഖ്യാപനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

ഈ നിര്‍ദ്ദേശത്തെ അന്ന് റിപബ്ലിക്കന്മാരും ഡെമോക്രാറ്റുകളും ഒരുപോലെ എതിര്‍ത്തിരുന്നു. ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിരോധിക്കുന്നതിനെ മാത്രമേ ട്രംപ് പിന്തുണയ്ക്കൂ എന്ന വാദം ഉന്നയിച്ചുകൊണ്ട് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകരും അനുയായികളും ഈ വാദത്തെ മൃദുലമാക്കാന്‍ ശ്രമിച്ചിരുന്നു.

പക്ഷെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിവക്ഷിച്ചിരുന്നതില്‍ നിന്നും തന്റെ നയങ്ങള്‍ വ്യതിചലിക്കില്ല എന്നാണ് നിലപാടുകള്‍ വ്യക്തമാക്കാന്‍ കിട്ടിയ അവസരത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. മുസ്ലിം കുടിയേറ്റം ‘സമ്പൂര്‍ണമായി’ അവസാനിപ്പിക്കുമെന്ന വാദം ട്രംപിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും നിലനില്‍ക്കുമ്പോഴും പ്രസിഡന്റ് എന്ന നിലയില്‍ ഈ പ്രശ്‌നത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല.
പ്രസിഡന്റ് ബാരക് ഒബാമയുമായി രണ്ടു വര്‍ഷം മുമ്പാണ് അവസാനമായി സംസാരിച്ചതെന്ന് മാര്‍-എ-ലാഗോയ്ക്ക് പുറത്തുവച്ച് ചില മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച് മറ്റ് ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ബര്‍ലിന്‍ ആക്രമണം ക്രിസ്ത്യാനികള്‍ക്ക് എതിരാണെന്ന പ്രചാരണത്തില്‍ ഉള്ള പ്രതികരണവും അദ്ദേഹത്തോട് ആരായപ്പെട്ടു.

‘അവരുടെ ആഗോള ജിഹാദിന്റെ ഭാഗമായി ക്രിസ്ത്യാനികളെയും അവര്‍ ജീവിക്കുന്ന പ്രദേശങ്ങളിലുള്ള അവരുടെ ആരാധനാലയങ്ങളെയും തുടര്‍ച്ചയായി ആക്രമിക്കുകയാണ് ഐഎസ്‌ഐഎസ് ചെയ്യുന്നത്,’ എന്ന് ബര്‍ലിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറക്കിയ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞിരുന്നു.

പക്ഷെ തന്റെ പേരില്‍ പുറത്തുവന്ന പ്രസ്താവനയെ കുറിച്ച് അജ്ഞത നടിച്ചാണ് ട്രംപ് പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്.

വിശദീകരണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകനോട് ‘അങ്ങനെ ആരു പറഞ്ഞു?’ എന്ന മറുചോദ്യമാണ് ട്രംപ് ചോദിച്ചത്. ‘അത് മാനവികതയ്‌ക്കെതിരായ ആക്രമണമാണ്. അതാണത്. മാനവികതയ്‌ക്കെതിരായ ആക്രമണം. അത് തടയപ്പെടുക തന്നെ ചെയ്യണം.’

Share on

മറ്റുവാര്‍ത്തകള്‍