December 13, 2024 |

ട്രംപ് പറയുന്ന കെട്ടുകഥകള്‍

ജനാധിപത്യത്തിന് ആവശ്യം കെട്ടുകഥകളില്‍ നിന്നു വസ്തുതകള്‍ തിരിച്ചറിയുന്ന പൗരനെയാണ്

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍, ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ കുറിച്ചു ഒരു ചിത്രം വരിച്ചിടാന്‍ ശ്രമിക്കാറുണ്ട്. കേള്‍വിക്കാരെ ഭയപ്പെടുത്തും. എന്നാല്‍ അടിസ്ഥാനമില്ലാത്ത കെട്ടുകഥകളാണവയെന്നതാണ് യാഥാര്‍ത്ഥ്യം.

മാതാപിതാക്കളുടെ സമ്മതമില്ലാതെ സ്‌കൂളുകള്‍ കുട്ടികളെ രഹസ്യമായി ലിംഗഭേദ ശസ്ത്രക്രിയകള്‍ക്ക് വിധേയരാക്കുന്നു, അനധികൃത കുടിയേറ്റക്കാര്‍ പട്ടണങ്ങളും നഗരങ്ങളും കൈയടക്കുന്നു, തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടക്കുന്നു എന്നൊക്കെയാണ് ട്രംപ് സ്ഥാപിച്ചെടുക്കാന്‍ നോക്കുന്നത്. രാജ്യം എക്കാലത്തെയും ഉയര്‍ന്ന പണപ്പെരുപ്പത്തില്‍ വീണു കിടക്കുകയാണെന്നതാണ് മറ്റൊരു കഥ. തട്ടിപ്പ് കാണിച്ച ജയിച്ചയാളാണ് ഓവല്‍ ഓഫിസില്‍(അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫിസ്) ഇരിക്കുന്നതെന്നാണ് ആക്ഷേപം. ഈ പറയുന്നതിലൊന്നും അടിസ്ഥാനമോ, അല്ലെങ്കില്‍ തെളിവുകളോ ഇല്ലെന്നതാണ് പൊള്ളയായ വാചകമടിയാണ് ട്രംപ് നടത്തുന്നതെന്ന ആക്ഷേപത്തിന് കാരണം.

തുടര്‍ച്ചയായ മൂന്നാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയായിരിക്കുന്ന ട്രംപ് തുടര്‍ച്ചയായി തന്റെ പ്രചാരണങ്ങളില്‍ നുണകള്‍ ആവര്‍ത്തിക്കുകയാണ്. അതിശയോക്തി കലര്‍ന്ന സ്ഥിതിവിവരക്കണക്കുകള്‍, വളച്ചൊടിച്ച രേഖകള്‍, തെറ്റായ നുണകള്‍ എന്നിവയാണ് ട്രംപിന്റെ കെട്ടുകഥകളില്‍ ഉള്‍പ്പെടുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ കാണിച്ച അതേ രീതിയാണ് ഇത്തവണയും പ്രയോഗിക്കുന്നത്. മുന്‍പ് പറഞ്ഞതിനെക്കാള്‍ വലുതായി ഇത്തവണയും ഇല്ലാക്കഥകളും വസ്തുതയില്ലാത്ത കാര്യങ്ങളും വിളിച്ചു പറയുകയാണ്. അദ്ദേഹത്തിന് മുമ്പ് ഒരു പ്രസിഡന്റും ഇത്ര ആവേശത്തോടെ ഇല്ലാക്കാര്യങ്ങളോ കള്ളങ്ങളോ പറഞ്ഞിട്ടില്ലെന്ന് ചരിത്രകാരന്മാര്‍ ഉറപ്പിച്ചു പറയുന്നു. സിഎന്‍എന്‍ പ്രസിഡന്‍ഷ്യല്‍ ചരിത്രകാരനായ തിമോത്തി നഫ്താലിയുടെ അഭിപ്രായത്തില്‍, ട്രംപ് കേവലം സത്യത്തെ മറയ്ക്കുക മാത്രമല്ല, സജീവമായി ഒരു ‘വേറിട്ട യാഥാര്‍ത്ഥ്യം’ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. വലിയ നുണകള്‍ ചെറിയ അതിശയോക്തികളേക്കാള്‍ ശക്തമായ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം മനസ്സിലാക്കി വച്ചിരിക്കുകയാണ്, ഈ പാതയാണ് അദ്ദേഹം പൂര്‍ണമായും സ്വീകരിച്ചിരിക്കുന്നതും.

വലുതും ചെറുതുമായ നുണകള്‍
പ്രധാനപ്പെട്ട നയപരമായ കാര്യങ്ങളിലായാലും നിസ്സാരമായ കാര്യങ്ങളിലായാലും ട്രംപ് നുണ പറയുകയാണ്. കുടിയേറ്റത്തിനെതിരേയുള്ള ട്രംപിന്റെ ആവേശം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുത്തിടെ നടന്ന ഒരു സംവാദത്തില്‍, ഹെയ്തിയന്‍ കുടിയേറ്റക്കാര്‍ ഒഹായോ നഗരത്തിലെ താമസക്കാരുടെ വളര്‍ത്തുമൃഗങ്ങളെ കൊന്നു തിന്നുന്നുവെന്നായിരുന്നു ആരോപണം. കോംഗോയില്‍ നിന്നുള്ള തടവുകാരെ യുഎസിലേക്ക് അയച്ചതിന്റെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഫെമ ഫണ്ട് കുടിയേറ്റക്കാര്‍ക്കായി ദുരുപയോഗം ചെയ്തുവെന്നുതും ട്രംപിന്റെ കഥകളായിരുന്നു. ഈ രണ്ട് ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമായിരുന്നു.

ട്രംപിന്റെ സാമ്പത്തിക അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഉദ്ദാഹരണത്തിന്, ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേല്‍ ചുമത്തുന്ന നിര്‍ദ്ദേശിത താരിഫ് വിദേശ രാജ്യങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നാണ് ട്രംപ് ആവര്‍ത്തിച്ചു പറയുന്ന ഉറപ്പ്. എന്നാല്‍ ഈ വകയില്‍ വരുന്ന ചെലവുകള്‍ ആത്യന്തികമായി അമേരിക്കന്‍ ഉപഭോക്താക്കളുടെ മേലാണ് പതിക്കുന്നതെന്ന യഥാര്‍ത്ഥ്യം അദ്ദേഹം ഒരിടത്തും പരാമര്‍ശിക്കുന്നില്ല. ചരിത്രം തിരുത്തിയെഴുതാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള തന്റെ മുന്നറിയിപ്പുകളെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകള്‍ ഉള്‍പ്പെടുന്നുണ്ട്. വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഹിലരി ക്ലിന്റനെ തടവിലാക്കാന്‍ താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. മാത്രമല്ല, നുണ പറയാനുള്ള ട്രംപിന്റെ താല്‍പ്പര്യം നിസ്സാരകാര്യങ്ങളില്‍പ്പോലുമുണ്ട്, അപ്രസക്തമായ കാര്യങ്ങള്‍ ആണെങ്കില്‍ പോലും അത്തരം നുണകള്‍ പറഞ്ഞ് തനിക്ക് മേന്മ അവകാശപ്പെടാനാണ് ട്രംപ് ശ്രമിക്കുന്നത്. ‘ദി ഓപ്ര വിന്‍ഫ്രെ ഷോ’ യില്‍ പങ്കെടുത്ത് പറഞ്ഞത്, തന്റെ രാഷ്ട്രീയ പ്രവര്‍ത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മിഷിഗണില്‍ വച്ച് ഒരു പുരസ്‌കാരം കിട്ടിയിട്ടുണ്ടെന്നാണ്. വാസ്തവത്തില്‍ അങ്ങനെയൊരു പുരസ്‌കാരവും ട്രംപിന് കിട്ടിയിട്ടില്ല.

അസത്യങ്ങളോടുള്ള താത്പര്യം
ട്രംപിന്റെ കെട്ടുകഥകള്‍ അദ്ദേഹത്തിന് പിന്തുണക്കാരെ കൂട്ടിയിട്ടുണ്ടെങ്കിലും അതൊരിക്കലും തെരഞ്ഞെടുപ്പു വിജയത്തിന് സഹായകമായിട്ടില്ല; കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്. വോട്ടര്‍മാരില്‍ നല്ലൊരു ശതമാനം അദ്ദേഹത്തെ സത്യസന്ധതയില്ലാത്തവനായാണ് കാണുന്നതെന്നാണ് സര്‍വേകള്‍ ആവര്‍ത്തിച്ചു പറയുന്നത്. ട്രംപിനെപോലെ യുഎസ് രാഷ്ട്രീയത്തിലെ പ്രധാനികള്‍ ആരും തന്നെ, അത് റിപ്പബ്ലിക്കനോ ഡെമോക്രാറ്റോ ആകട്ടെ-ഇത്തരം കല്ലുവച്ച നുണകള്‍ പറയാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പറയാറില്ലെന്നല്ല, ട്രംപുമായി താരതമ്യം ചെയ്യുമ്പോള്‍ അതെല്ലാം തുലോം തുച്ഛമാണ്.

ബൈഡനോ കമലയോ ആഴ്ചകള്‍ കൊണ്ടു നടത്തുന്ന തെറ്റായ അവകാശവാദങ്ങള്‍ ട്രംപ് ഒരൊറ്റ റാലിയില്‍ പറഞ്ഞു കളയും. ഈ നുണകള്‍ തുറന്നു കാട്ടാന്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്, എന്നാല്‍ ട്രംപിന്റെ പ്രസംഗങ്ങള്‍ അവര്‍ യാതൊരുവിധ ക്രോസ് ചെക്കിംഗിനും വിധേയമാക്കുന്നില്ല, അദ്ദേഹം പറയുന്ന അസത്യങ്ങളെ മാധ്യമങ്ങള്‍ പിന്തുണയ്ക്കുകയാണ് പലപ്പോഴും.

മാധ്യമങ്ങളുടെ ഉത്തരവാദിത്തം
ഒരു ദശാബ്ദത്തോളമായി, സിഎന്‍എന്‍ ചെയ്തതുപോലെ, അവരുടെ രാഷ്ട്രീയ കവറേജില്‍ വസ്തുതാ പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുകയാണ് എല്ലാ മാധ്യമ സ്ഥാപനങ്ങളും ചെയ്യേണ്ടത്. ചില മാധ്യമങ്ങള്‍ മാത്രമാണ് ട്രംപിന്റെ നുണകള്‍ പൊളിക്കുന്നത്. ‘വളര്‍ത്തുമൃഗങ്ങളെ തിന്നുന്നു’ എന്നൊക്കെയുള്ള കെട്ടിച്ചമച്ച കഥകളൊക്കെ അത്തരത്തില്‍ തകര്‍ത്തിരുന്നു. എന്നാല്‍ ഭൂരിഭാഗവും ശരിയേത് തെറ്റേതെന്നു നോക്കാതെ ട്രംപിന്റെ പ്രസംഗങ്ങള്‍ അതുപോലെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.

ഒരു വ്യക്തിയുടെ സത്യസന്ധതയില്ലായ്മ, അവരെക്കുറിച്ചുണ്ടാകുന്ന ഏതൊരു മതിപ്പിനെയും ഇല്ലാതാക്കുന്നതാണ്. അതുപോലെ, ട്രംപ് അമേരിക്കന്‍ പൊതുജനങ്ങളോട് സംസാരിക്കുമ്പോള്‍, അദ്ദേഹം ആവര്‍ത്തിക്കുന്ന പതിവ് നുണകള്‍ മാധ്യമങ്ങള്‍ എടുത്തു പറയുക തന്നെ വേണം.

വസ്തുതയോടുള്ള ട്രംപിന്റെ പ്രതികരണം
വസ്തുതപരിശോധനയോടുള്ള ട്രംപിന്റെ പ്രതികരണങ്ങള്‍ അദ്ദേഹത്തിനെതിരായ പരാതികള്‍ ശരിവയ്ക്കുന്ന തരത്തിലാണ്. തങ്ങളുടെ നേട്ടത്തിനായി കാര്യങ്ങള്‍ വളച്ചൊടിക്കാനാണ് ട്രംപിന്റെ ടീം എപ്പോഴും ശ്രമിക്കുന്നത്. അവര്‍ സത്യത്തെ പൂര്‍ണമായി അവഗണിക്കുകയും വിശ്വസനീയമായ വാദങ്ങള്‍ നിരത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്യുകയാണ്. അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ പലപ്പോഴും തെറ്റാണെന്ന് തെളിയിക്കപ്പെടുമ്പോഴും നിസ്സംഗത പുലര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ വാചാടോപം വലിയ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. മാധ്യമങ്ങള്‍ നുണകള്‍ പൊളിച്ചാലും തന്റെ അനുയായികള്‍ താന്‍ പറഞ്ഞ നുണകള്‍ വിശ്വസിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍, മറ്റ് രാജ്യങ്ങളില്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് യുഎസിലേക്ക് കുടിയേറുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍, ഈയൊരു അവസ്ഥ കാലങ്ങളായി നിലനില്‍ക്കുന്നുവെന്നും ട്രംപിന്റെ ഭരണകാലത്തും ഇതൊക്കെ നടന്നിരുന്നുവെന്നും രേഖകള്‍ സഹിതം പുറത്തു വന്നിട്ടും താന്റെ വാദം തിരുത്താന്‍ അദ്ദേഹം തയ്യാറായില്ലെന്നു മാത്രമല്ല, അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ഇന്നത്തെ അമേരിക്കയുടെ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്ന സാങ്കല്‍പ്പിക കഥകളുടെയും കൃത്രിമത്വത്തിന്റെയും അപകടകരമായ മിശ്രിതമാണ് ട്രംപിന്റെ പ്രചാരണങ്ങള്‍. ഈ നുണകളില്‍ അദ്ദേഹം അഭിരമിക്കുമ്പോള്‍, ട്രംപ് പറയുന്ന അസത്യങ്ങള്‍ തങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് വിളിച്ചു പറയേണ്ടത് മാധ്യമങ്ങളുടെയും വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണ്. ജനാധിപത്യത്തിന് ആവശ്യം കെട്ടുകഥകളില്‍ നിന്നു വസ്തുതകള്‍ തിരിച്ചറിയുന്ന പൗരനെയാണ്.

×