ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്കയായി പുനർനാമകരണം ചെയ്യാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്. മാത്രമല്ല, ഫെബ്രുവരി 9, ഗൾഫ് ഓഫ് അമേരിക്ക ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. പുനർനാമകരണം ചെയ്യാനുള്ള തീരുമാനം അമേരിക്കയുടെ അഭിമാനം വീണ്ടെടുക്കുന്നതിന് സഹായിക്കുമെന്ന് ഉത്തരവ് ഒപ്പുവെച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു.
ന്യൂ ഓർലിയാൻസിലെ സൂപ്പർ ബൗളിലേക്കുള്ള യാത്രാമധ്യേ, അന്താരാഷ്ട്ര ജലപാതയ്ക്ക് മുകളിലൂടെ എയർഫോഴ്‌സ് വൺ കടന്നുപോയപ്പോൾ, ആദ്യമായി പുനർനാമകരണം ചെയ്യപ്പെട്ട ഗൾഫ് ഓഫ് അമേരിക്കയ്ക്ക് മുകളിലൂടെ കടന്നുപോയതായി വൈറ്റ് ഹൗസ് വെബ്സൈറ്റിൽ കുറിച്ചു. ഞങ്ങൾ ഇപ്പോൾ ഗൾഫ് ഓഫ് അമേരിക്കയുടെ മുകളിലൂടെ പറക്കുകയാണ്. പേരുമാറ്റിയതിനുശേഷം അമേരിക്കൻ ഉൾക്കടലിലേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിതെന്നും ഇത് ഏറ്റവും ഉചിതമായ സമയമാമെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് വെബ്സൈറ്റിൽ പറയുന്നു.
വൈറ്റ് ഹൗസ് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത് എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം ചെയ്തയിടത്തെ ടെക്സസ്, ലൂസിയാന, മിസിസിപ്പി, അലബാമ, ഫ്ലോറിഡ എന്നിവയുമായി അതിർത്തി പങ്കിടുകയും മെക്സിക്കോ, ക്യൂബ അതിർത്തി വരെ വ്യാപിച്ചുകിടക്കുകയും ചെയ്യുന്ന തീരദേശ പ്രദേശമായാണ് യുഎസ് കണക്കാക്കുന്നത്. മുമ്പ് ഈ പ്രദേശം മെക്സിക്കോ ഉൾക്കടൽ എന്നാണ് വിളിച്ചിരുന്നത്.
30 ദിവസത്തിനുള്ളിൽ പുനർനാമകരണ പ്രക്രിയ പൂർത്തിയാക്കാൻ യുഎസ് ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗമിന് നിർദേശവും നൽകിയിട്ടുണ്ട്. യുഎസ് കോസ്റ്റ് ഗാർഡ് ഗൾഫ് ഓഫ് അമേരിക്ക എന്ന പുതിയ പേര് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെ മഹത്വപൂർണമായ ചരിത്രത്തിൽ എന്റെ ഭരണകൂടം അമേരിക്കയുടെ അഭിമാനം പുനസ്ഥാപിക്കുമ്പോൾ നമ്മുടെ രാഷ്ട്രം ഒത്തുചേർന്ന് ഈ സുപ്രധാന നിമിഷം ആഘോഷിക്കുന്നത് ഉചിതമാണ്, ട്രംപ് പ്രഖ്യാപനത്തിൽ പറഞ്ഞു.
അതിനാൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായ ഞാൻ, ഡൊണാൾഡ് ജെ. ട്രംപ്, ഭരണഘടനയും അമേരിക്കൻ നിയമങ്ങളും എനിക്ക് നൽകിയിട്ടുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിൽ, 2025 ഫെബ്രുവരി 9, അമേരിക്ക ഗൾഫ് ദിനമായി ഇതിനാൽ പ്രഖ്യാപിക്കുന്നുവെന്നും ട്രംപ് പ്രഖ്യാപനത്തിൽ പറഞ്ഞു. ഉചിതമായ പരിപാടികൾ, ചടങ്ങുകൾ, പ്രവർത്തനങ്ങൾ എന്നിവയോടെ ഈ ദിനം ആചരിക്കാൻ ഉദ്യോഗസ്ഥരോടും അമേരിക്കയിലെ എല്ലാ ജനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Content Summary: Trump renames the ‘Gulf of Mexico’ to the ‘Gulf of America
Gulf of America White House