പ്രതിഷേധക്കാരുടെ ആക്രമണത്തിൽ നിന്ന് ലോസ് ആഞ്ചൽസിനെ മോചിപ്പാക്കാനാണ് നാഷണൽ ഗാർഡിനെയും യു എസ് മറീന്‍സിനെയും വിന്യസിച്ചതെന്ന വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അതിന് മറുപടിയായി തങ്ങൾക്ക് അത് ആവശ്യമില്ലെന്ന് ലിറ്റിൽ ടോക്കിയോയിലെ നിവാസികൾ അറിയിച്ചതായി റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
സൈന്യത്തിനെ വിന്യസിക്കാനുള്ള ട്രംപിന്റെ തീരുമാനം പ്രതിഷേധം ആളിക്കത്തിക്കുകയാണ് ചെയ്തതെന്ന് ടോക്കിയോയിലെ ജനങ്ങൾ പറഞ്ഞു. ട്രംപിന്റെ നടപടികൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിപ്പിച്ചത് പ്രതിഷേധക്കാരെ ചൊടിപ്പിക്കുകയായിരുന്നു. നമ്മുടെ സമൂഹത്തിനെ സംരക്ഷിക്കാൻ ട്രംപ് ഭരണകൂടം ഒന്നും തന്നെ ചെയ്യുന്നില്ല, ലിറ്റിൽ ടോക്കിയോയിൽ താമസിക്കുന്ന സുലീറ്റി ഹവിലി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ലോസ് ആഞ്ചൽസ് നിവാസികളുടെയും പ്രാദേശിക നേതാക്കളുടെയും താൽപര്യത്തിന് വിരുദ്ധമായിട്ടാണ് ട്രംപ് അന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത്. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഐസിഇയുടെ (ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ്) റെയ്ഡുകൾ എന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. ശരിയായ രേഖകൾ ഇല്ലാത്തതിനാൽ അവരെ കുറ്റവാളികൾ എന്ന് വിളിക്കുന്നു. എന്നാൽ ഇത് സാധാരണക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. റെയ്ഡുകൾ മൂലമുണ്ടായ പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുകയാണ് ട്രംപ് ചെയ്തതെന്നും ഹവിലി കൂട്ടിച്ചേർത്തു.
ജാപ്പനീസ് കടകൾക്കും സുഷി റെസ്റ്റോറന്റുകൾക്കും പേരുകേട്ട സ്ഥലമാണ് ലിറ്റിൽ ടോക്കിയോ. തുടർച്ചയായി അഞ്ച് രാത്രികളിൽ പ്രതിഷേധക്കാർ ഇവിടെയാണ് ഒത്തുകൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസും നാഷണൽ ഗാർഡുകളും ചേർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൽ ശ്രമിച്ചിരുന്നു. അവരിൽ ചെറിയ ഗ്രൂപ്പുകൾ ലിറ്റിൽ ടോക്കിയോയിലേക്കാണ് വന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ലിറ്റിൽ ടോക്കിയോയിലെ തുവരുകൾ ഐസിഇ വിരുദ്ധ, ട്രംപ് വിരുദ്ധ വാചകങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രദേശത്ത് രാത്രി വൈകിയും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ഉച്ചത്തിലുള്ള ഫ്ലാഷ് ബാങ്ങുകളും ഉപയോഗിച്ചിരുന്നു.
ലിറ്റിൽ ടോക്കിയോയിൽ നിരവധി പേർ ഫെഡറൽ ഗവൺമെന്റിന്റെ പ്രതികാര നടപടികളെ ഭയന്ന് ഒന്നും തുറന്ന് പറയാൻ തയ്യാറായില്ലെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ടോക്കിയോയിലുള്ള പലരും കുടിയേറ്റക്കാരോ അമേരിക്കയ്ക്ക് പുറത്ത് ജനിച്ചവരോ ആണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഐസിഇ ലക്ഷ്യമിടുന്നതായി ഭയക്കുന്നുവെന്ന് അവർ പറഞ്ഞു.
പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സൈനികരെ വിന്യസിച്ചതിൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ലോസ് ആഞ്ചലസിലുടനീളം ട്രംപ് സൈനിക വലയം തീർത്തിരിക്കുകയാണെന്നും ജനാധിപത്യം ആക്രമണത്തിനിരയാവുകയാണെന്നും ഗാവിൻ ന്യൂസോം ആരോപിച്ചു.
അതേസമയം, ആരോപണങ്ങളെയെല്ലാം ട്രംപ് ഭരണകൂടം ശക്തമായി നിഷേധിക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിൽ പ്രാദേശിക, സംസ്ഥാന നേതാക്കൾ പരാജയപ്പെട്ടതിനാൽ ബലപ്രയോഗം ആവശ്യമായി വന്നു എന്നാണ് ഇതിന് മറുപടി നൽകിയത്.
അനധികൃത കുടിയേറ്റകാകരെ അടിച്ചമർത്താൻ 4000ത്തോളം സുരക്ഷാ അംഗങ്ങളെയാണ് നഗരത്തിൽ വിന്യസിപ്പിച്ചത്. കുടിയേറ്റക്കാർക്ക് എതിരെയുള്ള ഭരണകൂട ആക്രമണം കനത്തതോടെയാണ് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. ഇതോടെ ഫെഡറൽ സർക്കാരും കാലിഫോർണിയൻ നേതാക്കളും തമ്മിലുള്ള സംഘർഷവും വർദ്ധിക്കുകയായിരുന്നു.
Content Summary: Trump says troops were deployed to liberate Los Angeles; people say ‘no thanks’