വൈറ്റ് ഹൗസിനകത്ത് പാചകവിദധര്‍ റോസ്മെറി ചിക്കനും സെലറി റൂട്ട് പ്യുറേ-യും കൊളഡ് ഗ്രീന്‍സും ഉണ്ടാക്കിക്കൊണ്ടിരിക്കേ ഓവല്‍ ഓഫീസില്‍ നിന്നും ഉയരുന്ന ശബ്ദങ്ങള്‍ പുറത്തേക്കും പരക്കുന്നുണ്ടായിരുന്നു. ഓവല്‍ ഓഫീസിനകത്ത് അതീവ പ്രധാനമായ ഒരു നയതന്ത്ര ബന്ധത്തെ പരസ്യമായി തകര്‍ത്തുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും യുക്രേയ്നിയന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലന്‍സ്‌കിയെ ശകാരിക്കുകയായിരുന്നു.trump-zelensky meeting; new nation strategy that destroyed the US relationship in fifty minutes
യുക്രെയ്നിന്റെ പിന്തുണക്കാരെ സംബന്ധിച്ച് ആ രംഗം ദാരുണമായിരുന്നു. നിശ്ചയദാര്‍ഢ്യക്കാരായ രണ്ട് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സകലതും പിഴയ്ക്കാന്‍ വെറും പത്തുമിനുട്ട് മതിയായിരുന്നു. എന്തായാലും ഈ കൂടിക്കാഴ്ചയുടെ ഫലം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയാനാകില്ല. ഇവരുടെ ചര്‍ച്ച തുടങ്ങാനിരിക്കേ തന്നെ, ഇവര്‍ക്കിടയിലുള്ള ബലതന്ത്രം ഒന്നുകില്‍ വലിയ വിജയത്തിലോ അല്ലെങ്കില്‍ കൊടും ദുരന്തത്തിലോ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുമെന്ന് പലരും കണക്കുകൂട്ടിരുന്നു. സെലസ്‌കിയുടെ ഉപദേശകരാകട്ടെ ഇത്തരം സാഹചര്യമുണ്ടാകാതിരിക്കാന്‍ അദ്ദേഹത്തിനെ തയ്യാറാക്കുക കൂടി ചെയ്തിരുന്നു. റെയര്‍ എര്‍ത്ത് ധാതുക്കളുടെ വ്യാപാര കരാറില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക, റഷ്യമായുള്ള സംഘര്‍ഷത്തെ കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കുക എന്നതായിരുന്നു അദ്ദേഹത്തിന് ഉപദേശകര്‍ നല്‍കിയ നിര്‍ദ്ദേശം.

‘ഇന്ന് രാവിലെ കൂടി ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞതാണ്, അവരുടെ ചൂണ്ടയില്‍ കുരുങ്ങരുത് എന്ന്’- വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് മുമ്പ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ യു.എസ് സെനറ്റര്‍ ലിന്‍ഡ്സി ഗ്രഹാം പറഞ്ഞു. ‘മാധ്യമങ്ങളോ മറ്റാരെങ്കിലുമോ പ്രസിഡന്റ് ട്രംപുമായൊരു വാഗ്വാദത്തിലേക്ക് നിങ്ങളെ വലിച്ചിഴക്കാന്‍ ശ്രമിച്ചാല്‍ അതില്‍ വീഴരുത്’ എന്ന് പറഞ്ഞതായും ലിന്‍ഡ്സി ഗ്രഹാം കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ അടക്കം യൂറോപ്യന്‍ നേതാക്കള്‍ പലരും സെലന്‍സ്‌കിക്ക് ഉപദേശം നല്‍കിരുന്നു. ചില യു.എസ് ഉദ്യോഗസ്ഥരാകട്ടെ അമേരിക്കന്‍ സന്ദര്‍ശനം തന്നെ ഒഴിവാക്കാന്‍ സെന്‍സ്‌കിയെ ഉപദേശിച്ചു. ഇരു കൂട്ടരും തമ്മിലുള്ള ബന്ധം ആദ്യം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നായിരുന്നു അവരുടെ അഭിപ്രായം.
സെലന്‍സ്‌കി വൈറ്റ് ഹൗസില്‍ എത്തുന്ന നേരത്ത് സ്‌ഫോടനാത്മകമായ സംഭവവികാസങ്ങളാണ് ഉരുത്തിയാന്‍ പോകുന്നത് എന്ന് ആരും കരുതിയിരുന്നില്ല. തന്റെ കറുത്ത എസ്.യു.വിയില്‍ നിന്ന് പതിവ് മിലിട്ടറി വേഷത്തില്‍ പുറത്തിറങ്ങുമ്പോള്‍ സെലന്‍സ്‌കി ശാന്തനായിരുന്നു. എന്നാല്‍ ട്രംപ് ആ വേഷത്തെ പരിഹസിച്ച് ഉടന്‍ തന്നെ ഒരു കമന്റടിച്ചു. യു.എസ് പ്രസിഡന്റിന്റെ ഓഫീസായ ഓവല്‍ ഓഫീസിലെ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ സെലന്‍സ്‌കി എന്തുകൊണ്ടാണ് സ്യൂട്ട് ധരിക്കാത്തത് എന്ന് ഒരു റിപ്പോര്‍ട്ടര്‍ ഉടന്‍ തന്നെ ചോദ്യം ഉന്നയിച്ചു. ട്രംപിന്റെ ഉദ്യോഗസ്ഥ വൃന്ദം പ്രത്യേകം തിരഞ്ഞെടുത്ത ഒരു വലതുപക്ഷ സ്ഥാപനങ്ങളിലൊന്നിലെ റിപ്പോര്‍ട്ടറായിരുന്നു ചോദ്യം ഉന്നയിച്ചത്.
‘ഈ യുദ്ധം അവസാനിക്കുമ്പോള്‍ ഞാന്‍ വസ്ത്രാലങ്കാരം നടത്തി വരാം’-സെലന്‍സ്‌കി ചെറു തമാശയോടെ പറഞ്ഞു. ‘നിങ്ങളുടെ പോലത്തെ ഒരു വേഷം ധരിച്ച്. ചിലപ്പോള്‍ ഇതിനേക്കാള്‍ നല്ലത്, എനിക്കറിയില്ല, നോക്കാം. ചിലപ്പോള്‍ കുറച്ച് കൂടി വിലകുറഞ്ഞത്’- സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
സെലന്‍സ്‌കി തയ്യാറെടുപ്പുകളോടെയാണ് വന്നത്. യുക്രെയ്ന്‍ ബോക്സര്‍ ഒലക്സാണ്ടര്‍ യൂസിക് നേടിയ യു.എഫ്.സി ബെല്‍ട്ട് അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. പക്ഷേ അത് ചര്‍ച്ചയ്ക്കിടയില്‍ പരാമര്‍ശിക്കാന്‍ വിട്ടുപോയി. ആദ്യത്തെ നാല്‍പത് മിനുട്ടുകള്‍ തികച്ചും സൗഹാര്‍ദ്ദ പരമായിരുന്നു. ചര്‍ച്ചക്ക് ശേഷം ഒപ്പിടേണ്ട റെയര്‍ എര്‍ത്ത് ധാതുക്കള്‍ സംബന്ധിച്ച കരാറിലൂന്നിയായിരുന്നു ചര്‍ച്ച. ഒപ്പിടല്‍ ചടങ്ങിനായി വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂം തയ്യാറായിരുന്നു താനും.
പെട്ടെന്ന് അപ്രതീക്ഷിതമായി ചിലത് സംഭവിച്ചു. അതുവരെ നിശബ്ദനായിരുന്ന വൈസ് പ്രസിഡന്റ് വാന്‍സ് ഇടപെട്ടു. ”നില്‍ക്കൂ, ഒരു നിമിഷം, എനിക്ക് അതേക്കുറിച്ച് പറയാനുണ്ട്.’-റഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ട്രംപിന്റെ നയതന്ത്രജ്ഞത അതീവ പ്രധാനമായിരുന്നുവെന്നായിരുന്നു വാന്‍സിന്റെ വാദം. ‘നയതന്ത്രത്തിന്റെ വഴിയിലൂടെയാണ് സമാധാനവും ഐശ്വര്യവും ഉണ്ടാവുക’-സെലന്‍സ്‌കിയെ നോക്കി വാന്‍സ് പറഞ്ഞു.
ഈ പരാമര്‍ശം ചൂട് പിടിച്ച വാഗ്വാദങ്ങളിലേക്ക് വഴിതെളിച്ചു. പരസ്യമായ വിമര്‍ശനങ്ങളൊന്നും ശീലിച്ചിട്ടില്ലാത്ത സെലന്‍സ്‌കി ധാര്‍മ്മിക രോഷത്തോടെയാണ് പ്രതികരിച്ചത്. റഷ്യ ഇതിനിടെ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ വിവരിച്ച് കൊണ്ട് അദ്ദേഹം ചോദിച്ചു- ‘എന്ത് നയതന്ത്രത്തെ കുറിച്ചാണ്, ജെ.ഡീ, താങ്കള്‍ സംസാരിക്കുന്നത്? എന്താണ് പറയുന്നത്?’

‘ഞാന്‍ പറയുന്നത് നിങ്ങളുടെ രാജ്യത്തിന്റെ തകര്‍ച്ച അവസാനിപ്പിച്ച നയതന്ത്രത്തെ കുറിച്ചാണ്’- വാന്‍സ് രൂക്ഷമായി തിരിച്ചടിച്ചു.
അതൊടെ കാര്യങ്ങളെല്ലാം പൊടുന്നനെ വഷളായി. ‘ഓവല്‍ ഓഫീസില്‍ വന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് അപമര്യാദയാണെന്നാണ് ഞാന്‍ കരുതുന്നത്’-വാന്‍സ് ക്ഷുഭിതനായി. ‘നിങ്ങളുടെ യുദ്ധം അവസാനിപ്പിച്ചതിന് പ്രസിഡന്റിനോട് നന്ദി പറയുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.’
ചര്‍ച്ചയുടെ നിയന്ത്രണം തിരിച്ച് പിടിക്കാന്‍ സെലന്‍സ്‌കി ശ്രമിക്കുന്നതിനിടയില്‍ ട്രംപ് ക്ഷുഭിതനായി ആക്രോശിക്കാന്‍ ആരംഭിച്ചു. ‘നിങ്ങളുടെ കൈയില്‍ ഒന്നുമില്ല. എന്നിട്ടും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വച്ചാണ് നിങ്ങള്‍ ചൂതുകളിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം വച്ചാണ് ഈ കളി’-ട്രംപ് പറഞ്ഞു. തുടര്‍ന്ന് മാധ്യമങ്ങളോട് ഓവല്‍ ഓഫീസില്‍ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ട ശേഷം ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു- ‘ടെലിവിഷനില്‍ ഇതെന്തായാലും കത്തിക്കയറും’.
ഈ ഏറ്റുമുട്ടലില്‍ അമ്പരന്ന് പോയ യുക്രെയ്ന്‍ പ്രതിനിധി സംഘം ഓവല്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങി വൈറ്റ് ഹൗസിലെ മറ്റൊരു ഓഫീസായ റൂസ്വെല്‍റ്റ് റൂമില്‍ ഒത്തുകൂടി. അമേരിക്കയിലെ യുക്രെയ്ന്‍ അംബാസിഡര്‍ ആയ ഒക്സാന മാര്‍കറോവ തികച്ചും പരിക്ഷീണയായി കാണപ്പെട്ടു. ചര്‍ച്ചയുടെ കുറിപ്പുകള്‍ തയ്യാറാക്കുന്നതെല്ലാം അവസാനിപ്പിച്ച് അവര്‍ കൈയില്‍ തലതാങ്ങിയിരുന്നു. അതിനിടെ ട്രംപ് ആകട്ടെ തന്റെ ഉപദേശകരുടെ ഒരു യോഗം വിളിച്ചു. അതില്‍ വൈസ് പ്രസിഡന്റ് വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിനോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെറ്റ് എന്നിവര്‍ പങ്കെടുത്തു. ‘സെലന്‍സ്‌കി തെറ്റാണ് ചെയ്്തത്’- ഒരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഓവല്‍ ഓഫീസില്‍ വന്ന് അദ്ദേഹം വെല്ലുവിളിക്കുന്ന പോലെ സംസാരിച്ചു. അവിടെ എല്ലാവര്‍ക്കും അദ്ദേഹം അപമാനിച്ചതായാണ് തോന്നിയത്. ഇനിയിപ്പോ സെലന്‍സ്‌കിയാണ് കാര്യങ്ങള്‍ പരിഹരിക്കേണ്ടത്. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് വയ്യ.’
കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തക്ക അവസ്ഥയിലല്ല സെലന്‍സ്‌കി ഉള്ളതെന്ന് ട്രംപ് ആത്യന്തികമായി തീരുമാനിച്ചു. സെലന്‍സ്‌കിയോട് തിരിച്ച് പോകാന്‍ ആവശ്യപ്പെടാനുള്ള ദൗത്യം സ്റ്റേറ്റ് സെക്രട്ടറി റൂബിയോക്കും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക് വാല്‍റ്റ്സിനും നല്‍കി. ചര്‍ച്ചകള്‍ തുടരാനുള്ള യുക്രൈയ്്ന്‍ പ്രതിനിധി സംഘത്തിന്റെ ആവശ്യം പൂര്‍ണമായും നിരാകരിക്കപ്പെട്ടു.
ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ സലാഡും ചിക്കനും ക്രീം ബ്രൂലീയും ആരും തൊട്ടുനോക്കാതെ അവശേഷിച്ചു യുക്രെയ്ന്‍ പ്രതിനിധിസംഘത്തെ വൈറ്റ്ഹൗസിന് പുറത്തേക്ക് ആനയിച്ചു. മൂന്ന് മണിക്കൂറിനുള്ളില്‍ നയതന്ത്ര വീഴ്ച പൂര്‍ത്തിയായി.
യാതൊരു ചടങ്ങുകളുമില്ലാതെ സെലന്‍സ്‌കിയുടെ വാഹനവ്യൂഹം ഉച്ചയ്ക്ക് 1.42 ന് വൈറ്റ് ഹൗസ് വളപ്പിന് പുറത്തേക്ക് പോയി. സെലന്‍സ്‌കിയും സംഘവും താമസിക്കുന്ന ഹേ ആദംസ് ഹോട്ടലില്‍ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളില്‍ അമേരിക്കയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സെലന്‍സ്‌കി സോഷ്യല്‍ മീഡിയില്‍ ഒരു പ്രസ്താവന നടത്തി. നീതിപൂര്‍ണവും നീണ്ടുനില്‍ക്കുന്നതുമായ സമാധാനത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. trump-zelensky meeting; the strategy that destroyed the US relationship in fifty minutes
Content Summary: trump-zelensky meeting; the strategy that destroyed the US relationship in fifty minutes