യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച മുന്നോട്ടുവെച്ച ഗാസ പദ്ധതിയുടെ പ്രാരംഭ ഘട്ടം നടപ്പാക്കാൻ ഇസ്രായേലും ഹമാസും തമ്മിൽ ധാരണയായി. നിരവധി കാര്യങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, രണ്ടു വർഷം നീണ്ട യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുന്നതിനുള്ള ചുവടുവെപ്പായി ഇത് മാറിയേക്കാം.
ഈജിപ്തിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇരുപക്ഷവും തമ്മിൽ ഒരു കരാർ ഉണ്ടാക്കുകയും, ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇരുപക്ഷവും ഒപ്പുവെച്ച ഈ കരാർ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സുരക്ഷാ കാബിനറ്റും രാജ്യത്തെ സഖ്യസർക്കാരും വ്യാഴാഴ്ച വൈകുന്നേരം അംഗീകരിച്ചു. ഇതിന് തൊട്ടുപിന്നാലെ തന്നെ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ശത്രുത അവസാനിപ്പിക്കുമെന്നും, അതിനുശേഷം 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുമെന്നും ഇസ്രായേൽ അറിയിച്ചു. മറ്റ് ബന്ദികളുടെ മൃതദേഹങ്ങളും തുടർന്ന് കൈമാറും. ഗുരുതരമായ സുരക്ഷാ കുറ്റകൃത്യങ്ങൾക്ക് ദീർഘകാല ശിക്ഷ അനുഭവിക്കുന്ന 250 പേർ ഉൾപ്പെടെ ഏകദേശം 2,000 പലസ്തീൻ തടവുകാരെ ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിക്കും. ഇസ്രായേൽ സൈന്യം പുതിയ സ്ഥാനങ്ങളിലേക്ക് പിൻവാങ്ങും, കൂടാതെ സഹായ വിതരണം വർദ്ധിപ്പിക്കുമെന്നുമാണ് പ്രതീക്ഷ.
ഇസ്രായേലിന്റെ യുദ്ധങ്ങളിൽ പലതും അമേരിക്കൻ നേതാക്കൾ ശക്തമായി ഇടപെട്ടപ്പോഴാണ് അവസാനിച്ചിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാണ്. രണ്ട് വർഷം നീണ്ട് നിന്ന യുദ്ധവെറി അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിനെ ഒറ്റപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യും. സൈനിക നീക്കം നിർത്താൻ വിസമ്മതിച്ചാൽ തങ്ങൾക്ക് നിലവിൽ ലഭിക്കുന്ന സഖ്യകക്ഷിയുടെ പിന്തുണ നഷ്ടപ്പെടുമെന്ന് നെതന്യാഹു കണക്കുകൂട്ടി. ഇതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താൻ കാരണം.
സമാധാന കരാറിലെ വ്യവസ്ഥകൾ നിലവിൽ ഇസ്രായേലിന് അനുകൂലമായതിനാൽ എതിർപ്പുകളെ അതിജീവിക്കാൻ കഴിയുമെന്നും അദ്ദേഹം നെതന്യാഹു കണക്കുകൂട്ടിയിട്ടുണ്ടാവാം. അതേസമയം, ഗാസയിലെ ഇസ്രായേൽ സൈന്യത്തിന് കാര്യമായ നഷ്ടം വരുത്താനോ അവരുടെ മുന്നേറ്റം ഫലപ്രദമായി തടയാനോ ഹമാസിന് കഴിഞ്ഞിട്ടില്ല. ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദവും ഹമാസിന് മേലുണ്ട്. പ്രാദേശിക ശക്തികളുടെ പിന്തുണയോ കുറഞ്ഞപക്ഷം അവർക്കിടയിൽ ഒരു ധാരണയോ ഇല്ലെങ്കിൽ ഹമാസിന്റെ ഭാവി അപകടത്തിലാകും.
ഇസ്രായേലി സൈന്യം എത്രത്തോളം പ്രദേശം വിട്ടുനൽകുമെന്നത് ഇപ്പോഴും വ്യക്തമല്ല. ഗാസയുടെ പകുതിയിലധികം പ്രദേശങ്ങൾ തങ്ങൾ കൈവശം വെച്ചേക്കുമെന്ന നിലപാടിലാണ് ഇസ്രയേൽ സൈന്യം. കൂടാതെ ഭാഗികമായ പിന്മാറ്റം എപ്പോൾ നടത്തുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹമാസ് നിരായുധീകരണ മാർഗം സ്വീകരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ട്രംപിന്റെ 20 ഇന പദ്ധതിയിൽ പറയുന്നതുപോലെ, ഹമാസും ഗാസയിലെ അവരുടെ പോരാളികളും പൊതുമാപ്പ് സ്വീകരിക്കാനോ പ്രവാസത്തിലേക്ക് പോകാനോ സാധ്യതയില്ല.യുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഗാസയിലെ ഭരണ രൂപം, തകർന്നുപോയ പ്രദേശത്തിന്റെ പുനർനിർമ്മാണം എന്നീ കാര്യങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇവയെല്ലാം പൂർണ്ണമായി ചർച്ച ചെയ്തിട്ട് പോലുമില്ല ഇതുവരെ.
സംഘർഷം വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്. ചർച്ചകൾ തടസ്സപ്പെടുമ്പോൾ, ദുർബലമായ ഈ വെടിനിർത്തൽ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുകയും, ഇരുപക്ഷവും കൂടുതൽ പോരാട്ടത്തിലൂടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് തീരുമാനിക്കുമ്പോൾ യുദ്ധം പുനരാരംഭിക്കുകയും ചെയ്യാം. എന്നാൽ 2023 നവംബറിലെയും 2025 ജനുവരിയിലെയും വെടിനിർത്തലുകൾ ചർച്ചകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇവ പ്രതീക്ഷ നൽകുന്നുണ്ട്. നിലവിലെ സംഘർഷം തുടരുന്നതിനേക്കാൾ ഒരു കരാറിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞേക്കുമെന്ന് ഇരുവിഭാഗങ്ങൾക്കും തോന്നുന്നുണ്ട്. ഇത് പ്രതീക്ഷ നൽകുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രാദേശിക ശക്തികൾ ഇടപെടൽ തുടരേണ്ടതുണ്ട്. അക്രമത്തിലൂടെ അവരുടെ ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ലെന്ന് ഹമാസിനെ ബോധ്യപ്പെടണം. ഗാസയിൽ ദീർഘകാല സമാധാനം ഉറപ്പാക്കുന്നതിന് ട്രംപിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.
content summary: Trump’s Gaza plan, What explains the acceptance by both Israel and Hamas?
This post was last modified on October 10, 2025 12:58 pm
Leave a Comment