ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഏപ്രിൽ രണ്ടിനാണ് ട്രംപ് താരിഫ് നയങ്ങൾ പ്രഖ്യാപിച്ചത്. റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയുടെ മിക്കവാറും എല്ലാ വ്യാപാര പങ്കാളികളിൽ നിന്നും ഇറക്കുമതിക്ക് കുറഞ്ഞത് 10 ശതമാനം നികുതി നിശ്ചയിച്ചിട്ടുണ്ട്. വാങ്ങുന്നതിനേക്കാൾ കൂടുതൽ യുഎസിന് വിൽക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി നിരക്കുകളാണ് ചുമത്തിയിരിക്കുന്നത്.
പത്ത് ശതമാനം അടിസ്ഥാന നികുതികൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. യുഎസിന്റെ പകരച്ചുങ്കത്തിൽ പല രാജ്യങ്ങളും ബുദ്ധിമുട്ടുകയാണ്. ചില രാജ്യങ്ങൾക്ക് 50 ശതമാനം വരെയാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ലെസോത്തോ പോലുള്ള ചെറിയ സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളാണ് ഇതിൽ ഏറ്റവും വലയുന്നത്. മഡഗാസ്കറിൽ നിന്നുള്ള സാധനങ്ങൾക്ക് 47ശതമാനം, വിയറ്റ്നാമിൽ നിന്ന് 46 ശതമാനം, തായ്‌വാനിൽ നിന്ന് 32 ശതമാനം, ദക്ഷിണ കൊറിയയിൽ നിന്ന് 25 ശതമാനം, ജപ്പാനിൽ നിന്ന് 24 ശതമാനം, യൂറോപ്യൻ യൂണിയനിൽ നിന്ന് 20 ശതമാനം എന്നിങ്ങനെയാണ് മറ്റ് തീരുവകൾ.
അമേരിക്കക്കെതിരെ തിരിച്ച് നികുതി ഏർപ്പെടുത്തിയ ചൈനക്കെതിരെ 104 ശതമാനമാണ് താരിഫ് ചുമത്തിയിരിക്കുന്നത്. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമേരിക്കയുടെ തിരിച്ചടി തീരുവയെ വെല്ലുവിളിച്ചതിനെ തുടർന്നാണ് ചൈനക്കെതിരെ വീണ്ടും 50 ശതമാനം തീരുവ ഉയർത്തിയത്.
ട്രംപിന്റെ കടുത്ത താരിഫ് നയങ്ങൾ ആഗോള വ്യാപാര വ്യവസ്ഥയെ പിടിച്ചുലച്ചിരിക്കുകയാണ്. പല രാജ്യങ്ങളിലും അത് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുകയും ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ ഇടിവിന് കാരണമാവുകയും ചെയ്തു.
ബുധനാഴ്ച ഏഷ്യൻ വിപണികൾ വീണ്ടും ഇടിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണ കൊറിയയുടെ കറൻസി 16 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. നിക്ഷേപകർ പണം കൈവശം വയ്ക്കാൻ തിരക്കുകൂട്ടിയതിനാൽ സർക്കാർ ബോണ്ടുകളുടെ മൂല്യവും നഷ്ടപ്പെട്ടു. വാൾസ്ട്രീറ്റിൽ തുടർച്ചയായ അഞ്ചാം ദിവസവും യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ നഷ്ടത്തിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
താരിഫുകൾ എത്ര കാലം നിലനിൽക്കുമെന്ന ചോദ്യത്തിന് സമ്മിശ്ര സന്ദേശങ്ങളാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. തീരുമാനം സ്ഥിരമായിരിക്കുമെന്ന് അറിയിച്ച ട്രംപ് നികുതി മറ്റ് രാജ്യങ്ങളെ ചർച്ചകൾക്ക് പ്രേരിപ്പിക്കുമെന്നും പറഞ്ഞു. കരാറുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങൾ അമേരിക്കയുടെ അടുത്തേക്ക് ചർച്ചക്കായി എത്തുന്നുണ്ടെന്നും ചൈനയും ഒരു കരാർ തേടുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.
Content Summary: Trump’s retaliatory tariffs take effect; experts says global trade war is coming