യുഎസിനെ അടിമുടി അനിശ്ചിതത്വത്തിലാക്കിയ ട്രംപിന്റെ ഫണ്ടിങ്ങ് മരവിപ്പിക്കൽ

അംഗീകൃത ഫണ്ടുകൾ തടഞ്ഞുവയ്ക്കാൻ ട്രംപ് പ്രസിഡൻ്റിൻ്റെ അധികാരം ഉപയോഗിക്കുന്നു

രാജ്യത്തെ എല്ലാ ഫെഡറൽ ​ഗ്രാന്റുകളും വായ്പകളും നിർത്തിവെക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഫെഡറൽ ഫണ്ടുകളുടെ വിതരണം മരവിപ്പിച്ചത് വിദ്യാഭ്യാസം, ആരോ​ഗ്യ പരിപാലന പദ്ധതികൾ, ഭവന സഹായം, ദുരന്ത നിവാരണം തുടങ്ങിയ നിരവധി മേഖലകളിലെ പ്രവർത്തനങ്ങളെ വലിയ രീതിയിൽ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്.Trump’s spending freeze
ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ മുതൽ ശാസ്ത്രീയ ഗവേഷണം വരെയുള്ള ഫെഡറൽ ചിലവുകൾ, പ്രത്യേകിച്ച് മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഇൻഫ്രാസ്ട്രക്ചർ, കാലാവസ്ഥാ സംരംഭങ്ങൾ എന്നിവയ്ക്ക് കീഴിൽ സൂക്ഷ്മപരിശോധന നടത്തുന്നതിന്റെ ഭാ​ഗമായാണ് വൈറ്റ് ഹൗസിൻ്റെ പുതിയ തീരുമാനം.

ഗ്രാന്റുകളും വായ്പകളും പ്രസിഡന്റിന്റെ മുന്നോട്ട് വെക്കുന്ന മുൻഗണനകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇത് അവലോകനം ചെയ്ത് കണ്ടെത്തുന്നത് വരെ പണം കൈമാറുന്നത് നിർത്തിവയ്ക്കുമെന്നാണ് ഫെഡറൽ ബജറ്റിന് മേൽനോട്ടം വഹിക്കുന്ന മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഓഫീസിന്റെ ആക്ടിംഗ് മേധാവി തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

സംസ്ഥാനങ്ങൾ, പ്രാദേശിക സർക്കാരുകൾ, ലാഭരഹിത സ്ഥാപനങ്ങൾ, കമ്പനികൾ, വ്യക്തികൾ എന്നിവർക്കുള്ള ഫെഡറൽ ഗ്രാൻ്റുകൾ, വായ്പകൾ, സാമ്പത്തിക സഹായം എന്നിവ ചിലവാക്കുന്നത് മരവിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഗതാഗതം, ആരോഗ്യ സംരക്ഷണം, ഊർജം, പരിസ്ഥിതി ഗവേഷണം, സാമൂഹിക സേവനങ്ങൾ എന്നിവയെ ബാധിക്കുന്ന ബൈഡൻ്റെ പ്രധാന പരിപാടികൾക്കായി അനുവദിച്ച ഫണ്ടുകൾ അവലോകനം ചെയ്യാനും ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റ് (OMB) ഉത്തരവിട്ടു.

വൈറ്റ് ഹൗസിന്റെ പുതിയ ഉത്തരവ് ന്യൂയോർക്കിനും ന്യൂജേഴ്‌സിക്കും ഇടയിലുള്ള 16 ബില്യൺ ഡോളറിൻ്റെ ഗേറ്റ്‌വേ റെയിൽ തുരങ്കം പോലുള്ള പ്രധാന പദ്ധതികൾ വൈകാൻ കാരണമാകും. കാട്ടുതീ തടയൽ, വരൾച്ചയെ ചെറുക്കാനുള്ള പദ്ധതികൾ, രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം എന്നിവയും അനിശ്ചിതത്വത്തിലാകും. മാത്രമല്ല, പ്രാദേശിക സർക്കാരുകൾക്കും കോൺട്രാക്ടർമാർക്കും തങ്ങളുടെ ജോലി താൽക്കാലികമായി നിർത്തി വെക്കേണ്ടി വരികയും ചെയ്യും.

മരവിപ്പിക്കൽ എല്ലാ ഫെഡറൽ ചിലവുകൾക്കും തടമാകില്ലെന്നും മറിച്ച് അനാവശ്യമോ പാഴായതോ ആയി കണക്കാക്കുന്ന നിർദ്ദിഷ്ട പ്രോഗ്രാമുകൾക്കുള്ള ഫണ്ടിങ്ങ് താൽക്കാലികമായി നിർത്തിവക്കുന്നതിനാണെന്നും ഒഎംബി ഉത്തരവിൽ പറയുന്നു. വൈവിധ്യം, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ), കാലാവസ്ഥാ വ്യതിയാന സംരംഭങ്ങൾ, ബൈഡൻ്റെ 1 ട്രില്യൺ ഡോളറിൻ്റെ ഇൻഫ്രാസ്ട്രക്ചർ പാക്കേജ് എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളാണ് ട്രംപ് ഭരണകൂടം ലക്ഷ്യം വെച്ചിരിക്കുന്നത്.

എന്നിരുന്നാലും ഏതൊക്കെ പ്രോഗ്രാമുകളെയാണ് ഈ അസാധാരണ നീക്കം ബാധിച്ചതെന്ന ആശങ്ക വലിയ രീതിയിൽ തന്നെ നിലനിൽക്കുന്നു. പാർപ്പിടം, ആരോഗ്യം, ഊർജം തുടങ്ങിയ പ്രധാന മേഖലകൾ വ്യക്തത ലഭിക്കാത്തതിൽ ആശങ്കാജനരാണ്. മോർട്ട്ഗേജ് സപ്പോർട്ട് പ്രോഗ്രാമുകൾക്കുള്ള ഫണ്ട് വൈകുമോ വെട്ടിക്കുറയ്ക്കുമോ എന്ന കാര്യത്തിൽ മോർട്ട്ഗേജ് വ്യവസായ പ്രൊഫഷണലുകൾക്കും വ്യക്തതയില്ല. സുപ്രധാന മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള ധനസഹായത്തെക്കുറിച്ച് ആരോഗ്യ സംഘടനകളും ആശങ്കാകുലരാണ്.

ഗ്രാന്റുകളും വായ്പകളും താൽക്കാലികമായി നിർത്തിവെക്കുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്റ്റാർട്ട് അപ്പുകളെയും ചെറിയ സംഘടനകളെയുമാണ്. ഇലക്ട്രിക് മൊബിലിറ്റി പ്രോജക്ടുകൾക്കായി 1.2 മില്യൺ ഡോളർ ഫെഡറൽ ഗ്രാൻ്റിനെ ആശ്രയിച്ച ഫോർത്ത് മൊബിലിറ്റി പോലെയുള്ള ചെറുകിട ഊർജ്ജ ലാഭരഹിത സ്ഥാപനങ്ങൾ ഇതിനൊരുദാഹരണമാണ്. ഫണ്ടിങ്ങിലെ കാലതാമസം ജോലി നഷ്ടപ്പെടാനുള്ള കാരണമാകുമെന്ന് ജീവനക്കാർ ഭയക്കുന്നു. ആരോഗ്യ പരിപാലനം, ഊർജമേഖല തുടങ്ങിയ ചെറുസംഘങ്ങളും തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലാണ്.

സംസ്ഥാനങ്ങൾ, പ്രാദേശിക സർക്കാരുകൾ, ഫെഡറൽ ഏജൻസികൾ എന്നിവയിലെ ആഘാതം

സംസ്ഥാന-പ്രാദേശിക സർക്കാരുകൾക്കും ഗ്രാന്റ് മരവിപ്പിക്കൽ ഒരു വെല്ലുവിളിയാണ്. കാരണം, പരിസ്ഥിതി, അടിസ്ഥാന സൗകര്യം, ആരോഗ്യ പദ്ധതികൾ എന്നിവയ്ക്കായി ഫെഡറൽ ഗ്രാൻ്റുകളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർണായക ഫണ്ടിംങ്ങ് ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. ചില സംസ്ഥാനങ്ങൾ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ പ്രോ​ഗ്രാം പേയ്‌മെൻ്റുകൾ താൽക്കാലികമായി അവസാനിപ്പിച്ചു.

എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കുന്നത് ഫെഡറൽ ഏജൻസികളെയും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് എനർജി ഗ്രാൻ്റ് സ്വീകർത്താക്കളോട് ഡിഇഐ (ഡിവേഴ്സിറ്റി, ഇക്വിറ്റി. ഇൻക്ലൂഷൻ)യുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി ആനുകൂല്യങ്ങൾ, പിന്നാക്ക വിഭാഗങ്ങൾക്ക് കാലാവസ്ഥാ ഫണ്ടുകൾ അനുവദിക്കാനായി ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ ജസ്റ്റിസ് 40 പ്രോ​ഗ്രാം തുടങ്ങിയ പ്രോജക്റ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.

ഏതൊക്കെ പ്രോഗ്രാമുകളെയാണ് ഉത്തരവ് ബാധിച്ചതെന്ന് വ്യക്തമല്ലാത്തതിനാൽ ഊർജ വകുപ്പ് ജീവനക്കാർ എല്ലാ ജോലികളും നിർത്തിയതായാണ് റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിൻ്റെ മുൻഗണനകളുമായി വ്യക്തമായ യോജിപ്പില്ലാതെ ധനസഹായമോ കരാറുകളോ അംഗീകരിക്കാൻ ജീവനക്കാർ മടി കാണിക്കുകയാണ്.

നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ

അംഗീകൃത ഫണ്ടുകൾ തടഞ്ഞുവയ്ക്കാൻ ട്രംപ് പ്രസിഡൻ്റിൻ്റെ അധികാരം ഉപയോഗിക്കുന്നതിൽ നിയമപരവും രാഷ്ട്രീയപരവുമായ ചോദ്യങ്ങളുയരുന്നുണ്ട്. പ്രസിഡൻ്റ് നിക്‌സൻ്റെ ഫണ്ട് തടഞ്ഞുവെക്കൽ നടപടികൾക്ക് ശേഷം പാസാക്കിയ 1974 ലെ നിയമ പ്രകാരം ഫണ്ട് തടഞ്ഞുവെക്കാനുള്ള പ്രസിഡൻ്റിൻ്റെ ഏകപക്ഷീയമായ തീരുമാനത്തെ പരിമിതപ്പെടുത്തുന്നതാണ്. ഇതിനകം കരാർ ചെയ്ത ഫണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലൂടെ കോടതിയിൽ ട്രംപ് നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടിവരും.

മരവിപ്പിക്കലിൻ്റെ നിയമസാധുതയെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും ചോദ്യം ചെയ്തു. തങ്ങളുടെ ഫണ്ടിങ്ങ് പുനസ്ഥാപിക്കുമോയെന്ന് വ്യക്തതയില്ലാത്ത സ്വീകർത്താക്കളെ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്നതാണ് വൈറ്റ് ഹൗസിന്റെ ഫ്രീസിങ്ങ് ഉത്തരവെന്ന് റിച്ചാർഡ് ബ്ലൂമെൻ്റൽ (ഡി-കോൺ) മുന്നറിയിപ്പ് നൽകി. റിപ്പബ്ലിക്കനായ സെൻ. ജോൺ ബൂസ്മാനും (ആർ-ആർക്ക്.) ഉത്തരവിലുള്ള അവ്യക്തതയെക്കുറിച്ചും
നിയമപരമായ വെല്ലുവിളികളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു.

എക്സിക്യൂട്ടീവ് ബ്രാഞ്ചും കോൺ​ഗ്രസും തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് കാരണമായി. പ്രസിഡൻഷ്യൽ അധികാരത്തിൻ്റെ പരിധികൾ മറികടന്നുവെന്നും കോടതി പരിശോധന നേരിടേണ്ടിവരുമെന്നും റിപ്പബ്ലിക്കൻ സെനറ്റർ
സെന. കെവിൻ ക്രാമർ വാദിച്ചു. ഇരു പാർട്ടിയിലുമുള്ള നിയമനിർമ്മാതാക്കളെ പുതിയ ഉത്തരവ് ആശങ്കപ്പെടുത്തുന്നുണ്ട്.

ചില പ്രോഗ്രാമുകളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇത് സാമൂഹിക സുരക്ഷയെയോ മെഡികെയറിനെയോ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഉറപ്പുനൽകി. ഫെഡറൽ ഫണ്ടിങ്ങിനെ ആശ്രയിക്കുന്ന നിരവധി ഓർഗനൈസേഷനുകളും കരാറുകാരും പ്രാദേശിക സർക്കാരുകളും ആശങ്കപ്പെടേണ്ടതില്ലെന്നും കരോലിൻ ലീവിറ്റ് പറഞ്ഞു.

ഊർജ്ജം, ബ്രോഡ്ബാൻഡ്, കൃഷി, പൊതുജനാരോഗ്യം തുടങ്ങിയ വ്യവസായങ്ങളെ ഫണ്ട് മരവിപ്പിക്കൽ ഇതിനോടകം തടസപ്പെടുത്തിയിട്ടുണ്ട്. ഓർഗനൈസേഷനുകൾ ബദൽ ഫണ്ടിംഗ് കണ്ടെത്താനോ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാനോ ഉള്ള ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഉത്തരവിൽ നിയമപരമായ തീരുമാനമുണ്ടാകാൻ ആഴ്ചകളോ മാസങ്ങളോ എടുക്കുമെന്നതിനാൽ അനിശ്ചിതത്വം വർദ്ധിച്ചിരിക്കുകയാണ്. ഗ്രൂപ്പുകളെ പിരിച്ചുവിടൽ, ജോലി നിർത്തിവയ്ക്കൽ, പ്രോജക്റ്റുകൾ റദ്ദാക്കൽ എന്നിവ പരിഗണിക്കാൻ പല സംഘടനകളും നിർബന്ധിതരായി.

ഭാവി പ്രസിഡൻ്റുമാർക്കുള്ള മാതൃക

ബൈഡൻ ഭരണകൂടം നിശ്ചയിച്ച മുൻഗണനകൾ അവലോകനം ചെയ്യുന്നതിനുള്ള ഒരു മാർഗമായി ഫണ്ടിങ്ങ് മരവിപ്പിക്കലിനെ ട്രംപ് ഭരണകൂടം കണ്ടപ്പോൾ എക്സിക്യൂട്ടീവ് അധികാരത്തെക്കുറിച്ചും പ്രസിഡൻഷ്യൽ അധികാരത്തിൻ്റെ പരിധികളെക്കുറിച്ചുമുള്ള ചോദ്യങ്ങളിലേക്കാണ് അത് നയിച്ചത്.

സെന. ടോമി ട്യൂബർവില്ലെയെപോലെയുള്ള പിന്തുണക്കാർ, പാഴ് ചിലവുകൾ തടയുന്നതിന് ആവശ്യമായ നടപടിയാണെന്ന് വാദിച്ചു. മരവിപ്പിക്കൽ കോടതി ശരിവച്ചാൽ, ഭാവിയിലെ പ്രസിഡൻ്റുമാർ കോൺഗ്രസിനെ മറികടക്കാനും ഫെഡറൽ ചിലവുകൾ കൈകാര്യം ചെയ്യാനും ഇതേ തന്ത്രം ഉപയോഗിക്കുമെന്ന് വിമർശകർ മുന്നറിയിപ്പും നൽകി.

ആയിരക്കണക്കിന് പരിപാടികൾക്ക് അനിശ്ചിതത്വം സൃഷ്ടിച്ച വിവാദ നീക്കമായിരുന്നു ട്രംപിൻ്റെ ചെലവ് മരവിപ്പിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെ ഇത് കാര്യമായി ബാധിച്ചു എന്നതിൽ സംശയമില്ല.Trump’s spending freeze

Content summary: Trump’s spending freeze; thrown the US into deep uncertainty
Donald trump funding freeze joe biden 

This post was last modified on January 30, 2025 4:48 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment