തൃശൂരില്‍ ട്രെയിനിന്റെ ബോഗി വേര്‍പ്പെട്ടു, യാത്രികരുടെ ശ്രദ്ധയ്ക്ക്: റെയില്‍ സുരക്ഷ ട്രാക്ക് തെറ്റി ഓടുന്നു

ശമ്പളവും ബോണസും നല്‍കാനുമൊക്കെ പണം ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി വേര്‍പ്പെട്ട വാര്‍ത്ത വന്നിരിക്കുകയാണ്.
എറണാകുളം ടാറ്റ നഗര്‍ എക്സ്പ്രസിന്റെ ബോഗിയും എഞ്ചിനുമാണ് വേര്‍പ്പെട്ടത്. ബോഗികള്‍ കൂട്ടിച്ചേര്‍ത്ത് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനി സ്വദേശി ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് കൊല്ലപ്പെട്ട വാര്‍ത്ത വന്നതിന് പിന്നാലെയെത്തിയ ഈ റിപ്പോര്‍ട്ട് ട്രെയിന്‍ യാത്രികരെ സംബന്ധിച്ച് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തെലുങ്കാനയിലെ വാറങ്കലില്‍ വച്ചുണ്ടായ അപകടത്തില്‍ 62കാരനായ മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാനാണ് മരിച്ചത്. മധ്യഭാഗത്തെ ബര്‍ത്താണ് താഴത്തെ ബര്‍ത്തില്‍ കിടന്ന അലിഖാന്റെ ദേഹത്ത് പതിച്ചത്. ചരിഞ്ഞു കിടക്കുകയായിരുന്ന കഴുത്തിലെ 3 അസ്ഥികള്‍ക്ക് പൊട്ടുകയും നട്ടെല്ലിനും ഗുരുതരമായി പരുക്കുമേറ്റാണ് അലിഖാന്റെ മരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ട്രെയിന്‍ അപകട മരണ സംഭവമാണിത്. ജൂണ്‍ പതിനേഴിനാണ് ബംഗാളിലെ ഡാര്‍ജിലിംഗില്‍ കാഞ്ചന്‍ ജംഗ് എക്സ്പ്രസ്സും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടം രാജ്യം ശ്രവിച്ചത്. അതിന്റെ കാരണവും സുരക്ഷ പിഴവുകള്‍ ആയിരുന്നു. നിരവധി പേരുടെ ജീവനാണ് അപകടത്തില്‍ നഷ്ടപ്പെട്ടത്. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യാത്രക്കാര്‍ കറവപ്പശുക്കളോ?

റെയില്‍വേ സംവിധാനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അത്ര ബൃഹത്തായൊരു ഗതാഗതസംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. ലക്ഷകണക്കിന് ജനങ്ങളാണ് ഓരോ മണിക്കൂറിലും ട്രെയിനുകളെ ആശ്രയിക്കുന്നത്. ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെ കോടികളുടെ വരുമാനം റെയില്‍വേയ്ക്ക് ലഭിക്കുന്നുണ്ട്. പ്രതിരോധ മേഖലയ്ക്കു കഴിഞ്ഞാല്‍ കോടികളുടെ ബജറ്റ് വിഹിതം റെയില്‍വേയ്ക്ക് അനുവദിച്ചിരുന്നു. അതിനാല്‍ തന്നെ അത്യാധുനിക സുരക്ഷാക്രമീകരണങ്ങളൊരുക്കാവുന്നവിധം സാമ്പത്തികാടിത്തറയുള്ള പൊതുമേഖലാ സ്ഥാപനമാണ് ഇന്ന് ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ കുറച്ച് കാലമായി അധികവരുമാനം റെയില്‍വേ നേടുന്നുമുണ്ട്. 2022-23 വര്‍ഷത്തില്‍ യാത്രക്കാരില്‍നിന്ന് മാത്രമുള്ള വരുമാനം 48,913 കോടി രൂപയാണ്. റിസര്‍വ് യാത്രികരില്‍നിന്നുള്ള വരുമാനം 38,483 കോടിയാണ്. ഇതൊക്കെയാണെങ്കിലും പണം നല്‍കി യാത്രചെയ്യുന്നവര്‍ക്ക് സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്വം റെയില്‍വേയ്ക്കില്ലെന്ന തരത്തിലാണ് സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ റെയില്‍വേ സ്വീകരിച്ചിരിക്കുന്ന നയമെന്ന് തോന്നുന്നു.

202324 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ റെയില്‍വേ വികസനത്തിനായി കേന്ദ്രം മാറ്റിവെച്ചത് 2.4 ലക്ഷം കോടി രൂപയാണ്. ഇന്ത്യന്‍ റെയിവേ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകയാണിത്. ഇതില്‍ തന്നെ 1000 കോടി രാജധാനി, ശതാബ്ദി, തുരന്തോ പോലുള്ള ട്രെയിനുകളുടെ കോച്ച് നവീകരണത്തിന് മാത്രമുള്ളതാണ്.ട്രെയിനുകളുടെ ആയിരത്തിലധികം കോച്ചുകള്‍ നവീകരിക്കുമെന്നായിരുന്നു റെയില്‍വേ അറിയിച്ചത്. എന്നാല്‍ അത്തരമൊരു കാര്യം ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല പഴകിയ കോച്ചുകളും ബര്‍ത്തുകളും ഇപ്പോള്‍ യാത്രികരുടെ ജീവനെടുക്കുന്ന തലത്തിലെത്തി നില്‍ക്കുകയുമാണ്. അതിന്റെ ഇരയാണ് കൊല്ലപ്പെട്ട അലിഖാനും.

സുരക്ഷയ്ക്കായി അനുവദിച്ച ഫണ്ടില്‍ ദുര്‍വ്യയം?

ഇത്തരം ആക്ഷേപങ്ങള്‍ക്കിടയിലാണ് സുരക്ഷയ്ക്കായി അനുവദിച്ച കോടികളുടെ ഫണ്ട് ദുര്‍വ്യയം ചെയ്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുന്നത്. ബാലസോര്‍ ദുരന്തത്തിനു പിന്നാലെ പുറത്തു വന്ന സിഎജി റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഫൂട്ട് മസാജിംഗ് മെഷീന്‍, മണ്‍പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, വിന്റര്‍ ജാക്കറ്റുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വാങ്ങാനും എസ്‌കലേറ്ററുകള്‍, ടോയ്‌ല്റ്റുകള്‍, പൂന്തോട്ടം എന്നിവ നിര്‍മിക്കാനും ശമ്പളവും ബോണസും നല്‍കാനുമൊക്കെയാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉപയോഗിക്കേണ്ട പണം ഉദ്യോഗസ്ഥര്‍ ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2022 ഡിസംബറില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഒഡിറ്റര്‍ ജനറല്‍(സിഎജി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്(chapter 4; rashtriya rail sanraksha kosh) ഇന്ത്യന്‍ റെയില്‍വേയില്‍ നടന്ന ഞെട്ടിക്കുന്ന അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

2017-18 കാലത്തെ യൂണിയന്‍ ബഡ്ജറ്റില്‍ അവതരിപ്പിച്ച രാഷ്ട്രീയ റെയില്‍ സന്‍രക്ഷ കോഷ്(ആര്‍ ആര്‍ എസ് കെ ) പ്രത്യേക ഫണ്ടില്‍ നിന്നാണ്(ഡെഡിക്കേറ്റഡ് ഫണ്ട്) കോടികളുടെ ധൂര്‍ത്തും അഴിമതിയും നടത്തിയിരിക്കുന്നതെന്നാണ് സിഎജി റിപ്പോര്‍ട്ട് ആധാരമാക്കി ഈ വിവരം ദി ടെലിഗ്രാഫ് ആദ്യം പുറത്തു കൊണ്ടുവന്നത്. 2017-18 മുതല്‍ 2020-21 വരെയുള്ള 48 മാസ കാലയളവ് പരിധിയില്‍, 2017 ഡിസംബര്‍, 2019 മാര്‍ച്ച്, 2019 സെപ്റ്റംബര്‍, 2021 ജനുവരി എന്നിങ്ങനെ നാലു മാസങ്ങളായി തിരിച്ച് ഓരോ റെയില്‍വേ സോണിലെയും തെരഞ്ഞെടുത്ത രണ്ട് ഡിവിഷനുകളിലായി നടത്തിയ 11,464 വൗച്ചറുകളുടെ റാന്‍ഡം ഓഡിറ്റ് പരിശോധനയില്‍ 48.21 കോടി രൂപയുടെ ദുരുപയോഗം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയില്‍ സുരക്ഷ മുന്‍ നിര്‍ത്തി യൂണിയന്‍ ബഡ്ജറ്റില്‍ പാസാക്കിയ പ്രത്യേക ഫണ്ട്(രാഷ്ട്രീയ റെയില്‍ സന്‍രക്ഷ കോഷ്) അതിന്റെ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കാതെ ധൂര്‍ത്തടിച്ചതില്‍ ‘ മഞ്ഞുമലയുടെ അറ്റം’ മാത്രമാണ് പുറത്തുവന്നതെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

English summary: Truth Behind, “The Safety And Security Of Passengers Is Our Sacred Duty” – Claim Of Indian Railways

This post was last modified on June 28, 2024 1:19 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment