ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് 45 ദിവസങ്ങൾ പിന്നിട്ടിട്ടും ദക്ഷിണ റെയിൽവേയ്ക്കായുള്ള പിങ്ക് ബുക്ക് പുറത്തിറക്കാതെ ഇന്ത്യൻ റെയിൽവേ. റെയിൽവേയിലെ വിവിധ പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കൽ, സുരക്ഷയുമായി ബന്ധപ്പെട്ട ജോലികൾക്കുള്ള ചെലവുകൾ, അറ്റകുറ്റപ്പണികൾ, അടിസ്ഥാന സൗകര്യ വികസനം, പാത ഇരട്ടിപ്പിക്കൽ, പുതിയ ലൈൻ പദ്ധതികളിലെ നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് പിങ്ക് ബുക്കിൽ അടങ്ങിയിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ബ്ലൂപ്രിന്റായാണ് പിങ്ക് ബുക്ക് പ്രവർത്തിക്കുന്നത്.
കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, 2025-26 വർഷത്തേക്ക് തമിഴ്‌നാട് റെയിൽവേ പദ്ധതികൾക്കായി 6,626 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം അനുവദിച്ച തുകയേക്കാൾ 4.14% കൂടുതലാണിത്. 6,362 കോടിയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ചത്. പിങ്ക് ബുക്ക് പുറത്തിറങ്ങിയാൽ മാത്രമേ പദ്ധതിതല വിഹിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാകൂ.
2017 ൽ റെയിൽവേ ബജറ്റ് പൊതു ബജറ്റിൽ ഉൾപ്പെടുത്തിയതിനുശേഷം സാധാരണയായി ബജറ്റ് അവതരിപ്പിച്ച് കുറച്ച് ദിവസങ്ങൾക്കുള്ളിൽ പിങ്ക് ബുക്കും പുറത്തുവിടേണ്ടതാണ് കാലതാമസം എന്ത് കൊണ്ടാണെന്ന് വ്യക്തമാകുന്നില്ല. പിങ്ക് ബുക്കിന്റെ പ്രകാശനത്തിനായി കാത്തിരിക്കുകയാണെന്ന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം അനുവദിച്ച ഫണ്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2025-26 ലെ വിഹിതം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. മാർച്ച് 31 ന് മുമ്പ് പിങ്ക് ബുക്ക് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം, 2024-25 ലെ ഇടക്കാല ബജറ്റിൽ റെയിൽവേ അനുവദിച്ച ഫണ്ട് വളരെ കുറവായിരുന്നുവെന്ന് സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലെ മുൻ അംഗം വ്യക്തമാക്കി.
content summary: Indian Railways Delays release of ‘Pink Book’ and it affects railway projects plans in Tamil Nadu