എല്ലാവര്‍ക്കും എന്താണെന്ന് വച്ചാല്‍ കൊടുക്ക്, കള്ളോ കപ്പയോ കൊഞ്ചോ, കരിമീനോ..എല്ലാം എന്റെ ചെലവ്, എല്ലാവരും അടിച്ച് കേറി വാ…ഇതിലെ എല്ലാവരും അടിച്ച് കേറി വാ ഡയലോഗാണ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ടര്‍ബോ സിനിമയിലെ മമ്മുട്ടി കഥാപാത്രത്തിന്റെ പേരാണ് ജോസ് അഥവ ടര്‍ബോ ജോസ്. തല്ലുമാല തീര്‍ക്കുന്ന ഈ ടര്‍ബോ ജോസിനേക്കാള്‍ പൊളി ദുബായ് ജോസ് അഥവാ ചീങ്കണ്ണി ജോസ് ആണെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നതോടെയാണ് ആരാണ് ദുബായ് ജോസ് എന്ന അന്വേഷണം തുടങ്ങുന്നത്. സിബി മലയില്‍ സംവിധാനം ചെയ്ത ജലോല്‍സവം സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റേ പേരാണ് ദുബായ് ജോസ് അഥവാ ചീങ്കണ്ണി ജോസ്. നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ജോസിന്റെ വേഷം അഭ്രപാളിയിലെത്തിച്ചത് നടന്‍ റിയാസ് ഖാനാണ്. ജലോല്‍സവം സിനിമയെ കുറിച്ചും സോഷ്യല്‍ മീഡിയ തരംഗത്തെ കുറിച്ചും അഴിമുഖത്തോട് പറയുകയാണ് റിയാസ് ഖാന്‍
ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ആണെന്ന് പറഞ്ഞാണ് റിയാസ് ഖാന്‍ സംസാരം ആരംഭിച്ചത്. ദുബായ് ജോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത് അറിഞ്ഞു. ഹാപ്പിയാണ്. അതാണ് ആദ്യ പ്രതികരണം. ജലോല്‍സവത്തിലെ ആ വേഷം ആളുകളുടെ മനസില്‍ പതിഞ്ഞിട്ടുണ്ട്. അതാണ് ഈ തരംഗത്തില്‍ നിന്ന് മനസിലായത്. ഒരാളെ ഓര്‍മിക്കണമെങ്കില്‍ സ്‌നേഹമാണ് ആദ്യം വേണ്ടത്. ആ സ്‌നേഹം എന്നോട് മലയാളികള്‍ക്കുണ്ട്. പ്രത്യേകിച്ച് പ്രവാസി മലയാളികള്‍ക്ക്. അതുകൊണ്ടാണ് എന്റെ കഥാപത്രവും അതിലെ ഡയലോഗും വരെ അവര്‍ ഓര്‍മിച്ചിരുന്നത്. ദുബായ് ജോസ് ആണ് പോളി എന്ന കമന്റിന് പിന്നിലും എന്നോടുള്ള താല്‍പര്യം തന്നെയാണെന്നാണ് മനസിലാക്കുന്നത്. ഇതിലെല്ലാം സന്തോഷമാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടര്‍ബോ ജോസായി മമ്മുട്ടി എത്തുന്നത് ബ്ലാക്ക് ഷര്‍ട്ടിട്ടാണ്. സമാനമായി ബ്ലാക്കില്‍ വെള്ള പുള്ളിയുള്ള ഷര്‍ട്ടാണ് ജലോല്‍സവത്തില്‍ ഇന്‍ഡ്രൊഡക്ഷന്‍ സീനില്‍ റിയാസ് ഖാന്‍ ധരിച്ചിരിക്കുന്നത്. കൂടാതെ ടര്‍ബോയിലെ പല സന്ദര്‍ഭങ്ങളിലും ജലോല്‍സവത്തിന്റെ നേരിയ സമാനകള്‍ പ്രേക്ഷകന് കാണാന്‍ സാധിക്കും. ഉദാഹരണത്തിന് ഒരു വിവാഹമാണ് ടര്‍ബോയുടെ കഥാതന്തുക്കളിലൊന്ന്. അത് തന്നെയാണ് ജലോല്‍സവത്തിലുമുള്ളത്.
ജലോല്‍സവം സിനിമ സംവിധാനം ചെയ്തത് സിബി മലയില്‍ ആണ്. അദ്ദേഹം ഒരു ഡയലോഗ് എടുക്കുമ്പോള്‍ അതിന് അത്രത്തോളം പ്രസക്തി ഉണ്ടാവും. ജലോല്‍സവം ഇറങ്ങിയപ്പോള്‍ അടിച്ച് കേറി വാ… അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ അത് ഹിറ്റാവേണ്ടത് തന്നെയായിരുന്നു. അത് ഇപ്പോള്‍ വൈകി സംഭവിച്ചു, അതാണ് ഇപ്പോഴുണ്ടായതെന്നും റിയാസ് ഖാന്‍ പറയുന്നു. മാത്രമല്ല ടര്‍ബോ ജോസ് വന്നപ്പോഴല്ല, പണ്ടെ ഞാന്‍ മലയാള സിനിമയിലുണ്ട്. മലയാളിയുടെ മനസിലുമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴല്ല, പണ്ടെ ഹിറ്റായ ആളാണ് ഞാന്‍. ആ സിനിമയ്‌ക്കൊപ്പം പഴയകാലത്തെ ഡയലോഗ് ശ്രദ്ധിക്കപ്പെടുകയാണ് ഉണ്ടായത്. അതിലും സന്തോഷം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഖം സുഖകരം എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തിലൂടെയാണ് റിയാസ് ഖാന്‍ വെള്ളിത്തിരയിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ബാലേട്ടന്‍, ആമിര്‍ ഖാന്റെ ഗജനി, മജോ സി മാത്യുവിന്റെ ഷാഡോ മാന്‍ അടക്കം നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രമായിട്ടുണ്ട്.
English Summary: Turbo Movie: Mamoty ‘s character turbo Jose and riyaz khan’s jalolsavam character dubai jose