ഓപ്പറേഷൻ സിന്ദൂറിൽ രണ്ട് തുർക്കി സൈനിക പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ സഹായിച്ചിരുന്നതായി വിവരം ലഭിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനെ സഹായിക്കുന്നതിനായി 350 ലധികം ഡ്രോണുകൾ നൽകുകയും സൈനികരെ അയക്കുകയും ചെയ്തുവെന്നാണ് ഇന്ത്യ ടുഡെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയ്‌ക്കെതിരായ ഡ്രോൺ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ പാകിസ്ഥാൻ സൈന്യത്തെ തുർക്കി ഉപദേഷ്ടാക്കൾ സഹായിച്ചതായും വൃത്തങ്ങൾ പറയുന്നു. ഇന്ത്യൻ മുൻനിര സ്ഥാനങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ബെയ്‌രക്തർ ടിബി2, വൈഹ ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാനായി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.
സമീപ വർഷങ്ങളിൽ പാകിസ്ഥാനുമായുള്ള തുർക്കിയുടെ പ്രതിരോധ ബന്ധം അതിവേഗം വളർന്നിരുന്നു. തുർക്കി അത്യാധുനിക സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുക മാത്രമല്ല പാകിസ്ഥാൻ സൈനികരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നതായാണ് പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
തുർക്കിയും പാകിസ്ഥാനും തമ്മിലുള്ള ഈ ബന്ധം ഇന്ത്യയിൽ ആശങ്കകൾ ഉയർത്തുകയും തുർക്കി ബഹിഷ്കരണമെന്ന ആശയം ഇന്ത്യയിൽ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്തു. പ്രത്യേകിച്ചും സമീപകാലത്തെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിനുശേഷം ഈ ആശയം വീണ്ടും ഉയർന്നു കേൾക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോവിഡ്-19 മഹാമാരിക്ക് ശേഷം തുർക്കിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വർദ്ധിച്ചിരുന്നു. അലുമിനിയം, ഓട്ടോ പാർട്‌സ്, വിമാന ഘടകങ്ങൾ, ടെലികോം ഗിയർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയ കയറ്റുമതി തുർക്കിയുടെ പ്രതിരോധത്തിൽ കൂടുതൽ മെച്ചമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. തുർക്കിയുടെ ഡ്രോൺ ഉത്പാദനം വർധിക്കാനും ഇത് സഹായകമായിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.
മെയ് 7, 8 രാത്രികളിൽ പാകിസ്ഥാൻ സൈന്യം വടക്ക്, പടിഞ്ഞാറ് അതിർത്തികളിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഏകദേശം 300–400 ഡ്രോണുകൾ വിക്ഷേപിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി, ഡ്രോണുകൾ തുർക്കി നിർമ്മിത അസിസ്ഗാർഡ് സോംഗർ മോഡലുകളാണെന്ന് പറഞ്ഞിരുന്നതായി ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗത രീതികളും ഇലക്ട്രോണിക് രീതികളും ഉപയോഗിച്ചാണ് ഇന്ത്യൻ സൈന്യം അവയിൽ പലതും വെടിവച്ചിട്ടതെന്നും സോഫിയ ഖുറേഷി പറഞ്ഞിരുന്നു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനും രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് ഡ്രോൺ കൂട്ടം ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിനിടെ, 36 സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ, തുർക്കി ഡ്രോണുകൾ ഉപയോഗിച്ചതായി ഇന്ത്യൻ സൈന്യം വെളിപ്പെടുത്തി.
അതേസമയം, പാകിസ്ഥാനുമായുള്ള സൈനിക ബന്ധത്തെ തുടർന്ന് തുർക്കി വാർത്താ ഔട്ട്‌ലെറ്റിന് ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. തുർക്കി വാർത്താ ഏജൻസിയായ ടിആർടിയുടെ എക്സ് അക്കൗണ്ട് ആണ് ബ്ലോക്ക് ആക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും പാകിസ്ഥാൻ പ്രചാരണം പ്രോത്സാഹിപ്പിച്ചതിനും ചൈനീസ് സ്റ്റേറ്റ് മാധ്യമങ്ങളായ സിൻഹുവ, ഗ്ലോബൽ ടൈംസ് എന്നിവയുടെ എക്സ് അക്കൗണ്ടുകളും ഇന്ത്യ ബ്ലോക്ക് ചെയ്തിരുന്നു.
Content Summary: turkey helped pakistan in attack against india, provided 350 drones