നിലവിൽ ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള രണ്ട് വ്യക്തികൾ അമേരിക്കക്കാരാണ്. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യുദ്ധം ചെയ്യണമെന്നാണ് ലോകത്തിനോട് പറഞ്ഞതെങ്കിൽ ലിയോ പതിനാലാമൻ മാർപാപ്പ ലോകത്തോട് പറഞ്ഞത് സമാധാനം വേണമെന്നാണ്. ശക്തരായ രണ്ട് അമേരിക്കൻ നേതാക്കളുടെ വ്യത്യസ്ത ലോകവീക്ഷണങ്ങളാണ് പലരും എടുത്ത് പറയുന്നത്.
താരിഫ് യുദ്ധങ്ങളും ഭീഷണികളും പോലുള്ള ട്രംപിന്റെ ആക്രമണാത്മക നയങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികൾക്കിടയിലെ വിശ്വാസം പോലും തകർന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഷിക്കാഗോയിൽ ജനിച്ച ആദ്യ അമേരിക്കക്കാരനായ പോപ്പാണ് ലിയോ പതിനാലാമൻ. പോപ്പായി തിരഞ്ഞെടുത്തതോടെ അദ്ദേഹം ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഏകദേശം 250 വർഷക്കാലം ഒരു അമേരിക്കൻ പോപ്പിനെ തിരഞ്ഞെടുക്കുന്നതിൽ നിന്ന് കത്തോലിക്കാ സഭ ഒഴിഞ്ഞുമാറി നിന്നിരുന്നു. ഒരു രാജ്യത്തിന് ആഗോളതലത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നത് തടയാൻ വേണ്ടിയായിരുന്നു അതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശൈലി, മൂല്യങ്ങൾ, നേതൃത്വം എന്നിവയിൽ ട്രംപും ലിയോ പതിനാലാമനും വളരെ വ്യത്യസ്തരാണ്. ട്രംപ് ഏറ്റുമുട്ടലിലും സ്വയം ഉയർത്തിപ്പിടിക്കലിലും അഭിവൃദ്ധി പ്രാപിക്കുമ്പോൾ മറുവശത്ത് മാർപാപ്പ ലോകത്തിന് സമാധാനം ആഗ്രഹിക്കുകയാണ്.
പെറുവിൽ 20 വർഷം മിഷനറിയായി ലിയോ പതിനാലാമൻ മാർപാപ്പ സേവനമനുഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇരട്ട യുഎസ്-പെറുവിയൻ പൗരത്വവുമുണ്ട്. ഈ ആഗോള അനുഭവം അദ്ദേഹത്തിന്റെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നുവെന്നും അമേരിക്കൻ രാഷ്ട്രീയത്തേക്കാൾ സേവനത്തിലും ഐക്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും വിദഗ്ദ്ധർ പറയുന്നു.
ലിയോയുടെ തിരഞ്ഞെടുപ്പിനെ ട്രംപ് പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും എത്രത്തോളം അംഗീകരിച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും ദി ന്യു ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കുടിയേറ്റത്തെയും ക്രിസ്ത്യൻ മൂല്യങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങളിൽ വൈസ് പ്രസിഡന്റ് ജെഡി വാൻസിനെ വിമർശിക്കുന്നത് ഉൾപ്പെടെ, സംസാരിക്കാൻ തനിക്ക് ഭയമില്ലെന്ന് പോപ്പ് ലിയോ ഇതിനകം തെളിയിച്ചിട്ടുണ്ട്.
Content Summary:Two American leaders with different worldviews; how are Trump and Pope Leo XIV different?