അസമിലെ കര്‍ബി ആംഗ്ലോങ് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30 എംകെഐ (Su-30MKI) യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. സ്ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുര്‍വേഷ് ദുരാഗ്കര്‍ എന്നിവരാണ് അപകടത്തില്‍ വീരമൃത്യു വരിച്ചത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
വ്യാഴാഴ്ച രാത്രി ഏഴരയോടെ അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. രാത്രി 7.42 ഓടെ വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമാവുകയും നിയന്ത്രണ കേന്ദ്രവുമായുള്ള ആശയവിനിമയം നിലയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ജോര്‍ഹട്ടില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള കര്‍ബി ആംഗ്ലോങ് ജില്ലയിലെ വിദൂര കുന്നിന് പ്രദേശത്ത് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
കര്‍ബി ആംഗ്ലോങ്ങിലെ നിലിപ് ബ്ലോക്കിന് സമീപം രാത്രി ഏഴുമണിയോടെ വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പോലീസും വ്യോമസേനയും നടത്തിയ തിരച്ചിലിലാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പൈലറ്റുമാര്‍ക്ക് മാരകമായി പരിക്കേറ്റിരുന്നതായും അവരെ രക്ഷിക്കാനായില്ലെന്നും വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
റഷ്യന്‍ വിമാന നിര്‍മ്മാതാക്കളായ സുഖോയ് വികസിപ്പിച്ചെടുത്ത രണ്ട് സീറ്റുകളുള്ള മള്‍ട്ടിറോള്‍ ദീര്‍ഘദൂര യുദ്ധവിമാനമാണ് സു-30 എംകെഐ. നിലവില്‍ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ലൈസന്‍സിന് കീഴില്‍ ഈ വിമാനം നിര്‍മ്മിക്കുന്നുണ്ട്. 1997-ലാണ് ഈ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. നിലവില്‍ 260-ലധികം സുഖോയ് വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്.
സുഖോയ് വിമാനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ജൂണില്‍ മഹാരാഷ്ട്രയിലെ നാസിക്കിലും 2023 ജനുവരിയില്‍ ഗ്വാളിയോര്‍ വ്യോമതാവളത്തിന് സമീപവും സുഖോയ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അപകടകാരണം കണ്ടെത്താന്‍ വ്യോമസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Summary: Two IAF pilots killed as Sukhoi Su-30MKI crashes