യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാ പ്രവാസികൾക്കും ഇനി ലഭിക്കുക ഇ-പാസ്‌പോർട്ട് (e-passport). ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (CGI) ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച ഈ വിവരം സ്ഥിരീകരിച്ചത്. ഇന്ത്യൻ സർക്കാർ ഒക്ടോബർ 28നാണ് ആഗോളതലത്തിൽ ഇ-പാസ്‌പോർട്ട് സംവിധാനം നടപ്പിലാക്കിയത്.
നിലവിലുള്ള പാസ്പോർട്ടിൽ ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയും സംയോജിപ്പിച്ച രീതിയിലാവും ഇ പാസ്പോർട്ട്. ഇ-പാസ്‌പോർട്ടിന്റെ പിന്നിലെ കവറിനുള്ളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ഒരു ആന്റിനയും ഘടിപ്പിച്ചിരിക്കും. പാസ്‌പോർട്ട് ഉടമയുടെ പേര്, ജനനത്തീയതി, ചിത്രം, പാസ്‌പോർട്ട് നമ്പർ, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ എന്നിവയെല്ലാം ഈ ചിപ്പിൽ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്ത് സൂക്ഷിച്ചിരിക്കും. ഇ-പാസ്‌പോർട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയാനായി, പാസ്‌പോർട്ടിന്റെ മുൻ കവറിൽ ഒരു ചെറിയ സ്വർണ്ണ നിറത്തിലുള്ള ചിപ്പ് ചിഹ്നം (Gold color chip symbol) അച്ചടിച്ചിട്ടുണ്ടാകും.
പുതിയ RFID (Radio Frequency Identification) ചിപ്പ് ഘടിപ്പിച്ച പാസ്‌പോർട്ടുകൾ ഇതിനകം തന്നെ ആളുകൾക്ക് നൽകിത്തുടങ്ങിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പുതിയ സംവിധാനം അനുസരിച്ച്, അപേക്ഷകർ നിർബന്ധമായും പാസ്‌പോർട്ട് സേവാ പ്രോഗ്രാം (GPSP 2.0) വഴിയായിരിക്കണം പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളുടെ ഓൺലൈൻ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യുഎഇയിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ഉള്ള പ്രവാസികൾ അതത് രാജ്യത്തെ കോൺസുലേറ്റ് വഴിയുള്ള ഇന്ത്യൻ പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റ് ഉപയോഗിക്കണം.
പുതിയ സംവിധാനം വഴി അപേക്ഷകർക്ക് അവരുടെ വിവരങ്ങൾ പൂരിപ്പിക്കാൻ രണ്ട് മിനിറ്റ് മാത്രമേ എടുക്കൂവെന്നാണ് യുഎഇയിലെ ഇന്ത്യൻ എംബസിയുടെ ചുമതല വഹിക്കുന്ന എ. അമർനാഥ് വ്യക്തമാക്കുന്നത്. നിങ്ങൾ നിങ്ങളുടെ പഴയ പാസ്‌പോർട്ട് നമ്പർ നൽകുക, വെരിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുക, സബ്മിറ്റ് ചെയ്യുക, അതോടെ നടപടിക്രമം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പാസ്‌പോർട്ട് പുതുക്കുന്നതിന് നിലവിൽ അപ്പോയിന്റ്‌മെന്റ് എടുത്തവർക്ക് അതിനായുള്ള ഒരു ഓപ്ഷൻ ഉണ്ടാകും. ഫോട്ടോയിൽ നിന്ന് ബയോമെട്രിക് സവിശേഷതകൾ വേർതിരിച്ചെടുക്കുന്നതിനാൽ, മാനദണ്ഡങ്ങൾ പാലിക്കാത്ത ഫോട്ടോകൾ ഉൾപ്പെട്ട അപേക്ഷ അസാധുവാകും. പാസ്‌പോർട്ട് ലഭിക്കാനുള്ള സമയപരിധിയിലോ സേവന ചാർജുകളിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അപേക്ഷിക്കേണ്ടത് എങ്ങനെ ?
.ആദ്യം, പാസ്‌പോർട്ട് സേവാ ഓൺലൈൻ പോർട്ടലിൽ (Passport Seva Online Portal) പ്രവേശിക്കുക. പുതിയ ഉപയോക്താവായി രജിസ്റ്റർ ചെയ്യുക. ഇതിനായി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ (പേര്, ജനനത്തീയതി, ഇമെയിൽ ഐഡി തുടങ്ങിയവ) നൽകേണ്ടതുണ്ട്.
.നിങ്ങൾ രജിസ്റ്റർ ചെയ്ത ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കുക. “Apply for Fresh Passport/Re-issue of Passport” (പുതിയ പാസ്‌പോർട്ടിന്/പാസ്‌പോർട്ട് പുതുക്കുന്നതിന് അപേക്ഷിക്കുക) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപേക്ഷാ ഫോം ശ്രദ്ധയോടെ പൂരിപ്പിക്കുക. എല്ലാ വ്യക്തിഗത വിവരങ്ങളും, വിലാസവും, മറ്റ് ആവശ്യമായ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
.ഫോം സമർപ്പിച്ച ശേഷം, അടുത്ത ഘട്ടം അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക എന്നതാണ്. അതത് രാജ്യങ്ങളിലെ കോൺസുലേറ്റുകളുടെയോ എംബസികളുടെയോ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെയോ സമയവും തീയതിയും തിരഞ്ഞെടുക്കുക. ഫീസ് ഓൺലൈനായി അടച്ച് അപ്പോയിന്റ്മെന്റ് ഉറപ്പിക്കുക.
.ബുക്ക് ചെയ്ത തീയതിയിലും സമയത്തും ആവശ്യമായ ഒറിജിനൽ രേഖകളുമായി പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ (PSK/POPSK) ഹാജരാകുക.
ഇവിടെവെച്ച് നിങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം, മുഖം സ്കാൻ ചെയ്ത ചിത്രം) രേഖപ്പെടുത്തും.
.വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നിങ്ങളുടെ അപേക്ഷയുടെ നടപടിക്രമങ്ങൾ ആരംഭിക്കും.
content summary: UAE to introduce reformed e-passports with personal information stored on electronic chips for Indian expatriates
This post was last modified on October 30, 2025 6:16 pm
Leave a Comment