രാജസ്ഥാനിലെ ഉദയ്പൂരിൽ സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. പരിക്കേറ്റ് മൂന്ന് ദിവസത്തിന് ശേഷം, ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങിയത്. സംഭവം ഉദയ്പൂരിൽ വർഗീയ സംഘർഷങ്ങൾക്ക് കാരണമാവുകയും ഉദയ്പൂരിലും സമീപ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഭാട്ടിയനി ചോട്ട പ്രദേശത്തെ സർക്കാർ സ്‌കൂളിൽ വച്ചാണ് സംഭവം അരങ്ങേറിയത്. udaipur stabbed death
ഓഗസ്റ്റ് 16 വെളളിയാഴ്ചയുണ്ടായ സംഭവത്തെ തുടർന്ന് വിദ്യാർത്ഥിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, നടന്ന പ്രതിഷേധങ്ങൾക്കിടെ ജനക്കൂട്ടം വാഹനങ്ങൾ കത്തിക്കുകയും കടകൾ അടിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടിയെ കുത്തിപരുക്കേൽപ്പിച്ച സഹപാഠിയേയും പിതാവിനെയും അറസ്റ്റ് ചെയ്തു. അപകട ദിവസം ആശുപത്രിക്ക് ചുറ്റും ജനം തടിച്ചുകൂടിയെങ്കിലും പോലീസ് ഇടപെട്ട് ഇവരെ നീക്കുകയായിരുന്നു.
വനഭൂമി കയ്യേറിയെന്ന് ആരോപിച്ച് 15 വയസ്സുള്ള പ്രതിയും കുടുംബവും താമസിച്ചിരുന്ന വാടക വീട് ശനിയാഴ്ച അധികാരികൾ പൊളിച്ചുനീക്കിയിരുന്നു. കുത്തേറ്റ കുട്ടിയുടെ സഹോദരിമാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രക്ഷാബന്ധനത്തോടനുബന്ധിച്ച് കൈത്തണ്ടയിൽ രാഖി കെട്ടിയിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ജില്ലാ ഭരണകൂടം ആശുപത്രിക്ക് ചുറ്റും കൂടുതൽ സേനയെ വിന്യസിക്കുകയും, സമാധാനവും ക്രമസമാധാനവും നിലനിർത്താൻ ഉദയ്പൂർ സോൺ ഐജി അജയ് പാൽ ലാംബ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. കേസ് ഓഫീസർ സ്കീമിന് കീഴിലാണ് കേസ് എടുത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേസിൽ കോടതിയിൽ നിന്ന് ഉത്തരവുകൾ നേടുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. udaipur stabbed death
അതേസമയം, കുട്ടിയുടെ ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് ലോക്‌സഭാ എംപി ഭജൻ ലാൽ ജാതവിൻ്റെ നേതൃത്വത്തിൽ നാലംഗ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. വിദ്യാർത്ഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണമെന്നും, ബന്ധുക്കൾക്ക് സർക്കാർ ജോലികളും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഗോവിന്ദ് സിംഗ് ദോതസ്ര വാദിച്ചു.
content summary; udaipur on edge after class 10 boy stabbed by schoolmate dies