മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകവേദയില്‍ അരങ്ങേറുന്ന പോരാട്ടകഥയിലെ കേന്ദ്ര കഥാപാത്രങ്ങളാണ് ഉദ്ധവ് താക്കറെയും ഏക്നാഥ് ഷിന്‍ഡെയും. ഈ ദ്വന്ദമത്സരത്തിന്റെ ലക്ഷ്യം ഭരണസിംഹാസനം മാത്രമല്ല, ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേനയുടെ യഥാര്‍ത്ഥ്യ പാരമ്പര്യത്തിന്റെ അവകാശം കൂടിയാണ്. മഹരാഷ്ട്രയില്‍ ആസന്നമായിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സഖ്യങ്ങളാണ് ഏറ്റുമുട്ടുന്നത്. നിലവിലെ ഭരണ സഖ്യമായ മഹായുതി(ബിജെപി, ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി ഘടകം) ഒരു വശത്തും, മഹാ വികാസ് അഘാഡി(കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെ ശിവസേന വിഭാഗം(യുടിബി), ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി) മറുവശത്തും നില്‍ക്കുന്നു. എന്നാലും പറയുന്നു, ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയ അധികാരത്തിനു വേണ്ടി മാത്രമല്ല, മറിച്ച്, ശിവസേനയുടെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്; മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ അവകാശം സ്വന്തമാക്കാനാണ്.
ഏകനാഥ് ഷിന്‍ഡെ-വാഴ്ച്ചയും പരീക്ഷണവും
ഐക്യ ശിവസേനയിലെ നേതാവായിരുന്ന ഏകനാഥ് ഷിന്‍ഡെ, 2022 ജൂണില്‍ ശിവസേനയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ സംഭവിച്ചത് മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപ്രകൃതിയുടെ ഒരു നാടകീയ മാറ്റമായിരുന്നു. പാര്‍ട്ടിയില്‍ നിന്നും ഒരു വിഭാഗം എംഎല്‍എമാരുമായാണ് ബിജെപി താവളത്തിലേക്ക് ചെന്നത്. ഈ കൂറുമാറ്റത്തോടെ ഉദ്ധവ് താക്കറെയുടെ ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്ന് 2019 ല്‍ രൂപീകരിച്ച മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാര്‍ തകര്‍ന്നു. ബി.ജെ.പിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി വിഭാഗവും പിന്തുണച്ചതോടെ ഉദ്ധവിനെ താഴെയിറക്കി ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി, സംസ്ഥാനത്ത് മഹായുതി സര്‍ക്കാര്‍ അധികാരത്തിലെത്തി.
എംവിഎ സഖ്യത്തെ തകര്‍ക്കുക മാത്രമല്ല, ശിവസേനയില്‍ ഉദ്ധവിനെ പരിക്ഷീണനാക്കാനും ഷിന്‍ഡെയ്ക്ക് തന്റെ രാഷ്ട്രീയ അട്ടിമറിയിലൂടെ സാധിച്ചു. എന്നിരുന്നാലും, 2024 ലെ തിരഞ്ഞെടുപ്പ് അദ്ദേഹത്തെ സംബന്ധിച്ച് വലിയൊരു പരീക്ഷണമായിരിക്കും. ‘യഥാര്‍ത്ഥ’ ശിവസേനയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന വിഭാഗത്തിന്റെ നേതാവ് എന്ന നിലയില്‍, ഷിന്‍ഡെ തന്റെ സ്ഥാനം ഉറപ്പിക്കുകയും വേണം അതോടൊപ്പം തന്റെ വളര്‍ച്ച ബിജെപിയുടെ സഹായം കൊണ്ടല്ലെന്ന് തെളിയിക്കുകയും വേണം. ഷിന്‍ഡെയുടെ ലക്ഷ്യം മുഖ്യമന്ത്രിക്കസരേയില്‍ തിരികെ എത്തതുക മാത്രമല്ല, ബാല്‍ താക്കറെയുടെ പാര്‍ട്ടിയുടെ പൈതൃകത്തിന്മേല്‍ ഉടമസ്ഥാവകാശം നേടുക കൂടിയാണ്.
താക്കറെ പാരമ്പര്യം നിലനിര്‍ത്താനുള്ള ഉദ്ധവിന്റെ പോരാട്ടം
ഉദ്ധവ് താക്കറെയെ സംബന്ധിച്ചിടത്തോളം, 2024 ലെ തിരഞ്ഞെടുപ്പ് ശിവസേനയുടെ സിംഹാസനത്തിന്റെ നിയമപരമായ അവകാശി എന്ന തന്റെ അവകാശവാദം സ്ഥിരീകരിക്കുന്നതിനുള്ള നിര്‍ണായക അവസരമാണ്. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് (യുബിടി) പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കിന്റെ ഗണ്യമായ അവകാശം കൈവശമുണ്ടെങ്കിലും, പ്രധാന നേതാക്കളെയും എംഎല്‍എമാരെയും ഷിന്‍ഡെ കൂടെക്കൊണ്ടുപോയതോടെ ഉദ്ധവിന്റെ രാഷ്ട്രീയ സ്വാധീനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വഞ്ചന രാഷ്ട്രീയത്തിന്റെ തുറന്നു കാട്ടലാണ് ഷിന്‍ഡെയെക്കൂടി ലക്ഷ്യമിട്ട് ഉദ്ധവ് നടത്തുന്ന പ്രചാരണത്തിന്റെ കാതല്‍. ഷിന്‍ഡെ വിഭാഗത്തെ ‘ഡ്യൂപ്ലിക്കേറ്റ്’ ശിവസേന എന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. ഇത് ബിജെപിയുടെ സൃഷ്ടിയാണെന്നും ആരോപിച്ചു. സഞ്ജയ് റാവത്തിനെപ്പോലുള്ള പാര്‍ട്ടി നേതാക്കളടക്കം ഉദ്ധവിന്റെ അനുയായികളായിരുന്നവര്‍ ബാല്‍ താക്കറെയുടെ ആദര്‍ശങ്ങള്‍ ഉപേക്ഷിച്ചതിനും അദ്ദേഹം ഷിന്‍ഡെ വിഭാഗത്തെ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തുകയാണ്. ഉദ്ധവിനെ സംബന്ധിച്ചിടത്തോളം, ഈ തിരഞ്ഞെടുപ്പ് അധികാരം തിരിച്ചുപിടിക്കാന്‍ മാത്രമല്ല, മറാത്തി സ്വത്വത്തിന്റെയും ഹിന്ദുത്വത്തിന്റെയും മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന ‘യഥാര്‍ത്ഥ’ ശിവസേനയെ അദ്ദേഹത്തിന്റെ നേതൃത്വം പ്രതിനിധീകരിക്കുന്നു എന്ന് വീണ്ടും ഉറപ്പിക്കാന്‍ കൂടിയാണ്.
മഹാരാഷ്ട്രയെ ആര് നയിക്കും?
മഹാരാഷ്ട്രയില്‍ ആര് അധികാരത്തില്‍ വരുമെന്നതിനെക്കാള്‍ വലിയ ചോദ്യം ആര് മുഖ്യമന്ത്രിയാകുമെന്നാണ്. യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളിയാണ് നിലവിലെ മുഖ്യമന്ത്രിയായ ഏകനാഥ് ഷിന്‍ഡെ പ്രധാനമായും നേരിടുന്നത്. എന്നിരുന്നാലും, മഹായുതി സഖ്യത്തിനുള്ളിലെ നേതൃത്വത്തെ സംബന്ധിച്ച് പലതരം സങ്കീര്‍ണ്ണതകളുണ്ട്. നിലവില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ശിവസേന വിഭാഗത്തിന്റെ മുഖമാണ് ഷിന്‍ഡെയാണെങ്കിലും, ഈ സഖ്യത്തില്‍ ബി.ജെ.പി തന്നെയാണ് പ്രബല പങ്കാളി. ഇത് മുഖ്യമന്ത്രിക്കസേരയില്‍ സ്വന്തം നേതാക്കളില്‍ ഒരാളെ ഇരുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കും. സഖ്യം വിജയിക്കുകയാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിന്‍ഡെയുടെ പ്രധാന എതിരാളിയാകുമെന്നാണ് പല വിശകലന വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഒരുകാലത്ത് മഹാരാഷ്ട്രയിലെ ബിജെപിയുടെ അനിഷേധ്യ നേതാവായിരുന്ന ഫഡ്‌നാവിസ്, ഷിന്‍ഡെയുടെ ഉയര്‍ച്ചയ്ക്ക് ശേഷം ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. ഫഡ്‌നാവിസ് ഇത്തവണ വീട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെങ്കില്‍, അത്തരമൊരു നീക്കം സഖ്യത്തിനുള്ളിലെ ബന്ധത്തെ സങ്കീര്‍ണ്ണമാക്കും. രാഷ്ട്രീയ തന്ത്രജ്ഞനായ അഭിമന്യു ഭാരതി സൂചിപ്പിക്കുന്നത് പോലെ, സ്വന്തം സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപിയുടെ ഏതൊരു ശ്രമത്തിനും ഷിന്‍ഡെയുടെ പ്രതികരണം നിര്‍ണായകമാകും, സഖ്യത്തിനുള്ളില്‍ ഒരു പ്രധാന പങ്ക് അല്ലെങ്കില്‍ തന്റെ വിശ്വസ്തതയ്ക്കുള്ള പ്രതിഫലം ഷിന്‍ഡെ പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ പ്രാദേശിക പിന്തുണയുള്ള താഴേത്തട്ടിലുള്ള നേതാവായ ഷിന്‍ഡെ തന്നെ തഴയാനുള്ള ഒരു നീക്കത്തോടും ദയ കാണിക്കില്ല, മാത്രമല്ല സഖ്യത്തെ ഭീഷണിയിലാക്കുകയും ചെയ്യും, ഇത് മഹായുതിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കും.
ശിവസേനയുടെ പാരമ്പര്യം: ബാല്‍ താക്കറെയുടെ സ്വാധീനം
2024ലെ തിരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണായകമായ വശം ശിവസേനയുടെ സ്ഥാപകനായ ബാല്‍ താക്കറെയുടെ പാരമ്പര്യത്തിനായുള്ള പോരാട്ടമാണ്. ഉദ്ധവ് താക്കറെയും ഏകനാഥ് ഷിന്‍ഡെയും സേനയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ അണികളുടെ വിശ്വസ്തതയുടെയും യഥാര്‍ത്ഥ അവകാശികളാകാനാണ് മത്സരിക്കുന്നത്.
ഉദ്ധവിനെ സംബന്ധിച്ചിടത്തോളം, ബാല്‍ താക്കറെയുടെ മകന്‍ എന്ന നിലയിലുള്ള സ്ഥാനം അദ്ദേഹത്തിന് മേല്‍ക്കൈ നല്‍കുന്നുണ്ട്, എന്നാല്‍ പ്രധാന ശിവസേന നേതാക്കളെ ആകര്‍ഷിക്കാനുള്ള ഷിന്‍ഡെയുടെ കഴിവും അദ്ദേഹത്തിന്റെ അടിത്തട്ടിലുള്ള ബന്ധവും ഉദ്ധവിന്റെ വഴികളില്‍ തടസമാകുന്നു. പരമ്പരാഗതമായി ശിവസേനയുടെ ശക്തികേന്ദ്രങ്ങളായ കൊങ്കണ്‍, താനെ, മുംബൈ മേഖലകളില്‍ ഷിന്‍ഡെ വിഭാഗത്തിനാണ് മുന്‍തൂക്കം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഷിന്‍ഡെ വിഭാഗം ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തിന് ഈ മേഖലകളില്‍ കാര്യമായ സ്വാധീനമുണ്ടെന്ന് കാണിച്ചിരുന്നു. ഉദാഹരണത്തിന്, കൊങ്കണ്‍ മേഖലയില്‍, ഷിന്‍ഡെ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികളോടാണ് ജനം കൂറ് കാണിച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല പ്രധാന സീറ്റുകളും അവര്‍ നേടി. മറുവശത്ത്, ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) ഈ പ്രദേശങ്ങളില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടും കൊങ്കണില്‍ ഒരു സീറ്റും നേടാനായില്ല. വിശ്വസ്തരായ അനുയായികളെ വളര്‍ത്തിയെടുത്ത താനെയില്‍ ഷിന്‍ഡെയുടെ രാഷ്ട്രീയ സ്വാധീനം ചോദ്യം ചെയ്യപ്പെടാത്തതാണ്. പ്രാദേശിക നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധവും താനെയിലെ രക്ഷിതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനവും മേഖലയിലെ പ്രബല ശക്തിയെന്ന നിലയില്‍ ഷിന്‍ഡജെ വിഭാഗത്തെ നിലനിര്‍ത്തുന്നു. പരമ്പരാഗത ശിവസേന വോട്ടര്‍മാര്‍ക്കിടയില്‍ ഉദ്ധവ് താക്കറെയുടെ വിഭാഗത്തിന് ഇപ്പോഴും അണികളുടെ പിന്തുണയുണ്ടെങ്കിലും, പാര്‍ട്ടി ഐക്യം നിലനിര്‍ത്താനുള്ള ഷിന്‍ഡെയുടെ കഴിവ്, പ്രത്യേകിച്ച് താനെ, പാല്‍ഘര്‍ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍, അദ്ദേഹത്തിന് ഒരു പ്രത്യേക മുന്‍തൂക്കം നല്‍കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മഹാരാഷ്ട്ര നീങ്ങുമ്പോള്‍, ഉദ്ധവ് താക്കറെയും ഏകനാഥ് ഷിന്‍ഡെയും തമ്മിലുള്ള പോരാട്ടം ഒരു രാഷ്ട്രീയ മത്സരം മാത്രമല്ല; ഇത് ബാല്‍ താക്കറെയുടെ പാരമ്പര്യത്തിനും ശിവസേനയുടെ രാഷ്ട്രീയ ഭാവിക്കും മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപ്രകൃതിയുടെ നിയന്ത്രണത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. ഉദ്ധവിനെ സംബന്ധിച്ചിടത്തോളം ഇത് തന്റെ ജന്മാവകാശമായി കാണുന്ന രാഷ്ട്രീയ നേതൃത്വം വീണ്ടെടുക്കാനുള്ള പോരാട്ടമാണ്. ഷിന്‍ഡെയെ സംബന്ധിച്ചിടത്തോളം, നേതൃത്വത്തിന്റെ മേലങ്കി അവകാശപ്പെടാന്‍ മാത്രമല്ല, മഹാരാഷ്ട്രയിലെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയെന്ന നിലയിലുള്ള തന്റെ സ്ഥാനം ഉറപ്പിക്കാനും ഇത് അവസരമാണ്.
ആത്യന്തികമായി, ഈ തെരഞ്ഞെടുപ്പിന്റെ ഫലം ശിവസേനയുടെ പൈതൃകത്തെ നിയന്ത്രിക്കുന്നത് ആരാണെന്ന് നിര്‍ണ്ണയിക്കും, അതോടൊപ്പം മഹാരാഷ്ട്രയുടെ ഭാവി രാഷ്ട്രീയ ദിശയും. ബി.ജെ.പിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ശിവസേനയെക്കുറിച്ചുള്ള ഉദ്ധവ് താക്കറെയുടെ വീക്ഷണമാണോ അതോ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുന്ന ശിവസേനയെക്കുറിച്ചുള്ള ഏകനാഥ് ഷിന്‍ഡെയുടെ വീക്ഷണമാണോ ശരിയെന്നതില്‍ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ ഉടന്‍ തീരുമാനമെടുക്കും. Uddhav Thackeray vs Eknath Shinde, battle for the legacy of Shiv Sena
Content Summary; Uddhav Thackeray vs Eknath Shinde, battle for the legacy of Shiv Sena