മുഖ്യമന്ത്രി പ്രഖ്യാപനമെന്ന വലിയ കടമ്പ കടന്നിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ പിന്നെയുള്ളത് രണ്ട് കീറാമുട്ടികളാണ്. ആദ്യത്തേത് മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്ത കെ.സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കുക എന്നതാണ്. രണ്ടാമത്തേത് മന്ത്രിസഭാരൂപീകരണവും. വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ദിവസം തന്നെ കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് ഹൈക്കമാൻഡിന്റെ തീരുമാനം നൂറുശതമാനവും സ്വാഗതം ചെയ്യുന്നുവെന്ന പ്രതികരണം നടത്തിയതാണ്. എന്നാൽ, മുതിർന്ന നേതാവായിട്ടും മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്ത രമേശ് ചെന്നിത്തലയാകട്ടെ നഷ്ടം നികത്താനായി ആഭ്യന്തര വകുപ്പിൽ പിടി മുറുക്കുകയാണെന്നാണ് വാർത്തകൾ. ഇനി യുഡിഎഫിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി മന്ത്രിസഭാ രൂപീകരണമെന്ന പ്രക്രിയ ഭംഗിയായി നടത്തുകയെന്നതാണ്.
തിങ്കളാഴ്ച മറ്റു മന്ത്രിമാർക്കൊപ്പമായിരിക്കും താൻ സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് വി.ഡി സതീശൻ പറഞ്ഞിരിക്കുന്നത്. അങ്ങനെയാണെങ്കിൽ, മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഏതൊക്കെ വകുപ്പുകൾ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിക്കേണ്ടതായിട്ടുണ്ട്. ഇതാണ് യുഡിഎഫിന് മുന്നിലെ അടുത്ത വെല്ലുവിളി. മുതിർന്ന നേതാക്കളുമായി സംസാരിച്ച് പാർട്ടിയായിരിക്കും മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കുകയെന്നാണ് വി.ഡി സതീശൻ വ്യക്തമാക്കിയത്. അതേ സമയം, മുഖ്യമന്ത്രിസ്ഥാനത്തിൽ നിന്ന് തഴയപ്പെട്ട കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും പാർട്ടിയിൽ തന്റെ പ്രിയപ്പെട്ടവർക്ക് വകുപ്പുകൾ ആവശ്യപ്പെടാൻ സാധ്യതയേറെയാണ്. അഭ്യന്തരം, ആരോഗ്യം, ടൂറിസം, റെവന്യൂ, ധനകാര്യം എന്നീ പ്രധാന വകുപ്പുകളാണ് കെ.സി വേണുഗോപാൽ പ്രതീക്ഷിക്കുന്നത്. വി.ഡി സതീശനുമായി ഒരു ഉപാധിയുമില്ല എന്നൊക്കെ പറയുന്നുണ്ടെങ്കിലും രമേശ് ചെന്നിത്തല ആഭ്യന്തരത്തിൽ കുറഞ്ഞ വകുപ്പുകളൊന്നും സ്വീകരിക്കാൻ സാധ്യതയില്ല. അതിനോടൊപ്പം തന്റെ കൂടെ നിൽക്കുന്ന രണ്ട് എം.എൽ.എ മാർക്ക് സുപ്രധാന വകുപ്പുകളും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യം യുഡിഎഫ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
21 അംഗങ്ങളുള്ള മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയുൾപ്പെടെ ആകെ 11 മന്ത്രിമാരും സ്പീക്കറുമായിരിക്കും ഉണ്ടാകുക. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനും മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ എന്നിവർക്കും മന്ത്രിസ്ഥാനം എന്തായാലും ഉറപ്പാണ്. എൻ ശക്തൻ, പി.സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, ചാണ്ടി ഉമ്മൻ, വി.ടി ബൽറാം, എ.പി അനിൽകുമാർ, ടി സിദ്ദിഖ്, കെ ജയന്ത് എന്നിവരുടെ പേരുകളും പരിഗണനയിലാണ്.
മുഖ്യ ഘടക കക്ഷിയായ മുസ്ലിം ലീഗിൽ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ദീൻ, പി.കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം ഷാജി, പാറയ്ക്കൽ അബ്ദുള്ള, എ.കെ.എം അഷറഫ്, മഞ്ഞളാം കുഴി അലി എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തിലേക്ക് പരിഗണനയിലുള്ളത്. കേരള കോൺഗ്രസ് ജോസഫ് പക്ഷം രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനവും നൽകാനാണ് സാധ്യത. മോൻസ് ജോസഫിനേയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആർ.എസ്.പി യിൽ നിന്ന് ഷിബു ബേബി ജോണും കേരള കേരള കോൺഗ്രസ് ജേക്കബിൽ നിന്ന് അനൂപ് ജേക്കബും സി.എം.പി യിൽ നിന്ന് സി.പി ജോണും മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കും.
Content Summary: UDF faces crucial cabinet talks after naming V D Satheesan as Chief Minister, with Congress, Muslim League and allies negotiating key portfolios.
This post was last modified on May 16, 2026 9:04 am
Leave a Comment