ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള കരാറില്‍ യുകെ വ്യാഴാഴ്ച്ച(മേയ് 22) ഒപ്പ് വയ്ക്കുമെന്ന് വിവരം. ഈ വിഷയവുമായി അടുത്ത് ബന്ധമുള്ളവര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദശാബ്ദങ്ങള്‍ നീണ്ട തര്‍ക്കത്തിനാണ് ഇതോടെ അവസാനം കുറിക്കുന്നത്.
കരാര്‍ പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിനായിരിക്കും. അതേസമയം അവിടെ പ്രവര്‍ത്തിക്കുന്ന യുകെ-യുഎസ് സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യയുടെ അവകാശം 99 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നിലനിര്‍ത്തും. പാട്ടത്തുകയായി വലിയൊരു സംഖ്യ യുകെ മൗറീഷ്യസിന് നല്‍കുകയും ചെയ്യും. ഈ തുക ചാഗോസ് നിവാസികളുടെ പുനരധിവാസത്തിന് ഉപയോഗിക്കാം. പക്ഷേ ഡീഗോ ഗാര്‍ഷ്യ ഒഴികെയുള്ള പ്രദേശത്ത് മാത്രമായിരിക്കും പുനരധിവാസം നടക്കുക. ഡീഗോ ഗാര്‍ഷ്യ യുകെ-യുഎസ് സൈന്യത്ത സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് ചാഗോസ് ദ്വീപുകള്‍ കൈമാറുന്ന വിഷയം ഏറെ സങ്കീര്‍ണവും വിവാദവുമായി മാറിയതും. അന്താരാഷ്ട്രതലത്തിലുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സൈനിക താവളം രണ്ട് രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്.
കോളനി ഭരണകാലം മുതലുള്ള പ്രശ്‌നങ്ങളാണ് കൈമാറ്റത്തിലൂടെ പരിഹരിക്കപ്പെടാന്‍ സാധ്യത. യുകെയും മൗറീഷ്യസും തമ്മില്‍ ചാഗോസ് ദ്വീപുകളുടെ പേരില്‍ വലിയ തര്‍ക്കങ്ങളിലായിരുന്നു. കോളനി കാലത്ത് ചാഗോസ് ദ്വീപുകള്‍ യുകെ മൗറീഷ്യസില്‍ നിന്ന് വേര്‍പെടുത്തിയിരുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന മൗറീഷ്യസ് 1965 ലാണ് സ്വാതന്ത്ര്യമായത്. എന്നാല്‍ ചാഗോസ് ദ്വീപുകളുടെ അവകാശം ബ്രിട്ടന്‍ മൗറീഷ്യസിന് വിട്ടു നല്‍കിയിരുന്നില്ല. അവിടെ സൈനിക താവളം നിര്‍മിക്കാനായി ആയിരക്കണക്കിന് പ്രദേശവാസികളെയാണ് കുടിയിറക്കിയത്. ഇതിന്റെ പേരില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായതായും പരാതികളുണ്ട്. ഇവിടെ സ്ഥാപിച്ച സൈനിക താവളത്തില്‍ പിന്നീട് അമേരിക്കയ്ക്കും അവകാശം നല്‍കുകയായിരുന്നു. 1968 മുതല്‍ തന്നെ മൗറീഷ്യസ് ചാഗോസ് ദ്വീപുകള്‍ക്കായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഒപ്പം അന്താരാഷ്ട്രതലത്തില്‍ നിന്നും ബ്രിട്ടന് മേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. 2019 ല്‍ യുകെയുടെ ഈ നടപടി നിയമവിരുദ്ധമാണെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്.
അതേസമയം ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനം ബ്രിട്ടനകത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെതിരേ ഈ പേരില്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ബ്രിട്ടന്റെ തന്തപ്രധാനമായ ആസ്തിയാണ് കിയര്‍ സ്റ്റാര്‍മര്‍ ഉപേക്ഷിക്കുന്നതെന്നാണ് കണ്‍സര്‍വേറ്റുകള്‍ ആരോപിക്കുന്നത്. ഡീഗോ ഗാര്‍ഷ്യയുടെ പാട്ടത്തിനായി വലിയൊരു തുക നല്‍കുന്നതിലൂടെ രാജ്യത്തെ നികുതിദായകരുടെ ചുമലില്‍ ഭാരം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
രാജ്യ താത്പര്യം ലേബര്‍ പാര്‍ട്ടി ബലി കഴിച്ചു എന്നാണ് കണ്‍സര്‍വേറ്റുകളുടെ നിഴല്‍ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രി പ്രീതി പട്ടേല്‍ ആരോപിച്ചത്. പാര്‍ലമെന്‍് സമ്മേളനം അവസാനിക്കുന്നതിന് തൊട്ടു മുമ്പായി ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടുക വഴി, പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകാതെ നോക്കാനായി തന്ത്രപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പട്ടേല്‍ കുറ്റപ്പെടുത്തി.
ദ്വീപുകളുടെ കൈമാറ്റത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ അമേരിക്കയിലും പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും പ്രസിഡന്റ് ട്രംപ് അതെല്ലാം നിശബ്ദമാക്കിയിരിക്കുകയാണ്. ഡീഗോ ഗാര്‍ഷ്യയില്‍ യുകെയ്‌ക്കൊപ്പം തന്നെ യുഎസിനും 99 വര്‍ഷത്തേക്ക് അവകാശം കിട്ടുമെന്നതാണ് അതിനുള്ള കാരണം. കഴിഞ്ഞ ഫെബ്രുവരിയില്‍ സ്റ്റാര്‍മര്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ച സമയത്ത്, മൗറീഷ്യസുമായുള്ള കരാറിന് ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. ചാഗോസ് കൈമാറാനുള്ള നീക്കത്തിന് ട്രംപിന്റെ പിന്തുണ തന്റെ വിജയമായാണ് സ്റ്റാര്‍മര്‍ കണ്ടത്. ട്രംപ് സംഘത്തിലെ തന്നെ ചില ഉന്നതന്മാര്‍ കരാറിനെതിരേ രംഗത്തു വന്ന സാഹചര്യത്തില്‍ ട്രംപ് തന്നെ തനിക്ക് പിന്തുണ നല്‍കിയതാണ് സ്റ്റാര്‍മറെ സന്തോഷിപ്പിച്ചത്. UK is set to sign a controversial deal to hand over the Chagos Islands to Mauritius
Content Summary; UK is set to sign a controversial deal to hand over the Chagos Islands to Mauritius
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.