UPDATES

യുകെ/അയര്‍ലന്റ്

Say Nope to the Pope: പോപ്പിന്റെ സന്ദർശനത്തെ പരാജയപ്പെടുത്താൻ അയർലാൻഡുകാർ

കത്തോലിക്കാ സഭയുടെ അത്യാചാരങ്ങൾക്കെതിരായി വളർന്നു വന്നിട്ടുള്ള ജനരോഷം നിയമനിർമാണ തലങ്ങളിലേക്കു വരെ കടക്കുന്ന നിലയെത്തിയിട്ടുണ്ട്.

                       

കത്തോലിക്കാ സഭ ദീർഘകാലമായി ചെയ്തുവന്ന പലതരം ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയർലാൻഡ് ജനത. നാളെയും മറ്റന്നാളുമാണ് പോപ്പിന്റെ സന്ദർശനം നടക്കുക. ‘Say Nope to the Pope’ എന്ന പേരിൽ നടക്കുന്ന പോപ്പ് വിരുദ്ധ പ്രചാരണം വേറിട്ട രീതിയിലാണ് പ്രതിഷേധം ഒരുക്കുന്നത്. പോപ്പ് നേതൃത്വം നൽകുന്ന കുർബാനയിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പോകാതിരിക്കുക എന്നതാണത്. ടിക്കറ്റ് സൗജന്യമാണ്. പക്ഷെ മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം. ചിലർ ആയിരത്തിലധികം ടിക്കറ്റുകൾ വരെ ഒരുമിച്ച് ബുക്ക് ചെയ്തിട്ടുണ്ട്. ജീസസ് ക്രൈസ്റ്റ് എന്ന പേരിൽ ഒരാൾ ആയിരത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.

2017 മാർച്ച് മാസത്തിൽ ഒരു കത്തോലിക്കാ സഭാ പള്ളിയുടെ സെമിത്തേരിയിൽ എണ്ണൂറോളം പിഞ്ചു കുഞ്ഞുങ്ങളുടെ മൃതശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. 35 ആഴ്ച മുതൽ മൂന്നു വയസ്സുവരെ പ്രായമുള്ള കുട്ടികളുടേതായിരുന്നു അവയെല്ലാം. അവിവാഹിതകളായ അമ്മമാരെ പാർപ്പിക്കാൻ കത്തോലിക്കാ സഭ 1950കളിൽ തുടങ്ങിയ സംവിധാനങ്ങളിലൊന്നായിരുന്നു ഈ പള്ളി. അനാഥർക്കും അവിവാഹിതരായ അമ്മമാർക്കും വേണ്ടി സ്ഥാപിക്കപ്പെട്ട ഈ സംവിധാനം 1961ൽ അടച്ചിരുന്നു. ഇത് ഈയിടെ തുറന്ന് പരിശോധിച്ചപ്പോഴാണ് ലോകത്തെ ഞെട്ടിച്ച വിവരങ്ങൾ പുറത്തു വന്നത്.

മഗ്ദലന അലക്കുകേന്ദ്രങ്ങൾ എന്ന പേരിൽ സഭ ഇതേ കാലങ്ങളിൽ സ്ഥാപിച്ച കേന്ദ്രങ്ങളിലും അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിരുന്നതായി വെളിപ്പെടുത്തലുകൾ വന്നിരുന്നു. ഇവിടങ്ങളിലും അവിവാഹിതരായ അമ്മമാരും അനാഥരുമാണ് താമസിച്ചിരുന്നത്. കൊടിയ ലൈംഗിക പീഡനങ്ങൾക്കും ഇവിടുത്തെ അന്തേവാസികൾ ഇരയായി.

മദർ ആൻഡ് ബേബി ഹോമുകൾ എന്നറിയപ്പെട്ട കേന്ദ്രങ്ങളിലും ഇത്തരം ലൈംഗികാതിക്രമങ്ങളും കൊലകളും അരങ്ങേറിയിരുന്നു. ഇവയെല്ലാം കത്തോലിക്കാസഭ നേരിട്ട് നടത്തിയിരുന്ന സ്ഥാപനങ്ങളാണ്.

ഇത്തരം സ്ഥാപനങ്ങളിൽ കുടുങ്ങിയിട്ടും അതിജീവിച്ചവര്‍ കുറെപ്പേരുണ്ട്. കൂടാതെ പല ഇരകളുടെയും മക്കളും ജീവിച്ചിരിക്കുന്നു. ഇവരെല്ലാം ചേർന്നാണ് പോപ്പിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. വിശ്വാസം തങ്ങൾക്ക് സമ്മാനിച്ച കൊടിയ ദുരിതങ്ങളുടെ കഥകളാണ് ഇന്ന് അയർലാൻഡിന്റെ പൊതുസമൂഹം പരസ്പരം പറയുന്നത്. അനുകൂലിക്കുന്നവരുടെ എണ്ണത്തെ മറികടക്കാൻ ഇവർക്ക് ഏറെക്കുറെ കഴിഞ്ഞിട്ടുമുണ്ട്.

കത്തോലിക്കാ സഭയുടെ അത്യാചാരങ്ങൾക്കെതിരായി വളർന്നു വന്നിട്ടുള്ള ജനരോഷം നിയമനിർമാണ തലങ്ങളിലേക്കു വരെ കടക്കുന്ന നിലയെത്തിയിട്ടുണ്ട്.

പ്രവാചകനിന്ദാ നിയമം

അയർലാൻഡിൽ ഇപ്പോൾ പ്രവാചകനിന്ദ കുറ്റകരമാണ്. ‘പുരോഗമനകാരി’യെന്ന് സ്വയം ബ്രാൻഡ് ചെയ്യുന്ന ഫ്രാൻസിസ് മാർപ്പാപ്പയും പ്രവാചകനിന്ദയെ കുറ്റമായി കണക്കാക്കണമെന്ന നിലപാടുകാരനാണ്. കുറച്ചുമാസങ്ങൾക്കു മുമ്പു മാത്രമാണ് ‘ക്ഷമിക്കാനാകാത്ത പാപം പ്രവാചകനിന്ദയാണെ’ന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞത്. അയർലാൻഡിൽ ഈ നിയമം എടുത്തുമാറ്റണമെന്ന പൊതുജനവികാരം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. വരുന്ന ഒക്ടോബർ മാസത്തിൽ ഇക്കാര്യത്തിൽ ഒരു ഹിതപരിശോധന നടത്തും അയർലാൻഡ്.

ഇപ്പോഴത്തെ നില വെച്ചു നോക്കിയാൽ കത്തോലിക്കാ സഭ ‘ക്ഷമിക്കാനാകാത്ത പാപ’മായി കണക്കാക്കുന്ന പ്രവാചകനിന്ദ മിക്കവാറും അയർലാൻഡിൽ കുറ്റകരമല്ലാതായി മാറും. പൊതുജന വികാരം ഈ നിയമത്തിനെതിരെ ശക്തമാണ്.

കുറച്ചു മാസങ്ങൾക്കു മുമ്പ് ഗർഭച്ഛിദ്ര ഹിതപരിശോധനയിൽ പുരോഗമനകാരികളാണ് വിജയം കണ്ടത്. ഗർഭച്ഛിദ്രം നിരോധിച്ച നിയമം എടുത്തുമാറ്റണമെന്ന് ജനങ്ങൾ വിധി രേഖപ്പെടുത്തി. സമാനമായ ഒരു ഫലം പ്രവാചകനിന്ദാ നിയമത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൗരബോധവും സാമൂഹ്യബോധവും ഉയർന്നതോടെ ജനങ്ങൾ മതവിശ്വാസത്തെ തള്ളിപ്പറയുന്നത് കത്തോലിക്കാ സഭയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അയർലാൻഡിൽ എങ്ങനെയും 36 മണിക്കൂർ ചെലവഴിക്കാൻ തന്നെയാണ് പോപ്പിന്റെ തീരുമാനം. പോപ്പിന് കാലിക്കസേരകളെ അഭിസംബോധന ചെയ്യേണ്ടി വരുമെന്ന് അയർലാൻഡുകാരും പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍