June 14, 2025 |
Share on

ബ്രിട്ടിഷ് പ്രധാനമന്ത്രിക്കെതിരെ അവിശ്വാസം ഇന്ന്; ബ്രെക്സിറ്റിനെ ദോഷകരമായി ബാധിക്കുന്ന നീക്കമെന്ന് തെരേസ മേ

ബ്രെക്സിറ്റിൽ വെള്ളം ചേർത്തുവെന്നാണ് ഒരു വിഭാഗം കൺസെർവ്വേറ്റീവ് അംഗങ്ങള്‍ തെരേസ മേയ്ക്കെതിരെ പരാതി ഉന്നയിക്കുന്നത്.

യുകെ പ്രധാനമന്ത്രി തെരേസ മേ ഇന്ന് വൈകീട്ട് ആറു മണിയോടെ പാർലമെന്റിൽ അവിശ്വാസ പ്രമേയത്തെ നേരിടും. മേയുടെ നേതൃത്വത്തിൽ കൺസർവ്വേറ്റീവ് അംഗങ്ങളാണ് അവിശ്വാസം കൊണ്ടുവരുന്നത്. തന്റെ ബ്രെക്സിറ്റ് ഉടമ്പടി നിർദ്ദേശങ്ങൾ ഭരിക്കുന്ന പാർട്ടി അംഗങ്ങളെ ബോധ്യപ്പെടുത്താൻ മേയ്ക്ക് സാധിക്കാതെ വന്ന സാഹചര്യത്തിലാണ് കൺസർവേറ്റീവ് അംഗങ്ങൾ അവിശ്വാസം കൊണ്ടുവരുന്നത്. ബ്രെക്സിറ്റ് നിർദ്ദേശങ്ങൾ വോട്ടിനിടുന്നതിൽ നിന്ന് മേ കഴിഞ്ഞദിവസം പിന്മാറിയതിന്റെ പശ്ചാത്തലം കൂടി ഈ അവിശ്വാസപ്രമേയത്തിനുണ്ട്. കൺസർവ്വേറ്റീവ് അംഗങ്ങൾ കൂടി തന്റെ നിർദ്ദേശങ്ങളെ എതിർക്കുന്നുണ്ടെന്നും, അവതരിപ്പിക്കപ്പെട്ടാൽ അത് പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞുള്ള നീക്കമായിരുന്നു ഇതെന്ന് പരക്കെ വിമർശിക്കപ്പെടുന്നുണ്ട്.

തന്നെ മറിച്ചിടാനുള്ള നീക്കങ്ങളോട് നിശിതമായ വാക്കുകളുപയോഗിച്ച് താക്കീതിന്റെ ഭാഷയിലാണ് മേ പ്രതികരിച്ചത്. കൺസർവ്വേറ്റീവ് അംഗങ്ങളുടെ സഹായത്തോടെ താൻ പ്രധാനമന്ത്രി പദവി ഒഴിയേണ്ടി വന്നാൽ പുതിയ പ്രധാനമന്ത്രിക്ക് സ്വാഭാവികമായും ‘ആർട്ടിക്കിൾ 50’ പ്രയോഗിച്ചത് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടതായി വരും. ഇത് ബ്രെക്സിറ്റ് വൈക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിന് വഴിയൊരുക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ബ്രെക്സിറ്റിൽ വെള്ളം ചേർത്തുവെന്നാണ് ഒരു വിഭാഗം കൺസെർവ്വേറ്റീവ് അംഗങ്ങള്‍ തെരേസ മേയ്ക്കെതിരെ പരാതി ഉന്നയിക്കുന്നത്. 2016ലെ ഹിതപരിശോധന എന്തിനു വേണ്ടിയാണോ വോട്ട് ചെയ്തത്, അതിനു വിരുദ്ധമായ പലതും നടപ്പാക്കാൻ യൂറോപ്യൻ യൂണിയനുമായി മേ സന്ധി ചെയ്യുന്നുവെന്നാണ് ആരോപണം.

ഇന്ന് ആറുമണിക്കാണ് കൺസർവ്വേറ്റീവ് എംപിമാർ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. വോട്ടിങ് കഴിഞ്ഞയുടനെത്തന്നെ ഫലവും അറിയാനാകും. തന്റെ എല്ലാ ശേഷികളുമുപയോഗിച്ച് അവിശ്വാസത്തെ നേരിടുമെന്ന് മേ പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുകയാണ് അവിശ്വാസം കൊണ്ടുവരുന്നവർ ചെയ്യുന്നത്. ബ്രെക്സിറ്റ് അടുത്തിരിക്കെ ഈ നടപടി രാജ്യത്തെ അനിശ്ചിതത്വത്തിലാക്കുമെന്നും മേ പറയുന്നു. ട

315 കൺസർവ്വേറ്റീവ് എംപിമാരിൽ ഭൂരിപക്ഷം കിട്ടിയാൽ മാത്രമേ തെരേസ മേയ്ക്ക് പ്രസധാനമന്ത്രി സ്ഥാനത്ത് തുടരാൻ കഴിയൂ. ഈ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ കുറഞ്ഞത് ഒരു വർ‌ഷത്തേക്കെങ്കിലും മേയുടെ പദവിയെ ചോദ്യം ചെയ്യാൻ ടോറി എംപിമാർക്ക് കഴിയില്ല. തോൽക്കുകയാണെങ്കിൽ പുതിയ നേതാവിനു വേണ്ടി കൺസർവ്വേറ്റീവ് പർട്ടിയുടെ മത്സരം നടക്കും. ഇതിൽ മേയ്ക്ക് മത്സരിക്കാനാകില്ല.

യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള തന്റെ സംഭാഷണങ്ങളിൽ ഏറിയ പുരോഗതിയുണ്ടെന്ന് തെരേസ മേ കൺസർവ്വേറ്റീവ് പാർട്ടി അംഗങ്ങളോട് വിശദീകരിക്കുന്നു. ഈ സന്ദർഭത്തിലുള്ള വിഭാഗീയതയ്ക്ക് ഏറെയൊന്നും നേട്ടങ്ങളുണ്ടാക്കാനാകില്ല. താൻ ബ്രെക്സിറ്റ് വോട്ട് ചെയ്ത ജനങ്ങൾക്കു വേണ്ടിയും, എല്ലാവർക്കും അനുയോജ്യമായ ഒരു രാജ്യത്തെ സൃഷ്ടിച്ചെടുക്കുന്നതിനു വേണ്ടിയുമാണ് പ്രവർത്തിച്ചു വന്നതെന്ന് മേ അവകാശപ്പെട്ടു.

അവിശ്വാസവോട്ട് തെരേസ മേയ്ക്കെതിരായാലും കുറെനാളേക്ക് കാവൽ പ്രധാനമന്ത്രിയായി അവർക്ക് തുടരേണ്ടതായി വരും. കൺസർവ്വേറ്റീവ് പാർട്ടിക്ക് പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള സമയമാണിത്. ആറാഴ്ചയെങ്കിലും മേ അധികാരത്തിൽ തുടരും. ഇക്കാരണത്താൽ നാളത്തെ യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ മേയ്ക്ക് പങ്കെടുക്കാൻ തടസ്സമൊന്നുമില്ല. എങ്കിലും സുപ്രധാന തീരുമാനങ്ങളിൽ ഏർപ്പെടാൻ സാധിക്കില്ല. നിലവിൽ മേ അവതരിപ്പിച്ചിട്ടുള്ള ബ്രെക്സിറ്റ് ഉടമ്പടി നിർദ്ദേശങ്ങളെല്ലാം അസാധുവായിത്തീരും. നോ പുതിയ കൺസർവ്വേറ്റീവ് നേതാവാണ് പുതിയ സർക്കാർ രൂപീകരിക്കേണ്ടത്. പൊതുതെരഞ്ഞെടുപ്പില്ലാതെ തന്നെ ഈ നേതാവിന് പ്രധാനമന്ത്രിയാകാം.

Leave a Reply

Your email address will not be published. Required fields are marked *

×