മെലിഞ്ഞൊട്ടി വാരിയെല്ലുന്തിയ സൈനികര്‍, ഭക്ഷണവും വെള്ളവുമില്ലാതെ മാസങ്ങള്‍

ലോകത്തെ ഞെട്ടിച്ച് യുക്രെയ്ന്‍ സൈനികരുടെ ദയനീയ ചിത്രങ്ങള്‍

Ukraine Soldiers

ലോകത്തെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം യുക്രെയ്‌നില്‍ നിന്നും പുറത്തു വന്നത്. യുദ്ധത്തിന്റെ യഥാര്‍ത്ഥ ഭീകരത വിളിച്ചോതുന്നതായിരുന്നു ആ ചിത്രങ്ങള്‍. വര്‍ഷങ്ങളായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം സൈനികരെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്ന വ്യക്തമാക്കുന്ന തെളിവുകള്‍.

യുക്രെയ്ന്‍ സൈനികര്‍ നേരിട്ട അതിക്രൂരമായ പട്ടിണിയുടെയും ദുരിതത്തിന്റെയും നേര്‍ചിത്രങ്ങളായിരുന്നു അത്. വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് രാജ്യം കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധത്തിന്റെ മുന്‍നിരയില്‍ മാസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ സൈനികരുടെ ചിത്രങ്ങള്‍ പുറത്തായതോടെ ഒരു ഉന്നത കമാന്‍ഡറെ പ്രതിരോധ മന്ത്രാലയം പുറത്താക്കി. വാരിയെല്ലുകള്‍ തെളിഞ്ഞുകാണുന്ന രീതിയില്‍ മെലിഞ്ഞൊട്ടിയ നാല് സൈനികരുടെ ചിത്രങ്ങള്‍ അനസ്താസിയ സില്‍ചുക്ക് എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലോകമറിഞ്ഞത്.

വടക്കുകിഴക്കന്‍ നഗരമായ കുപ്യാന്‍സ്‌കിന് സമീപം ഒസ്‌കില്‍ നദിക്കരയിലെ അതീവ അപകടകരമായ മേഖലയില്‍ എട്ടുമാസമായി റഷ്യയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കുന്നവരായിരുന്നു ഈ സൈനികര്‍. ഡ്രോണുകള്‍ വഴി മാത്രമാണ് ഇവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സാധിച്ചിരുന്നത്. യുദ്ധമുഖത്തേക്ക് എത്തുമ്പോള്‍ 80-90 കിലോ ഭാരമുണ്ടായിരുന്ന ഇവര്‍ പട്ടിണി മൂലം 50 കിലോയായി കുറഞ്ഞുവെന്ന് അനസ്താസിയ പറഞ്ഞു. ഇടയ്ക്ക് 10 ദിവസം വരെ ആഹാരം ലഭിക്കാത്ത അവസ്ഥയുണ്ടായതായും മഴവെള്ളവും മഞ്ഞും ഉരുക്കി കുടിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 17 ദിവസം വരെ ഭക്ഷണം ലഭിക്കാതെ കഴിഞ്ഞിട്ടുണ്ടെന്നും വയര്‍ലെസ് വഴി സഹായത്തിനായി കരഞ്ഞു അപേക്ഷിച്ചിട്ടും ആരും കേട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

പട്ടിണി മൂലം സൈനികര്‍ ബോധരഹിതരായി വീഴുന്ന അവസ്ഥയാണെന്ന് 14-ാം സെപ്പറേറ്റ് മെക്കനൈസ്ഡ് ബ്രിഗേഡിലെ മറ്റൊരു സൈനികന്റെ ബന്ധുവായ ഇവാനയും പറഞ്ഞു. തങ്ങളുടെ ലൊക്കേഷന്‍ ശത്രുനിരയ്ക്ക് അതീവ അടുത്തായതിനാലാണ് വിതരണത്തിന് തടസ്സം നേരിട്ടതെന്ന് ബ്രിഗേഡ് വൃത്തങ്ങള്‍ വിശദീകരിച്ചു. ഭക്ഷണവും ഇന്ധനവും എത്തിക്കുന്ന ഡ്രോണുകളെ റഷ്യന്‍ സൈന്യം ലക്ഷ്യമിട്ട് വെടിവെച്ചിടുകയായിരുന്നു. കുപ്യാന്‍സ്‌ക് സെക്ടറിലെ പാലങ്ങള്‍ റഷ്യ നശിപ്പിച്ചതോടെ നദിക്കരയിലെ സൈനികര്‍ ഒറ്റപ്പെട്ട അവസ്ഥയിലായി.

വിഷയം വിവാദമായതോടെ സൈനികര്‍ക്ക് ഭക്ഷണം നല്‍കുന്നതിലുണ്ടായ വീഴ്ചയ്ക്ക് ഉത്തരവാദിയായ കമാന്‍ഡറെ മാറ്റിയതായി യുക്രെയ്ന്‍ ജനറല്‍ സ്റ്റാഫ് അറിയിച്ചു. പുതിയ കമാന്‍ഡര്‍ എത്തിയതോടെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവെന്നും സൈനികര്‍ക്ക് ഭക്ഷണം ലഭിച്ചു തുടങ്ങിയെന്നും അനസ്താസിയ സ്ഥിരീകരിച്ചു. സൈനികരുടെ ആരോഗ്യം മോശമായതിനാല്‍ അവര്‍ക്ക് ചികിത്സ നല്‍കണമെന്നും ഈ മേഖലയിലുള്ളവരെ മാറ്റി പുതിയ സൈനികരെ വിന്യസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സൈനിക കമാന്‍ഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാഹചര്യം അനുകൂലമായാല്‍ സൈനികരെ ഉടന്‍ തന്നെ അവിടെ നിന്ന് ഒഴിപ്പിക്കുമെന്നും സൈന്യം അറിയിച്ചു.

Content Summary: Ukraine Fires Commander After Photos of Starving, Emaciated Soldiers Spark Outrage. Russia- Ukraine War.

This post was last modified on April 24, 2026 8:05 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment