ഏഴ് പതിറ്റാണ്ട് മുമ്പ് ഒരു സിനിമയില്‍ മാത്രമാണ് ആ പതിനാലുകാരി അഭിനയിച്ചത്. ജീവിതത്തില്‍ അപൂര്‍വ്വമായാണ് പൊതുപരിപാടികളില്‍ പങ്കെടുത്തത്. അധ്യാപികയായി ജീവിച്ചു. ഒരു വെള്ളി വെളിച്ചത്തിലും പെടാതെ അവര്‍ തന്റെ ദീര്‍ഘകാല ജീവിതം കഴിച്ച് കൂട്ടി. വാര്‍ത്തയോ തലക്കെട്ടോ ആയിട്ടില്ല. പക്ഷേ 84-ാം വയസില്‍ അവര്‍ രോഗങ്ങളോട് പൊരുതി വിടപറഞ്ഞപ്പോള്‍ അത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളിലൊന്നായി. അന്തരാഷ്ട്ര മാധ്യമങ്ങള്‍ പോലും ആ വാര്‍ത്ത ലോകത്തെ അറിയിച്ചു -ഉമാ ദാസ്ഗുപ്ത അന്തരിച്ചു.
ദുര്‍ഗ ഒരിക്കല്‍ കൂടി അനശ്വരയായിരിക്കുന്നു
പ്രീഡിഗ്രി കാലത്ത്, 1992-ലോ മറ്റോ ആണ് പഥേര്‍ പഞ്ചാലി ആദ്യമായി കാണുന്നത്. അതിനും മുമ്പേ ബിഭൂതി ഭൂഷണിന്റെ നോവല്‍ വായിച്ചിരുന്നു. നിശ്ചിന്തപുരം ഗ്രാമവും ഹരിഹര്‍ റോയിയുടേയും ഷൊര്‍ബൊ ജയയുടേയും അവരുടെ മക്കള്‍ ദുര്‍ഗയുടേയും അപുവിന്റേയും ജീവിതവും ലോകത്തെമ്പാടുമുള്ള കലാപ്രേമികള്‍ക്ക് സുപരിചമായിട്ട് അപ്പോഴേയ്ക്കും മൂന്നര പതിറ്റാണ്ട് കഴിഞ്ഞിരുന്നു. പിന്നീട് എത്രയോ തവണ, പല കാലങ്ങളില്‍, പല ദേശങ്ങളില്‍ നിന്ന് പഥേര്‍ പഞ്ചാലി കണ്ടു. ഒരോ തവണയും കണ്ണിമ ചിമ്മാതെ അപുവിനേയും ദുര്‍ഗയേയും സര്‍ബോജയയേയും ഹരിഹറിനേയും ഇന്ദറിനേയും എല്ലാം തെളിഞ്ഞ് കണ്ടു. നിശ്ചിന്തപുരം ഒരോ തവണയും കാണുമ്പോഴും ഒരോ ദേശമായി തോന്നി.
നിശ്ചിന്തപുരം ബംഗാളായിരുന്നു, അല്ലെങ്കില്‍ ഇന്ത്യയുടെ ഗ്രാമങ്ങളെല്ലാമായിരുന്നു. ദാരിദ്ര്യത്തിന്റെ മഹായാതനകള്‍ക്കിടയില്‍, ആരോരുമറിയാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, ഒരു സഹായവും ലഭിക്കാത ഒടുങ്ങി പോയ മനുഷ്യരുടെ കഥയായിരുന്നു അത്. ദാരിദ്ര്യം പിടിമുറുക്കിയ, സ്വപ്നങ്ങളും ജീവിതവും ചേര്‍ന്ന് പോകാത്ത മനുഷ്യരുടെ മഹാസങ്കടങ്ങളുടെ ചിത്രീകരണങ്ങള്‍ക്കിടയിലും ദുര്‍ഗ എന്ന എന്ന കൗമാരക്കാരി ചിരിച്ച് കൊണ്ട് നിന്നു. കുരുത്തക്കേടിന്റെ ഉണ്ടയാണവള്‍. കണ്ണുകൊണ്ട് ചിരിക്കുന്ന, അനിയന്റെ രക്ഷാധികാരിയായ, എന്നാലവനെ കളിയാക്കാനൊരവസരവും പാഴാക്കാത്ത സ്വതന്ത്ര പരമാധികാര രാഷ്ട്രം.
അപുവിന്റെ ദീദിയിലൂടെയാണ് നമ്മള്‍ നിശ്ചിന്തപുരത്തിന്റെ ഭംഗികളറിയുന്നത്. ഇന്ദര്‍ മുത്തശ്ശിക്ക് അപ്പുറത്തെ പറമ്പില്‍ നിന്ന് പഴം മോഷ്ടിച്ച് കൊണ്ട് കൊടുക്കുന്നത് അവളാണ്. അപുവിനൊപ്പം മരത്തണലില്‍ കളിക്കാന്‍ പോകുന്നതും മിട്ടായി കച്ചവടക്കാരന്റെ പുറകെ ഓടുന്നതും ജാത്രയെന്ന ഗ്രാമീണ നാടകം കാണാന്‍ പോകുന്നതും അനിയനെ പൊന്നുപോലെ നോക്കുന്നതും അവളാണ്. ഗ്രാമത്തിന് പുറത്തെവിടെയോ കൂടി പോകുന്ന തീവണ്ടിയുടെ ചൂളം വിളി കേട്ട് കിടന്ന് അതിനെ കുറിച്ച് അപുവിന്റെ മനസില്‍ മോഹങ്ങളുണ്ടാക്കുന്നത് അവളാണ്. അയല്‍ക്കാര്‍ക്ക് പരാതി അവളെ കുറിച്ചാണ്. അവള്‍ മുത്തുമാല മോഷ്ടിച്ചുവെന്ന് പറഞ്ഞ് അയല്‍ക്കാര്‍ വഴക്ക് പറയുന്നത് ഷൊര്‍ബൊ ജയയെആണ്.
കാഷ് ഫൂല്‍ എന്ന് ബംഗാളി ഭാഷയില്‍ വിളിക്കപ്പെടുന്ന ആറ്റുവഞ്ചി പൂക്കളുടെ പാടത്തിലൂടെ തീവണ്ടി കാണാന്‍ അവള്‍ അപുവിന്റെ കൈപിടിച്ച് ഓടുന്ന മനോഹര ദൃശ്യമായിരിക്കും ഒരു പക്ഷേ ഇന്ത്യന്‍ സിനിമയുടെ തന്നെ എല്ലാലത്തേയും മഹത്തായ ദൃശ്യങ്ങളിലൊന്ന്. ബിഭൂതി ഭൂഷണിന്റെ പഥേര്‍ പഞ്ചാലിയില്‍ നിന്ന് സത്യജിത് റേ വരുത്തിയിട്ടുള്ള അപൂര്‍വ്വം വ്യതിയാനങ്ങളിലൊന്ന് ആ കാഴ്ചക്ക് വേണ്ടി ഉണ്ടാക്കിയതാകാം. കഥയില്‍ ദുര്‍ഗയ്ക്ക് തീവണ്ടി കാണാനേ പറ്റുന്നില്ല. പക്ഷേ സിനിമയില്‍ അവളും അപുവും കൂടി ആറ്റുവഞ്ചി പൂക്കള്‍ക്കിടയിലൂടെ സഞ്ചരിച്ച് ജീവിതത്തിലാദ്യമായി തീവണ്ടി കാണുന്നു. ആ സന്തോഷത്തിന്റെ തുടര്‍ച്ചയായാണ് ഇന്ദര്‍ മുത്തശിയുടെ മരണം. അവര്‍ തീവണ്ടി കണ്ട് തിരിച്ചെത്തുമ്പോഴേക്കും ഇന്ദര്‍ മുത്തശി വിട പറഞ്ഞിരുന്നു.
പട്ടിണിയും ദാരിദ്ര്യവും നിര്‍ദ്ദയരായ സഹജീവികളും ചേര്‍ന്ന് ഹരിഹറിനെ ബനാറസിലെത്തിക്കുന്നത്. കഴിയുന്നത്ര അവിടെ നിന്ന് അല്പം പണമുണ്ടാക്കി തിരികെ വരണം എന്നാണയാള്‍ക്ക്. പക്ഷേ നിശ്ചിന്തപുരത്തെ ദാരിദ്ര്യം അതിന്റെ മൂര്‍ദ്ധന്യത്തിലാണ്. അങ്ങനെയിരിക്കുമ്പോള്‍ നിശ്ചിന്തപുരത്ത് ഒരു കൊടുംമഴ വന്നു. എല്ലാവരും മരച്ചുവടുകളിലേക്കും വീടിന്റെ ഉള്ളിലേയ്ക്കും ഓടി. കളിച്ചുകൊണ്ടിരുന്ന അപു മരച്ചുവട്ടിലെത്തി. ഷൊര്‍ബൊ ജയ വീട്ടിലേയ്ക്ക ഓടിക്കയറുന്നുണ്ട്. നായ പോലും പാഞ്ഞുവന്ന് വീട്ടിനുള്ളില്‍ കേറും. അപ്പോഴും പക്ഷേ, പുതുമഴയില്‍ നൃത്തം ചെയ്ത് കൊണ്ട് ദുര്‍ഗ നില്‍ക്കുന്നുണ്ട്. മുടി വിടര്‍ത്തി, കുപ്പായം വിടര്‍ത്തി മഴയെ ആവാഹിച്ച് നൃത്തം ചെയ്യുന്ന ദുര്‍ഗ. മരച്ചുവടിലേയ്ക്ക് വരാന്‍ വിളിക്കുന്ന അപുവിനെ അവള്‍ കോക്രി കാണിക്കും. എന്നിട്ട് ഉന്മാദ നൃത്തം തുടരും. ആ സ്വതന്ത്ര, സന്തോഷത്തിന്റെ ഒടുവില്‍ മുടിയില്‍ നിന്ന് വെള്ളം കോതി കളയുമ്പോള്‍ ദുര്‍ഗ തുമ്മുന്നുണ്ട്. അതൊരു മലേറിയയായി മാറി ദുര്‍ഗ എന്ന ആനന്ദത്തെ നമ്മളില്‍ നിന്ന് പിടിച്ച് പറിക്കും. ബനാറസില്‍ നിന്ന് തിരിച്ചെത്തുന്ന ഹരിഹറിന്റെ പെട്ടിയില്‍ ദുര്‍ഗയ്ക്കുള്ള സാരിയുണ്ട്. അയാള്‍ പെട്ടി തുറക്കുമ്പോള്‍ പൊട്ടിക്കരയുന്നത് ഷൊര്‍ബൊ ജയ മാത്രമല്ല, കഴിഞ്ഞ ഏതാണ്ട് ഏഴ് പതിറ്റാണ്ടിനിടെ ലോകസിനിമയിലെ എല്ലാകാലത്തേയും ഏറ്റവും വലിയ ക്ലാസിക്കുകളിലൊന്നായ ‘പഥേര്‍ പഞ്ചാലി’ കണ്ടിട്ടുള്ള സര്‍വ്വരുമായിരിക്കും.
ബിഭൂതി ഭൂഷണിന്റെ പഥേര്‍ പഞ്ചാലി സിനിമയാക്കുമ്പാള്‍ സത്യജിത് റേയുടെ ബജറ്റ് പരിമിതമായിരുന്നു. ഏതാണ്ട് മൂന്ന് വര്‍ഷത്തോളം നീണ്ടിരുന്നു അതിന്റെ ചിത്രീകരണം. അന്ന് പതിനൊന്ന് വയസ് മാത്രം കഴിഞ്ഞിരുന്ന ഉമ എന്ന പെണ്‍കുട്ടിയേയും ആറ് വയസ് കഴിഞ്ഞിരുന്ന സുബീര്‍ എന്ന ആണ്‍കുട്ടിയേയും സത്യജിത് റായും സംഘവും കണ്ടെത്തി. ഒരു സ്‌കൂള്‍ പരിപാടിയില്‍ നിന്നാണ് ഉമയെ സത്യജിത് റേ കണ്ടെത്തുന്നത. സ്‌കൂള്‍ അധികൃതര്‍ വഴിയാണ് ഉമയുടെ വീട്ടുകാരെ അദ്ദേഹം ബന്ധപ്പെട്ട് അവളെ സിനിമയില്‍ എത്തിക്കുന്നത്. അസാധ്യമായ ഒരു കണ്ടെത്തലായിരുന്നു അത്. അപുവും ദുര്‍ഗയും അത്രമാത്രം ആഴത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയത്തിലേയ്ക്ക് ഇറങ്ങി ചെന്നത്.
കൊല്‍ക്കത്ത മഹാനഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗാരിയയോട് ചേര്‍ന്ന ബൊറാല്‍ എന്ന ഗ്രാമത്തിലായിരുന്നു ആ മഹത്തായ സിനിമയുടെ ചിത്രീകരണം. ആനന്ദ് ബസാര്‍ പത്രികയില്‍ ഉമ ദാസ്ഗുപ്തയെ കുറിച്ച് സുബീര്‍ ബാനര്‍ജി എഴുതുന്നു: ”ഇന്ന്, മുമ്പെന്നെത്തേക്കാളുപരി പഥേര്‍ പഞ്ചാലിയുടെ ഷൂട്ടിങ് എനിക്കോര്‍മ്മയുണ്ട്. എനിക്ക് ഒന്‍പത് വയസായിരുന്നു. ഉമ ദീക്ക് പതിനാലും. ബൊറാലില്‍ ആയിരുന്നു ഷൂട്ടിങ് എങ്കിലും ട്രെയിന്‍ കാണുന്നത് ചിത്രീകരിച്ചത് ശക്തിഗഢിന് അടുത്തുള്ള പാല്‍സിതില്‍ (ഇപ്പോഴത്തെ പൂര്‍വ്വ ബര്‍ദ്ധമാന്‍ ജില്ല) നിന്നാണ്. ദീദി എന്നെ നന്നായി നോക്കുമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചാണ് എന്നും ഭക്ഷണം കഴിച്ചിരുന്നത്. പരസ്പരം കളിയാക്കും. ശരിക്കും സഹോദരങ്ങളെ പോലെ. ഷൂട്ടിങ് സമയത്ത് എന്റെ ശരിക്കും ചേച്ചിയായി ദീദി മാറി. സിനിമയെ കുറിച്ചൊന്നും എനിക്കൊന്നും അറിയില്ല. ഞാന്‍ എല്ലാ ഉപദേശവും സ്വീകരിക്കുന്നത് ദീദിയില്‍ നിന്നാണ്. സിനിമയിലെ പ്രശസ്തമായ മഴ സീക്വന്‍സ് ഉണ്ടല്ലോ. അതിന് വേണ്ടി ഒരു ദിവസം മുഴുവനും ഞങ്ങളെ കാകാ ബാബു (സത്യജിത് റേ) ഒരു മരത്തിന്റെ ചുവട്ടില്‍ ഇരുത്തിയിരുന്നു. ഞങ്ങള്‍ അവിടെയിരുന്ന് കളിച്ചു. അവസാനം മഴ പെയ്തപ്പോള്‍ ശരിക്കും വിറക്കുകയായിരുന്നു ഞാന്‍. ദീദി എന്നെ ചേര്‍ത്ത് പിടിച്ചു. ശരിക്കും സിനിമയിലേത് പോലെ തന്നെ. സിനിമയിലും എനിക്ക് ദീദിയെ നഷ്ടപ്പെടും. ഇന്നിതാ ജീവിതത്തിലും നഷ്ടമായി.”. ഉമയെ പോലെ തന്നെ സുബീറും ‘പഥേര്‍ പഞ്ചാലി’ക്ക് ശേഷം സിനിമയില്‍ അഭിനയിച്ചില്ല. ലോകത്തില്‍ നിന്ന് അകന്ന് നിന്ന സുബീറിനെ എണ്‍പതുകളിലാണ് പിന്നീട് മാധ്യമങ്ങള്‍ വഴി ലോകം കാണുന്നത്.
പഥേര്‍ പഞ്ചാലിയിലെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഉമ ദാസ്ഗുപ്തയ്ക്ക് പതിനാല് വയസാണ്. ദുര്‍ഗയുടെ ആ പ്രായമായിരുന്നു ഉമ ദാസ്ഗുപ്തയ്ക്ക് എന്നും. 84-ാം വയസില്‍ കാന്‍സറിനോട് ദീര്‍ഘകാലം പൊരുതി കീഴടങ്ങുമ്പോഴും. ദുര്‍ഗയില്‍ നിന്ന് വളരാന്‍ ഉമ ഒരിക്കലും ആഗ്രഹിച്ചില്ല. ലോകം മുഴുവന്‍ പ്രശംസിച്ച ആ റോളിന് ശേഷം, നാടകവും നൃത്തവും ഇഷ്ടമുണ്ടായിരുന്നിട്ടും, പലരും നിര്‍ബന്ധിച്ചിട്ടും ഉമ അഭിനയിച്ചില്ല. സ്‌കൂള്‍ ടീച്ചറാകണം എന്നായിരുന്നു ഉമയുടെ ആഗ്രഹം. ടീച്ചറായി. കുട്ടികള്‍ക്കിഷ്ടമുള്ള നല്ല ടീച്ചര്‍. തുടര്‍ന്ന് മറ്റേതൊരു മധ്യവര്‍ത്തി ബംഗാളിയേ പോലെയും ജീവിതം തുടര്‍ന്നു. സത്യജിത് റേയുടെ നൂറാം ജന്മശതാബ്ദി ആഘോഷത്തില്‍ മാത്രം പങ്കെടുത്തു.
ലോകത്തിന്റെ പല മൂലകളിലും ദുര്‍ഗ ഇനിയും ചിരിക്കും. അപുവിന്റെ കൈപിടിച്ച് ഓടും. അവനെ കെട്ടിപ്പിടിച്ച് മരച്ചുവട്ടില്‍ ഇരിക്കും. അവനെ നാക്കുനീട്ടി കോക്രി കാണിച്ച് കളിയാക്കും. ഇന്ദര്‍മുത്തശിക്ക് വേണ്ടി അയല്‍ വക്കത്തെ പറമ്പില്‍ നിന്ന് പഴം മോഷ്ടിക്കും. നൃത്തം ചെയ്യും. പിന്നെ നമ്മളെയൊക്കെ നിത്യദുഖത്തിലാക്കി പനിക്ക് കീഴടങ്ങും. ദുര്‍ഗ അനശ്വരയാണ്, ഉമ മാത്രമാണ് വിടവാങ്ങിയത്. Uma Dasgupta renowned for her role as Durga in Satyajit Ray’s Pather Panchali
Content Summary; Uma Dasgupta renowned for her role as Durga in Satyajit Ray’s Pather Panchali