രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര-സംസ്ഥാന സര്‍വ്വകലാശാലകള്‍ തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, ഔദ്യോഗിക ആശയവിനിമയങ്ങള്‍, ക്ഷണക്കത്തുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവയില്‍ നിന്ന് ‘ഇന്ത്യ’ എന്ന് ഒഴിവാക്കി പകരം ‘ഭാരത്’ എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ദേശീയതയും തനത് സംസ്കാരവും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിശദീകരണം.
ദിവംഗതനായ ദിനാ നാഥ് ബത്രയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നതുമായ ‘ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ്’ എന്ന സംഘടനയുടെ വിപുലമായ പ്രചാരണ പരിപാടികളാണ് ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആര്.എസ്.എസുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഹിന്ദുത്വ സംഘടനയാണിത്.
മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള റാണി ദുര്ഗ്ഗാവിതി സര്‍വ്വകലാശാലില്‍ നടക്കുന്ന ബിരുദദാന ചടങ്ങില്‍ വിതരണം ചെയ്യുന്ന മുഴുവന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകളിലും ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നായിരിക്കും രേഖപ്പെടുത്തുക. രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കുന്ന ചടങ്ങാണിത്. സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ രാജേഷ് കുമാര്‍ വര്‍മ്മ വ്യക്തമാക്കിയതനുസരിച്ച്, ഇനി മുതല്‍ ഹിന്ദിയിലുള്ള രേഖകളിലും ഇംഗ്ലീഷിലുള്ള രേഖകളിലും ഒരുപോലെ ‘ഭാരത്’ എന്ന് തന്നെയായിരിക്കും ഉപയോഗിക്കുക. ജി-20 ഉച്ചകോടിയില്‍ ‘ഭാരത്’ എന്ന പേര് ഉപയോഗിച്ചത് ചൂണ്ടിക്കാണിച്ച അദ്ദേഹം, രാജ്യത്തിന്റെ യഥാര്‍ത്ഥ പേര് ഭാരത് എന്നാണെന്നും ഇന്ത്യ എന്ന പേര് പില്ക്കാലത്ത് വന്നതാണെന്നുമാണ് വാദിക്കുന്നത്. ഈ നിര്‍ദ്ദേശത്തിന്റെ പേരില്‍ പ്രയാഗ്രാജില് നടന്ന ഗ്യാന്‍ മഹാകുംഭില്‍ സര്‍വ്വകലാശാലയെ ആദരിച്ചിരുന്നു.
മധ്യപ്രദേശിലെ തന്നെ ഇന്‍ഡോറിലുള്ള ദേവി അഹല്യ വിശ്വവിദ്യാലയമാണ് ഈ മാറ്റം ആദ്യം നടപ്പിലാക്കിയതെന്ന് അവകാശപ്പെടുന്നു. തങ്ങള്‍ ഇതിനകം തന്നെ എല്ലാ ഔദ്യോഗിക രേഖകളിലും ‘ഭാരത്’ എന്ന് മാറ്റി എഴുതിക്കഴിഞ്ഞതായും മറ്റ് സര്‍വ്വകലാശാലകള്‍ തങ്ങളെ മാതൃകയാക്കുകയാണെന്നും വി.സി രാകേഷ് സിംഘായ് പറഞ്ഞു.
മധ്യപ്രദേശില്‍ മാത്രമല്ല, മറ്റ് ബിജെപി അധികാരത്തിലുള്ള മറ്റ് പല സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകളിലും ഈ മാറ്റം വന്നു കഴിഞ്ഞു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള ഗുരു ഘാസിദാസ് വിശ്വവിദ്യാലയ എന്ന കേന്ദ്ര സര്‍വ്വകലാശാലയും ‘ഭാരത്’ എന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള മാര്‍ക്ക് ലിസ്റ്റുകളുടെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പുതിയവയില്‍ ‘ഭാരത്’ എന്ന് അച്ചടിക്കുമെന്ന് വി.സി അലോക് കുമാര്‍ ചക്രവാള്‍ അറിയിച്ചു. വിദേശികളാണ് ഈ രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതെന്നും, ബുദ്ധിജീവികളെല്ലാം രാജ്യത്തെ ‘ഭാരത്’ എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്വാളിയോറിലെ രാജ മാന്‍സിംഗ് തോമര്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്സ് യൂണിവേഴ്സിറ്റിയും സമാനമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
ഭാരതീയ ഭാഷാ മഞ്ചിന്റെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ എം.എല്‍. ഗുപ്തയുടെ നേതൃത്വത്തിലാണ് ഈ പ്രചാരണം ശക്തമായത്. ഒരു വ്യക്തിക്കോ രാജ്യത്തിനോ രണ്ട് പേരുകള്‍ ഉണ്ടാകേണ്ടതില്ലെന്നും, ബ്രിട്ടീഷുകാരാണ് സിന്ധു നദിയില്‍ നിന്ന് ‘ഇന്ത്യ’ എന്ന പേര് രൂപപ്പെടുത്തിയതെന്നും അദ്ദേഹം വാദിക്കുന്നു. ബ്രിട്ടീഷുകാര്‍ ഈ പേര് തികച്ചും അപകീര്‍ത്തികരമായ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചതെന്നും അതുകൊണ്ട് അത് തുടരേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
തന്റെ ‘ഇന്ത്യ നഹിന് ഭാരത്’ എന്ന പുസ്തകത്തില്‍, സ്വാതന്ത്ര്യാനന്തരം ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍ ‘ഇന്ത്യ, അതായത് ഭാരതം’ എന്ന് ചേര്‍ത്തത് വിദേശ മേധാവിത്വത്തിന്റെയും അടിമത്തത്തിന്റെയും സ്വാധീനം കൊണ്ടാണെന്ന് ഗുപ്ത അവകാശപ്പെടുന്നു. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്, ഛത്തീസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ 17 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനകം തന്നെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ‘ഭാരത്’ എന്ന് മാത്രം ഉപയോഗിക്കാന്‍ പ്രമേയം പാസാക്കിയിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന ദേശീയ വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ഈ ആശയത്തെ പിന്തുണച്ചിരുന്നു. ‘ഭാരത്’ എന്നത് ഒരു സംജ്ഞാനാമം ആണെന്നും അതിനെ ‘ഇന്ത്യ’ എന്ന് വിവര്‍ത്തനം ചെയ്യരുതെന്നും, വ്യക്തിപരവും പൊതുവായതുമായ എല്ലാ ആശയവിനിമയങ്ങളിലും ‘ഭാരത്’ എന്ന് തന്നെ ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യത്തെ സൂചിപ്പിക്കാന്‍ ‘ഇന്ത്യ’, ‘ഭാരത്’ എന്നീ രണ്ട് പേരുകളും ഉപയോഗിക്കുന്നുണ്ട്. സാധാരണയായി ഇംഗ്ലീഷില്‍ ഇന്ത്യ എന്നും ഹിന്ദിയില്‍ ഭാരത് എന്നുമാണ് ഉപയോഗിക്കാറുള്ളത്. 2023-ലെ ജി-20 അത്താഴവിരുന്നിനുള്ള ക്ഷണക്കത്തില്‍ ദ്രൗപദി മുര്‍മുവിനെ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് വിശേഷിപ്പിച്ചിരുന്നു. കൂടാതെ, 2026-ലെ റിപ്പബ്ലിക് ദിന ഓഫീസ് മെമ്മോറാണ്ടം ‘ഗവണ്മെന്റ് ഓഫ് ഇന്ത്യ/ഭാരത് സര്‍ക്കാര്‍’ എന്ന് ഇരുഭാഷകളിലുമാണ് പുറത്തിറക്കിയത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി രണ്ട് പേരുകളും ഉപയോഗിക്കുന്നത് തുടരുന്നുണ്ട്. സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ ‘മേക് ഇന്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’, ‘സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ’ എന്നിവയിലെല്ലാം ഇപ്പോഴും ‘ഇന്ത്യ’ എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Content Summary; Several State and Central universities in India decide to replace the word ‘India’ with ‘Bharat’ on degrees, marksheets, and official documents
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.