ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധന നിയമത്തിനെതിരെ (ബിഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് ആക്ട് 2016) വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ട് നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ഭേദഗതികള്‍. അഞ്ച് വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് ഭേദഗതി കൊണ്ടുവരുന്നത് എന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യം കൈവശം വയ്ക്കുന്നവരുടെ അറസ്റ്റ്, വാഹനം, വീട് കണ്ടുകെട്ടല്‍ തുടങ്ങിയവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നതാണ് വിവാദ വ്യവസ്ഥകള്‍. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ ഭേദഗതി ബില്‍ കൊണ്ടുവരും. പൊലീസും എക്‌സൈസ് വകുപ്പും നിയമം ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
അറസ്റ്റിന് പകരം 50,000 രൂപ പിഴ ഈടാക്കുക എന്ന നിര്‍ദ്ദേശം മുന്നോട്ട് വന്നിട്ടുണ്ട്. ഒരു വീട്ടിലെ ആരെങ്കിലും മദ്യം കൈവശം വച്ചാല്‍ ആ വീട്ടിലെ പ്രായപൂര്‍ത്തിയായവരെയെല്ലാം അറസ്റ്റ് ചെയ്യുന്ന വിവാദ വ്യവസ്ഥ ഒഴിവാക്കും. ആദ്യ തവണയാണ് മദ്യ ഉപഭോഗമെങ്കില്‍ അറസ്റ്റ് ഒഴിവാക്കിയേക്കും. മദ്യം വില്‍ക്കുന്നവരുമായോ നിര്‍മ്മാതാക്കളുമായോ നേരിട്ട് ബന്ധപ്പെടുന്നവര്‍ക്കെതിരെ മാത്രം നടപടി സ്വീകരിക്കും. നാടന്‍ ചാരായവും കള്ളും വിറ്റ് ജീവിച്ചിരുന്ന മഹാദലിത് സമുദായത്തില്‍ പെട്ട വലിയൊരു വിഭാഗം സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. മദ്യനിരോധന നിയമ പ്രകാരം ജയിലിലടയ്ക്ക്‌പെട്ടവരുടെ ജാതി തിരിച്ചുള്ള കണക്കുകള്‍ സര്‍ക്കാര്‍ എടുത്തിരുന്നു. ഭൂരിഭാഗവും എസ് സി, ഒബിസി വിഭാഗങ്ങളില്‍ പെട്ടവരാണ് ജയിലിലായിരിക്കുന്നത് – സംസ്ഥാനത്ത് സാമ്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണ് മദ്യനിരോധന നിയമത്തിന്റെ ഇരകളായി ബിഹാറിലെ എട്ട് സെന്‍ട്രല്‍ ജയിലുകള്‍, 32 ജില്ലാ ജയിലുകള്‍, 17 സബ് ജയിലുകള്‍ എന്നിവിടങ്ങളിലായി ഉള്ളത്.
മദ്യമുള്ള വാഹനം പിടിച്ചെടുത്ത പൊലീസിനെ പാറ്റ്‌ന ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മദ്യം കണ്ടെന്ന് പറഞ്ഞ് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ഒരു ബസ് പിടിച്ചെടുത്തതും വലിയ വിവാദമായിരുന്നു. 2016 ഏപ്രിലില്‍ നിയമം നിലവില്‍ വന്നത് മുതല്‍ 1.4 ലക്ഷത്തിലധികം പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2015ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു മുന്നോട്ട് വച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്ന് സമ്പൂര്‍ണ മദ്യനിരോധനമായിരുന്നു.