ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണവും ഇറാന്റെ തിരിച്ചടിയും മിഡില്‍ ഈസ്റ്റിനെ അതീവഗുരുതരാവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. മേഖലയിലുടനീളം സംഘര്‍ഷം പടര്‍ന്നിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ സൈനിക ശക്തി തകര്‍ക്കാനും ആണവ പദ്ധതികള്‍ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വന്‍ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും ഉള്‍പ്പെടുന്ന തന്ത്രപ്രധാനമായ മേഖലകളില്‍ നിന്ന് പുക ഉയരുന്നത് ജനങ്ങളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. നഗരത്തിന് പുറത്തേക്കുള്ള എക്സ്പ്രസ് വേകളില്‍ ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അമേരിക്കയുടെ നീക്കത്തിന് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ മിസൈല്‍ ആക്രമണം നടത്തി. ഖത്തര്‍, കുവൈറ്റ്, യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ വ്യോമതാവളങ്ങളെയും ആസ്ഥാനങ്ങളെയും ലക്ഷ്യം വെച്ചാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തത്. ഇതില്‍ യുഎഇയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ ഭൂപ്രദേശം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കി. ഇതിനിടെ ജോര്‍ദാനും ഖത്തറും തങ്ങളുടെ ആകാശപരിധിയില്‍ എത്തിയ മിസൈലുകള്‍ തകര്‍ത്തു. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ള യുഎസ് സൈനിക താവളങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍ തങ്ങളുടെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി എഴുപതിനായിരത്തോളം റിസര്‍വ് സൈനികരെ തിരിച്ചുവിളിച്ചു. പടിഞ്ഞാറന്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമസേനയും ശക്തമായ ആക്രമണം തുടരുകയാണ്. ഇസ്രയേലിനും അമേരിക്കയ്ക്കും ചരിത്രത്തില്‍ ഇതുവരെയില്ലാത്ത പാഠം പഠിപ്പിക്കുമെന്നാണ് ഇറാന്റെ സൈനിക വക്താവ് ഇതിനോട് പ്രതികരിച്ചത്. ഇറാനിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടെഹ്‌റാനിലും മറ്റ് പ്രധാന നഗരങ്ങളിലും ആക്രമണം തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളോട് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
അതേസമയം, സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്ന് ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പങ്കാളികളല്ലെന്ന് വ്യക്തമാക്കിയ ബ്രിട്ടന്‍, പ്രതിരോധത്തിനായി കൂടുതല്‍ യുദ്ധവിമാനങ്ങള്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അദ്ദേഹം അടുത്തയാഴ്ച വാഷിംഗ്ടണില്‍ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരോടും പൗരന്മാരോടും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ ജോര്‍ദാനിലെ യുഎസ് എംബസി നിര്‍ദ്ദേശിച്ചു. ചര്‍ച്ചകളിലൂടെ യുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമേരിക്ക ആക്രമണം നടത്തിയതെന്ന് ഇറാന്‍ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അടിയന്തരമായി ഇടപെടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Summary; US attack on Iran; Trump calls for overthrow of Government. The situation in the Middle East is extremely serious
This post was last modified on February 28, 2026 4:31 pm
Leave a Comment