ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാന്‍ അമേരിക്ക; ഖാര്‍ഗ് പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം

ആഗോള എണ്ണ വിപണിയുടെ ജീനാഡിയായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഇറാന്റെ ഏറ്റവും തന്ത്രപ്രധാനമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ അമേരിക്കയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. നാല് അജ്ഞാത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ആക്‌സിയോസ് ആണ് ഈ നിര്‍ണ്ണായക വിവരം പുറത്തുവിട്ടത്.

ഹോര്‍മുസ് കടലിടുക്ക് തുറന്നുനല്‍കാന്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇത്തരമൊരു കടുത്ത നീക്കത്തിന് മുതിരുന്നത്.

അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ‘പ്രസിഡന്റ് ട്രംപ് ഹോര്‍മുസ് കടലിടുക്ക് തുറന്നു കിട്ടാന്‍ ആഗ്രഹിക്കുന്നു. അതിനായി ഖാര്‍ഗ് ദ്വീപ് ഏറ്റെടുക്കേണ്ടി വന്നാല്‍ അത് നടത്തിയിരിക്കും. ഒരു തീരദേശ അധിനിവേശം നടത്താനാണ് തീരുമാനമെങ്കില്‍ അത് നടപ്പിലാക്കും. എന്നാല്‍ നിലവില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.’ ഒരു മുതിര്‍ന്ന ഭരണ ഉദ്യോഗസ്ഥന്‍ ആക്‌സിയോസിനോട് പറഞ്ഞു. ഇറാനുമായുള്ള സംഘര്‍ഷങ്ങളില്‍ ആവശ്യമെങ്കില്‍ കരസേനയെ ഇറക്കാനും മടിക്കില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് ഖാര്‍ഗ് ദ്വീപ് ?

ഇറാനിയന്‍ തീരത്ത് നിന്ന് ഏകദേശം 16 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന, അഞ്ച് മൈല്‍ മാത്രം നീളമുള്ള ഈ പവിഴപ്പുറ്റ് ദ്വീപ് ഇറാന്റെ സാമ്പത്തിക നട്ടെല്ലാണ്. എണ്ണ കയറ്റുമതിയുടെ കേന്ദ്രമാണ് ഖാര്‍ഗ്. ഇറാന്റെ ആകെ ക്രൂഡ് ഓയില്‍, കണ്ടന്‍സേറ്റ് കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്.

അഹ്വാസ്, മരുണ്‍, ഗച്ചരന്‍ തുടങ്ങിയ ഇറാന്റെ പ്രധാന എണ്ണപ്പാടങ്ങളുമായി ഈ ദ്വീപ് നേരിട്ട് പൈപ്പ്ലൈന്‍ വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു.
ലോകത്തെ കൂറ്റന്‍ സൂപ്പര്‍ടാങ്കറുകള്‍ക്ക് നേരിട്ട് വന്ന് എണ്ണ നിറയ്ക്കാന്‍ ശേഷിയുള്ള ആഴക്കടല്‍ ജെട്ടികള്‍ ഇവിടെയുണ്ട്. സാധാരണ തുറമുഖങ്ങള്‍ക്ക് ഇല്ലാത്ത സവിശേഷതയാണിത്.

ഏകദേശം 30 ദശലക്ഷം ബാരല്‍ എണ്ണ സംഭരിക്കാന്‍ ശേഷിയുള്ള ടാങ്കുകള്‍ ഇവിടെയുണ്ട്. ഇത് ഏകദേശം പത്ത് ദിവസത്തെ കയറ്റുമതിക്ക് തുല്യമായ ബഫര്‍ സ്റ്റോക്ക് നല്‍കുന്നു.

ആഗോള വിപണിയിലെ ആശങ്ക

ഇറാന്‍ പ്രതിദിനം 3.3 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയും 1.3 ദശലക്ഷം ബാരല്‍ കണ്ടന്‍സേറ്റും ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ആഗോള വിതരണത്തിന്റെ ഏകദേശം 4.5 ശതമാനമാണ്. ഖാര്‍ഗ് ദ്വീപിന് നേരെയുണ്ടാകുന്ന ഏതൊരു സൈനിക നീക്കവും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമാകും.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ ഇറാന്‍ ഇടപെട്ടാല്‍, ഇതുവരെ ഒഴിവാക്കി നിര്‍ത്തിയിരുന്ന ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ നേരിട്ട് ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്ക ഇറാന്റെ ചില സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചിരുന്നു.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ആഗോള എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധനവ് ഇന്ത്യയെപ്പോലുള്ള വലിയ ഇറക്കുമതി രാജ്യങ്ങളെ സാരമായി ബാധിക്കും. വിതരണ ശൃംഖലയിലെ തടസ്സവും വിലക്കയറ്റവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും പ്രതിഫലിച്ചേക്കാം. ഖാര്‍ഗ് ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും ഈ യുദ്ധസമാനമായ സാഹചര്യം എങ്ങോട്ട് തിരിയുമെന്ന് നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങളായി മാറിയിരിക്കുകയാണ്.

Content Summary: US considering seizure of Iran’s Kharg Island to reopen Strait of Hormuz

This post was last modified on March 20, 2026 6:11 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment