June 15, 2026 |
Share on

യുഎസ്-ഇറാന്‍ സമാധാന കരാര്‍: 14 ഇന പ്രാഥമിക നിര്‍ദ്ദേശങ്ങള്‍ പുറത്ത്

ജൂണ്‍ 19 ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് കരാര്‍ ഒപ്പിടാനാണ് തീരുമാനം

ലോകത്തിനാകെ സമാധാനം പ്രതീക്ഷിക്കുന്ന ചരിത്രപരമായൊരു ഒരു കരാര്‍ ഒപ്പിടല്‍ വരുന്ന വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് നടക്കുകയാണ്. മാസങ്ങളായി മിഡില്‍ ഈസ്റ്റിനെ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ഭീതി വിതച്ചുകൊണ്ട് നടന്നു വന്നിരുന്ന സംഘര്‍ഷം അവസാനിപ്പിച്ച് അമേരിക്കയും ഇറാനും തമ്മിലാണ് ഈ സമാധാന കരാര്‍ ഒപ്പിടുന്നത്. ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമെല്ലാം ശേഷമാണ് കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്.

ചരിത്രപരമായ സമാധാന കരാര്‍ ഒപ്പിടലിന് മുന്നോടിയായി, അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാഥമിക ധാരണാപത്രത്തിലെ പ്രധാന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള 14 ഇന നിര്‍ദ്ദേശങ്ങളുടെ കരട് വിവരങ്ങളാണ് ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘മെഹര്‍’ പുറത്തുവിട്ടത്. എന്നാല്‍ ഈ വിവരങ്ങള്‍ ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍, ഇറാന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു ഔദ്യോഗിക വിശദീകരണമായി മാത്രമേ നിലവില്‍ ഇതിനെ കണക്കാക്കാനാകൂ.

മെഹര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ യുദ്ധമുന്നണികളിലും ഉടനടിയും സ്ഥിരവുമായ വെടിനിര്‍ത്തല്‍ നടപ്പാക്കുക എന്നതാണ് ഈ കരട് രേഖയിലെ പ്രധാന നിര്‍ദ്ദേശം. ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടില്ലെന്ന ഉറപ്പ്, കഴിഞ്ഞ നാല് മാസമായി തുടരുന്ന യുഎസ് നാവിക ഉപരോധം 30 ദിവസത്തിനകം പിന്‍വലിക്കല്‍, ഇറാനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പൂര്‍ണ്ണമായ പിന്മാറ്റം എന്നിവയും ഈ ധാരണയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, ആഗോളതലത്തില്‍ ഏറ്റവും തന്ത്രപ്രധാനമായ ഹൊര്‍മുസ് കടലിടുക്ക് 30 ദിവസത്തിനകം ‘ഇറാന്റെ സ്വന്തം മേല്‍നോട്ടത്തില്‍’ തുറന്നുകൊടുക്കാനും ഇതില്‍ വ്യവസ്ഥയുണ്ട്. യുദ്ധത്തില്‍ തകര്‍ന്ന ഇറാന്റെ പുനര്‍നിര്‍മ്മാണത്തിനായി അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് കുറഞ്ഞത് 300 ബില്യണ്‍ ഡോളറിന്റെ (30,000 കോടി ഡോളര്‍) പാക്കേജ് അനുവദിക്കുക, ഇറാന്റെ എണ്ണ-ഊര്‍ജ്ജ ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള ഉപരോധം പൂര്‍ണ്ണമായി നീക്കുക എന്നിവയും ഈ 14 ഇന നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

അതേസമയം, ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന തങ്ങളുടെ മുന്‍ നിലപാട് ഇറാന്‍ ഇതില്‍ ആവര്‍ത്തിക്കുന്നുണ്ട്. പകരം മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കില്ലെന്നും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും അമേരിക്കയും ഉറപ്പുനല്‍കേണ്ടിവരും. ഇറാന്റെ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഫണ്ടുകളുടെ പകുതിയെങ്കിലും വിട്ടയക്കുകയും എണ്ണ ഉപരോധവും നാവിക ഉപരോധവും പൂര്‍ണ്ണമായി നീക്കുകയും ചെയ്തതിന് ശേഷം മാത്രമേ അന്തിമ ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളൂ എന്നും മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അന്തിമ സമാധാന കരാര്‍ യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക പ്രമേയത്തിലൂടെ അംഗീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പങ്കുവെച്ച വിവരങ്ങളാണ് ഈ കരാറിന് കൂടുതല്‍ വ്യക്തത നല്‍കുന്നത്. ലെബനനിലെ ഇസ്രയേല്‍ സൈനിക നടപടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികളിലെയും പോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചതായി ഇരുവരും സ്ഥിരീകരിച്ചു. ചര്‍ച്ചകളില്‍ നിന്ന് ലെബനനെ ഒഴിവാക്കണമെന്ന ഇസ്രയേലിന്റെ കടുത്ത സമ്മര്‍ദ്ദത്തെ മറികടന്നാണ് ഈ നിര്‍ണ്ണായക തീരുമാനം. ജൂണ്‍ 19-ന് സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് നടക്കുന്ന ഒപ്പിടല്‍ ചടങ്ങിന് മുന്നോടിയായി ഈ ആഴ്ച സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് ഷെരീഫ് വ്യക്തമാക്കി. ചര്‍ച്ചകള്‍ വിജയകരമാക്കാന്‍ സഹായിച്ച ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കിയെ എന്നീ രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഹൊര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം യാതൊരുവിധ നികുതിയോ ചാര്‍ജ്ജുകളോ ഇല്ലാതെ പുനരാരംഭിക്കുമെന്നും ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേലുള്ള നാവിക ഉപരോധം നീക്കാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ടെന്നും ട്രംപും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

Content Summary; Draft of a 14-point US-Iran memorandum of understanding, including a permanent ceasefire in Lebanon and the lifting of the US naval blockade

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×