ലോകത്തിന്റെ കണ്ണും കാതും ഇപ്പോള്‍ പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലാണ്. അമേരിക്കയും ഇറാനും തമ്മില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന അതിനിര്‍ണ്ണായകമായ ഉന്നതതല ചര്‍ച്ചകള്‍ക്ക് വേദിയാണവിടം. എന്നാല്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്ലാമാബാദ് ഒരു പ്രേതനഗരത്തിന് സമാനമാണ്. അതീവ സുരക്ഷാ ഭീഷണികള്‍ക്കിടയില്‍ നടക്കുന്ന ഈ സമാധാന ചര്‍ച്ചകളുടെ സുരക്ഷ കണക്കിലെടുത്ത് നഗരത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ചെയ്ത അവസ്ഥയിലായിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും നയിക്കുന്ന പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ക്കായി എത്തിയതോടെ നഗരം പൂര്‍ണമായിന നിശ്ചലമായി.
സമാധാന ചര്‍ച്ചകള്‍ക്ക് തടസ്സമില്ലാത്ത സുരക്ഷ ഉറപ്പാക്കുന്നതിനായി ഇസ്ലാമാബാദില്‍ പാക് അധികൃതര്‍ രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് പൊലീസുകാരെയും സുരക്ഷാ സേനാംഗങ്ങളെയും നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലെ പ്രധാന വാണിജ്യ കേന്ദ്രമായ ജിന്ന അവന്യൂവിലടക്കം കടകമ്പോളങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞതോടെ തിരക്കേറിയ നഗരവീഥികള്‍ വിജനമായി. രണ്ട് ശത്രുരാജ്യങ്ങളെ ചര്‍ച്ചയ്ക്കായി ഒരുമിച്ച് കൊണ്ടുവരുമ്പോള്‍ യാതൊരുവിധ സുരക്ഷാ വീഴ്ചയും ഉണ്ടാകരുതെന്ന വാശിയിലാണ് പാകിസ്താന്‍.
ചര്‍ച്ചകള്‍ നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ഇസ്ലാമാബാദ് സെറീനയും പരിസരവും സൈന്യത്തിന്റെ കര്‍ശന നിയന്ത്രണത്തിലാണ്. വിമാനത്താവളത്തില്‍ എത്തുന്ന വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സായുധരായ കമാന്‍ഡോകളുടെ അകമ്പടിയോടെയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിലെ പ്രസ് സെന്ററിലേക്ക് പ്രവേശിക്കുന്നവര്‍ ഒന്നിലധികം തവണ ദേഹപരിശോധനയ്ക്ക് വിധേയരാകണം. കഴിഞ്ഞ നവംബറിലുണ്ടായ ചാവേര്‍ ആക്രമണമടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പാകിസ്താനെ ഭീതിയിലാഴ്ത്തിയിരുന്നു. ഇതിനുപുറമെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതടക്കമുള്ള യുദ്ധസാഹചര്യങ്ങള്‍ തങ്ങളുടെ പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ച് ഇറാന് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
അമേരിക്കന്‍ ഭാഗത്തും സമാനമായ ഭീതി നിലനില്‍ക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആരോപിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നഗരത്തില്‍ അഭൂതപൂര്‍വ്വമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ലോകം ഉറ്റുനോക്കുന്ന ഇത്തരമൊരു ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് പാകിസ്താന്‍. പ്രസ് സെന്ററുകളില്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ വരെ ചര്‍ച്ചകള്‍ നീണ്ടുപോയെങ്കിലും പുതിയ വാര്‍ത്തകള്‍ക്കായി നിരവധി പാക് മാധ്യമപ്രവര്‍ത്തകര്‍ ചര്‍ച്ചാ വേദികള്‍ക്ക് മുന്നില്‍ കാത്തിരിക്കുകയാണ്. ലോകസമാധാനത്തിനായുള്ള ഈ ചര്‍ച്ചകള്‍ ഒരു വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം.
Content Summary: US-Iran Peace talk, Pakistan capital Islamabad become a ghost town
This post was last modified on April 12, 2026 6:18 am
Leave a Comment