July 09, 2026 |
Share on

‘അവരുടെ ഗുണ്ടായിസത്തോട് ഇനി ക്ഷമിക്കില്ല’; ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങളില്‍ തിരിച്ചടി നടത്തി ഇറാന്‍

ഗള്‍ഫിലുള്ള എല്ലാ അമേരിക്കന്‍ താവളങ്ങളും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെ പശ്ചിമേഷ്യ വീണ്ടും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് വീണിരിക്കുകയാണ്. ബുധനാഴ്ച രാത്രി അമേരിക്ക ഇറാനില്‍ നടത്തിയ വന്‍ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും രണ്ട് യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി) മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയത്. അമേരിക്ക ഇനിയും ആക്രമണം ആവര്‍ത്തിച്ചാല്‍ ഗള്‍ഫ് മേഖലയിലാകെയുള്ള മറ്റ് യുഎസ് താവളങ്ങളിലേക്കും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍ പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും, തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കയുടെ ഗുണ്ടായിസത്തോടും വാഗ്ദാന ലംഘനങ്ങളോടും ഇനി ക്ഷമിക്കില്ല എന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം, തങ്ങളുടെ സ്വന്തം മേല്‍നോട്ടത്തിലും നിബന്ധനകളിലും മാത്രമേ ഇനി ഹോര്‍മുസ് കടലിടുക്ക് തുറക്കൂ എന്നും പ്രഖ്യാപിച്ചു.

ജൂണ്‍ 17-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച താല്‍ക്കാലിക ധാരണാപത്രം (എംഒയു) പൂര്‍ണ്ണമായൊരു സമാധാന കരാറിലേക്ക് എത്തിക്കുമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകളെ പാടെ തകര്‍ത്തുകൊണ്ടാണ് പുതിയ സംഭവവികാസങ്ങള്‍. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ പുതിയ ആക്രമണം നടത്തിയതെന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ വാദം. മുന്‍ദിവസത്തേക്കാള്‍ വലിയ തോതിലുള്ള വ്യോമാക്രമണമാണ് ബുധനാഴ്ച രാത്രി ഇറാനില്‍ യുഎസ് നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള കൃത്യമായ ‘പ്രതികാരമാണ്’ ഈ നീക്കമെന്നും, ഇത് ആവര്‍ത്തിച്ചാല്‍ സാഹചര്യം കൂടുതല്‍ മോശമാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ തെക്കന്‍ തീരപ്രദേശങ്ങളെയും തുറമുഖ നഗരങ്ങളെയും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ പ്രധാന ആക്രമണങ്ങള്‍. ഹോര്‍മൂസ് കടലിടുക്കില്‍ സ്ഥിതി ചെയ്യുന്നതും ഇറാന്റെ ഏറ്റവും വലിയ തുറമുഖവും നാവികസേനാ ആസ്ഥാനവുമായ ബന്ദര്‍ അബ്ബാസ്, പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തീരദേശ നഗരങ്ങളായ കൊനാരക്, ചബഹാര്‍ എന്നിവിടങ്ങളില്‍ യുഎസ് മിസൈലുകള്‍ പതിച്ചു. ചബഹാറിലെ മാരിടൈം ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ആക്രമണത്തില്‍ തകര്‍ന്നു. സ്‌ഫോടനങ്ങളെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടെങ്കിലും പിന്നീട് പ്രാദേശിക അധികൃതര്‍ ഇത് പുനഃസ്ഥാപിച്ചതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, തെക്കുകിഴക്കന്‍ നഗരമായ ഇറാന്‍ഷഹറിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു അഗ്‌നിശമന സേനാംഗം കൊല്ലപ്പെട്ടു. തെക്കന്‍ തീരങ്ങള്‍ക്ക് പുറമെ, വടക്കന്‍ ഇറാനിലെ അഖ്ഖല നഗരത്തിന് സമീപമുള്ള തന്ത്രപ്രധാനമായ ഒരു റെയില്‍വേ പാലവും യുഎസ് തകര്‍ത്തതായി പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയുടെ ഈ അധിനിവേശത്തിന് നേരെ തങ്ങള്‍ മൗനം പാലിക്കില്ലെന്ന് ഇറാന്റെ ഉന്നത സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട നൂര്‍ന്യൂസ് വ്യക്തമാക്കി. മേഖലയിലെ അമേരിക്കന്‍ താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ഉടന്‍ തന്നെ ഒരു ‘വന്‍ പ്രത്യാക്രമണം’ ആരംഭിക്കുമെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്താബ ഖമേനിയുടെ മുതിര്‍ന്ന ഉപദേശകനും ഈ ഭീഷണി ആവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ മിസൈല്‍ യുദ്ധം ആഗോള എണ്ണ വിപണിയെയും സാമ്പത്തിക മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങള്‍.

Content Summary; Middle East on brink of war as Iran retaliates with missile attacks on US bases in Kuwait and Bahrain following heavy US strikes along the Iranian coast

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×