March 27, 2025 |
Share on

മോദിയുടെ ഗുജറാത്തിനേക്കാൾ യുഎസിന് പ്രാധാന്യം; അനധികൃത കുടിയേറ്റത്തിന്റെ കാരണമെന്ത്?

2023 ൽ യുഎസിലെത്തിയ 67,391 ഇന്ത്യൻ കുടിയേറ്റക്കാരിൽ 41,330 പേരും ഗുജറാത്തിൽ നിന്നുള്ളവരായിരുന്നു

ട്രംപ് ഭരണകൂടം അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് നാട് കടത്തപ്പെട്ട കുടിയേറ്റക്കാരിൽ അധികം പേരും ​ഗുജറാത്ത് സ്വദേശികളാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. യുഎസിലെ അനധികൃത കുടിയേറ്റക്കാരിൽ ​ഗുജറാത്ത് പ്രാതിനിധ്യം ഓരോ വർഷം കഴിയുന്തോറും വർദ്ധിക്കുകയാണെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്. 2023 ൽ യുഎസിലേക്ക് പോയ 67,391 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരിൽ 41,330 പേരും ഗുജറാത്തിൽ നിന്നുള്ളവരായിരുന്നു.

ഗുജറാത്തികൾ നൂറ്റാണ്ടുകളായി ആഫ്രിക്കയിലേക്കും പശ്ചിമേഷ്യയിലേക്കും യാത്ര ചെയ്യുന്നവരാണ്. എന്നാൽ അനധികൃത കുടിയേറ്റക്കാരായിട്ടായിരുന്നില്ല അവർ യാത്ര ചെയ്തത്. ഉയർന്ന വളർച്ചാ നിരക്കും ഉയർന്ന പ്രതിശീർഷ വരുമാനവുമുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നായിട്ടും നിരവധി പേർ ഇപ്പോഴും സംസ്ഥാനം ഉപേക്ഷിച്ച് പോകുന്നുണ്ട്. ഗുജറാത്തിൽ സമ്പന്നരായ ജനങ്ങളുണ്ടെങ്കിലും കൂടുതൽ പേരും ദരിദ്രരാണെന്നാണ് റിപ്പോർട്ട്. കാരണം എല്ലാവർക്കും മതിയായ നല്ല തൊഴിലവസരങ്ങൾ സംസ്ഥാനം സൃഷ്ടിക്കുന്നില്ല.

ജിഡിപിയുടെ വളർച്ചാ നിരക്കിന് ആനുപാതികമായി തൊഴിലവസരങ്ങൾ വർദ്ധിച്ചിട്ടില്ലെന്ന് മാത്രമല്ല, ജോലികളുടെ ​ഗുണനിലവാരവും മെച്ചപ്പെട്ടിട്ടില്ല. 2022 ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം, ​ഗുജറാത്തിൽ 74 ശതമാനം തൊഴിലാളികൾക്കും രേഖാമൂലമുള്ള കരാറുകളില്ല. താൽക്കാലിക തൊഴിൽ കരാറുകൾ തൊഴിലാളികളുടെ വേതനം കുറക്കുന്നതിന് കാരണമായി.

2024 ലെ റിപ്പോർട്ട് അനുസരിച്ച് ഗുജറാത്തിലെ താൽക്കാലിക കരാറുകാരായ തൊഴിലാളികൾക്ക് പ്രതിദിനം ലഭിക്കുന്ന ശരാശരി വേതനം 375 രൂപയാണ്. കേരളം (836 രൂപ), തമിഴ്‌നാട് (584 രൂപ) പോലുള്ള മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ കുറവാണ്.

ഗുജറാത്തിലെ സ്ഥിരം ശമ്പളക്കാരായ തൊഴിലാളികൾക്ക് പോലും ദേശീയ ശരാശരിയേക്കാൾ കുറവാണ് ലഭിക്കുന്നത്. 2024 ൽ ഗുജറാത്തിലെ ശരാശരി പ്രതിമാസ ശമ്പളം 17,503 രൂപയായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ വേതനം ഇതിലും കുറവാണ്. ഗുജറാത്തിലെ കർഷകത്തൊഴിലാളികൾക്ക് 2023ൽ പ്രതിദിനം വെറും 242 രൂപ മാത്രമാണ് ലഭിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

​ഗ്രാമപ്രദേശങ്ങളിലെ മോശം ജീവിത സാഹചര്യങ്ങൾ കാരണമാണ് പലരും അമേരിക്ക പോലുള്ള രാജ്യങ്ങളിളേക്ക് അനധികൃത കുടിയേറ്റക്കാരായി പോകുന്നത്. ഗുജറാത്തിൽ ഏറ്റവും ഉയർന്ന സംസ്ഥാന പ്രതിശീർഷ അറ്റ ​​മൂലധന ഉൽ‌പാദനം ഉണ്ടായിരുന്നിട്ടും സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും ഇത് ഉതകുന്നില്ല എന്നാണ് ​ഗുജറാത്തിലെ അവസ്ഥ വ്യക്തമാക്കുന്നത്.

ഗുജറാത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ അത് നല്ല ജോലികൾ സൃഷ്ടിക്കുന്നതിനോ ജനസംഖ്യയുടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിനോ ആയി മാറുന്നില്ല. നഗര, ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ പ്രതിമാസ പ്രതിശീർഷ ചിലവുകളിൽ ഇത് വ്യക്തമാണ്. ഇത് മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണിത്. വരുമാനം മാത്രമല്ല ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവശ്യ സേവനങ്ങളിലേക്കുള്ള ലഭ്യതയും അളക്കുന്ന മൾട്ടിഡൈമൻഷണൽ ദാരിദ്ര്യ സൂചികയിൽ (എംപിഐ) ഗുജറാത്ത് മോശം അവസ്ഥയിലാണ്.

സംസ്ഥാനത്തിന്റെ മുന്നേറ്റത്തിനായി നരേന്ദ്ര മോദിയുടെ ഉപദേശങ്ങൾ പിന്തുടരാൻ തുടങ്ങിയതാണ് ​ഗുജറാത്തിനെ ഇങ്ങനെയൊരു അവസ്ഥയിലേക്കെത്തിച്ചത് എന്നതാണ് യാഥാർത്ഥ്യം. 2001 നും 2014 നും ഇടയിൽ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) പിന്തുണയ്ക്കുന്നതിനുപകരം വൻകിട കമ്പനികളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, തുറമുഖങ്ങൾ, റിഫൈനറികൾ, പെട്രോകെമിക്കൽസ് തുടങ്ങിയ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഗുജറാത്ത് മുൻഗണന നൽകി. വലിയ വ്യവസായങ്ങളെക്കാൾ കൂടുതൽ തൊഴിൽ ആവശ്യമുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളെ സംസ്ഥാനം പ്രോത്സാഹിപ്പിച്ചിരുന്ന ഗുജറാത്തിന്റെ മുൻകാല പാരമ്പര്യത്തിൽ നിന്നുള്ള ഒരു വ്യതിയാനമാണിത്.

2003, 2009 വർഷങ്ങളിലെ മോദിയുടെ കീഴിലുള്ള വ്യാവസായിക നയങ്ങൾ കുറഞ്ഞ തൊഴിലവസരങ്ങളുള്ള വലിയ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉദാഹരണത്തിന്, 2009 ലെ നയം 125 മില്യൺ ഡോളറിലധികം നിക്ഷേപമുള്ളതും എന്നാൽ 2,000 തൊഴിലാളികൾ മാത്രമുള്ളതുമായ പദ്ധതികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. ഇത് ഗുജറാത്തിൽ വൻതോതിലുള്ള വ്യാവസായിക വളർച്ചയ്ക്ക് കാരണമായി. അതേസമയം കൂടുതൽ തൊഴിൽ-തീവ്രമായ വ്യവസായങ്ങളുള്ള തമിഴ്‌നാട് പോലുള്ള മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ല. മാത്രമല്ല, വൻകിട കമ്പനികൾ അവരുടെ വിതരണ ശൃംഖലയിൽ ചെറുകിട ബിസിനസുകളെ ഉൾപ്പെടുത്തിയില്ല. വൈദ്യുതി പോലുള്ള അവശ്യവസ്തുക്കൾക്ക് ഉയർന്ന വില ഈടാക്കുകയും ചെയ്തു. തുടർന്ന് 2004 നും 2014 നും ഇടയിൽ ഏകദേശം 60,000 ചെറുകിട ബിസിനസുകൾ അടച്ചുപൂട്ടി. ഗുജറാത്തിലെ സാമ്പത്തിക വളർച്ച ഇതുവരെ എല്ലാവർക്കും തുല്യമായി പ്രയോജനം ചെയ്തിട്ടില്ലെന്നും ഇത് നിരന്തരമായ ദാരിദ്ര്യത്തിലേക്കും കുടിയേറ്റത്തിലേക്കും നയിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ദ വയർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന്

Content summary: US is more important than Narendra Modi’s Gujarat What is the cause of illegal immigration?
immigration gujarat

×