യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സും, ഡെപ്യൂട്ടി അലക്‌സ് വോങ്ങും രാജിവയ്ക്കുന്നു. വൈറ്റ് ഹൗസിന്റെ വിശ്വാസം നഷ്ടപ്പെട്ടതാണ് ഇരുവരുടെയും സ്ഥാനം തെറിക്കാന്‍ കാരണം. യെമന്‍ സൈനികാക്രമണങ്ങള്‍ സംബന്ധിച്ച അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍, സ്വകാര്യ സിഗ്നല്‍ ചാറ്റില്‍ പങ്കുവച്ചതാണ് വാള്‍ട്‌സിന് വിനയായത്. ഈ സ്വകാര്യ ചാറ്റ് ഗ്രൂപ്പില്‍ ദി അറ്റ്‌ലാന്റിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ജെഫ്രി ഗോള്‍ഡ് ബെര്‍ഗിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് വിവാദം ആരംഭിച്ചത്. ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ട്രംപ് ഭരണകൂടത്തെ മൊത്തത്തില്‍ ബാധിച്ച വിവാദമായിരുന്നു ഇത്.
എന്നാല്‍ മൈക്ക് വാള്‍ട്‌സിനെ ട്രംപ് പൂര്‍ണമായി കൈവിട്ടിട്ടില്ല. അദ്ദേഹത്തെ യുഎന്‍ അംബാസിഡര്‍ ആയി നിയോഗിക്കുമെന്നാണ് വ്യാഴാഴ്ച്ച രാത്രി പങ്കുവച്ച തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി മാര്‍ക്കോ റൂബിയോ ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ ചുമതല കൂടി വഹിക്കും. താത്കാലികമായാണ് റൂബിയോയ്ക്ക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് പദവി കൂടി നല്‍കിയിരിക്കുന്നതെന്നും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.
സിഗ്‌നല്‍ വിവാദത്തില്‍ ഉടനടിയൊരു നടപടി മൈക്ക് വാള്‍ട്‌സിനെതിരേ സ്വീകരിക്കാന്‍ പ്രസിഡന്റ് തയ്യാറായിരുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനം നീട്ടിക്കൊണ്ടു പോവുകയായിരുന്നു ട്രംപ് ചെയ്തത്. താന്‍ രണ്ടാം ടേമില്‍ അധികാരം ഏറ്റെടുത്ത ഉടന്‍ തന്നെ കാബിനറ്റിലെ ഒരു ഉന്നതനെ പുറത്താക്കേണ്ടി വരുന്നതിന്റെ ക്രെഡിറ്റ് മാധ്യമങ്ങള്‍ക്ക് കിട്ടേണ്ട എന്ന നിലപാടും ട്രംപിനുണ്ടായിരുന്നതായി പറയുന്നു. കൂടാതെ ഒരു ആഭ്യന്തര അവലോകനത്തില്‍, മൈക്ക് വാള്‍ട്‌സ് തെറ്റായാണ് സിഗ്നല്‍ ചാറ്റ് ഗ്രൂപ്പില്‍ ദി അറ്റ്‌ലാന്റിക് മാധ്യമപ്രവര്‍ത്തകന്റെ നമ്പര്‍ സേവ് ചെയ്തതെന്നും കണ്ടെത്തിയിരുന്നു. വിവാദം ആഴ്ച്ചകളോളം കത്തിനിന്നപ്പോഴും വാള്‍ട്‌സിനെയും വോങ്ങിനെയും സംരക്ഷിക്കുന്ന നിലപാടാണ് ട്രംപ ്‌സ്വീകരിക്കുന്നതെന്ന വിമര്‍ശനവും ശക്തമായിരുന്നു.
യഥാര്‍ത്ഥത്തില്‍ സിഗ്നല്‍ വിവാദം വാള്‍ട്‌സിനും വോങ്ങിനും അവരുടെ കസേരകളുടെ കാലാവധി കുറച്ചു കൂടി നീട്ടി നല്‍കുകയാണ് ചെയ്തത്. ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് പോലുള്ള പ്രധാന ഉദ്യോഗസ്ഥരുമായുള്ള ഇരുവരുടെയും ബന്ധം വിവാദത്തിന് മുമ്പ് തന്നെ വഷളായിരുന്നു. അത് ഇരുവരുടെയും സ്ഥാനത്തെ അസ്ഥിരപ്പെടുത്തുന്നതുമായിരുന്നു. എന്നാല്‍ സിഗ്നല്‍ ചാറ്റ് വിവാദം വന്നത് വാള്‍ട്‌സിനും വോങ്ങിനും ഒരര്‍ത്ഥത്തില്‍ താല്‍ക്കാലിക ആശ്വാസം നല്‍കുകയായിരുന്നു. മറ്റ് വൈറ്റ് ഹൗസ് പ്രതിനിധികളുമായി പ്രൊഫഷണലായും വ്യക്തിപരമായും ഉടലെടുത്ത പ്രശ്‌നങ്ങള്‍ വാള്‍ട്‌സിനെയും വോങ്ങിനെയും ഒരുപോലെ ബാധിച്ചിരുന്നു.
അലക്‌സ് വോങ്ങിനെതിരായ പരാതിയാണ് കാര്യങ്ങള്‍ വഷളാക്കിയത്. ദേശീയ സുരക്ഷ കാര്യങ്ങളില്‍ ഉള്‍പ്പെട്ട മറ്റ് ഏജന്‍സികളുടെ ഉദ്യോഗസ്ഥരോട് നല്ലരീതിയിലുള്ള ബന്ധമായിരുന്നില്ല വോങ്ങിന്. ഡെപ്യൂട്ടിയുടെ തങ്ങളോടുള്ള ഇടപെടലില്‍ നിരാശരായ ഉദ്യോഗസ്ഥര്‍, ഇക്കാര്യത്തില്‍ വാള്‍ട്‌സിനോട് പരാതി അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തന്റെ ഡെപ്യൂട്ടിയെ തിരുത്താന്‍ ശ്രമിക്കാതെ, അയാള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു വാള്‍ട്‌സ് ചെയ്തതെന്നാണ് പരാതിക്കാരുടെ വാദം. അങ്ങനെയാണ് അവര്‍ ഇരുവര്‍ക്കുമെതിരേ വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിന്(പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെട്ട പ്രധാന നേതൃത്വം) പരാതി നല്‍കുന്നത്.
സിഗ്നല്‍ ചാറ്റ് വിവാദം വന്നതോടെ സൂസ് വൈല്‍സ് ഉള്‍പ്പെടെയുള്ളവരോട് സന്ധി ചെയ്യാന്‍ വാള്‍ട്‌സ് ശ്രമിച്ചിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ ഉപദേശ പ്രകാരമായിരുന്നുവത്. എന്നാല്‍ ആ ഒത്തുതീര്‍പ്പുകൊണ്ട് മാത്രം പ്രശ്‌നം തീരുമായിരുന്നില്ല. വാള്‍ട്‌സിനെതിരേ മറ്റ് കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. സിഗ്നല്‍ ചാറ്റില്‍ മാധ്യമപ്രവര്‍ത്തകനെ ഉള്‍പ്പെടുത്തിയത് അബദ്ധം സംഭവിച്ചതാണെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടെങ്കിലും, വാള്‍ട്‌സ് ഒരു യുദ്ധക്കൊതിയന്‍ ആണെന്നും, പ്രസിഡന്റിന്റെ ‘അമേരിക്ക ആദ്യം’ എന്ന അജണ്ടയോട് യോജിക്കാത്തവന്‍ എന്നൊക്കെയുള്ള വിമര്‍ശനം ശക്തമായി. ഈ പ്രതിഷേധങ്ങളാണ് ഇപ്പോള്‍ വാള്‍ട്‌സിന്റെയും ഒപ്പം വോങ്ങിന്റെയും കസേര തെറിപ്പിച്ചത്. National Security Adviser Mike Waltz to Depart for UN Post
Content Summary; National Security Adviser Mike Waltz to Depart for UN Post
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.