June 04, 2026 |
Share on

അമേരിക്കയുടെ എണ്ണ ഉപരോധം; ശ്വാസംമുട്ടി ക്യൂബ

പൊതുഗതാഗതം മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം വരെ തകരാറിലായിരിക്കുകയാണ്

എണ്ണ ഇറക്കുമതി തടയാന്‍ അമേരിക്ക കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ ക്യൂബ പൂര്‍ണ്ണമായും നിശ്ചലമാക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ ദ്വീപ് രാജ്യത്തെ വലിയൊരു മാനുഷിക പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ്. അമേരിക്കന്‍ നടപടിക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുകയാണ്.

ഇന്ധന ലഭ്യത കുറഞ്ഞതോടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം രാജ്യത്ത് റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുകയും പൊതുഗതാഗതം വെട്ടിക്കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്. ജോലി സ്ഥലങ്ങളില്‍ നിന്ന് തൊഴിലാളികളെ നിര്‍ബന്ധിത അവധിയില്‍ പറഞ്ഞുവിടുകയാണ്. ഇന്ധനക്ഷാമം രൂക്ഷമായതോടെ സ്‌കൂളുകള്‍ നേരത്തെ അടച്ചുപൂട്ടുകയാണ്. പാല്‍, ചിക്കന്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും ആളുകള്‍ക്ക് സാധിക്കുന്നില്ല. ഗ്യാസ് സ്റ്റേഷനുകളില്‍ കിലോമീറ്ററുകളോളം നീളുന്ന ക്യൂവാണ് ദൃശ്യമാകുന്നത്.

ക്യൂബയുടെ സാമ്പത്തിക നട്ടെല്ലായ ടൂറിസം മേഖലയും പൂര്‍ണമായും തകര്‍ന്നു. തുടര്‍ച്ചയായ വൈദ്യുതി തടസം മൂലം വിനോദസഞ്ചാരികളെ മറ്റ് താമസസ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വരുന്നതിനാല്‍ പല പ്രമുഖ ഹോട്ടലുകളും അടച്ചുപൂട്ടിയതായി റഷ്യന്‍ ടൂര്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ വിമാനക്കമ്പനിയായ എയ്‌റോഫ്‌ലോട്ടും എയര്‍ കാനഡയും ക്യൂബയിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്തിട്ടുണ്ട്. ജനുവരി 9-ന് മെക്‌സിക്കോയില്‍ നിന്ന് എത്തിയ എണ്ണക്കപ്പലാണ് അവസാനമായി ക്യൂബയിലെത്തിയത്. ഇതിന് പിന്നാലെ വെനസ്വേലയില്‍ നിക്കോളാസ് മഡുറോയ്ക്കെതിരെ നടന്ന അമേരിക്കന്‍ ഇടപെടലും ക്യൂബയ്ക്കുള്ള പ്രധാന പിന്തുണ ഇല്ലാതാക്കി.

ജനുവരി 29-ലെ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ക്യൂബയെ ‘അസാധാരണമായ ഭീഷണി’ എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ട്രംപ്, ക്യൂബയ്ക്ക് എണ്ണ നല്‍കുന്ന ഏതൊരു രാജ്യത്തിനും മേല്‍ താരിഫ് ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ഈ നീക്കങ്ങളെ ‘ബ്ലാക്ക് മെയിലിംഗ്’ എന്നാണ് ക്യൂബ കുറ്റപ്പെടുത്തുന്നത്. ക്യൂബയെ ഇത്തരത്തില്‍ ശ്വാസംമുട്ടിക്കുന്നത് അന്യായമാണെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം പ്രതികരിച്ചു. ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും പോലും ഇന്ധനമില്ലാത്ത അവസ്ഥയാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ക്യൂബയിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് എണ്ണക്കപ്പലുകളുടെ കുറവ് മാത്രമല്ല കാരണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാദം. ഇതിനിടെ ആറ് മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണക്കാരായ ക്യൂബക്കാരുടെ ജീവിതം ദുസ്സഹമാണ്. കൃഷി വകുപ്പിലെ തന്റെ ജോലി താല്‍ക്കാലികമായി നഷ്ടപ്പെട്ട 64-കാരിയായ ലിസല്‍ ജിമെനെസ് തന്റെ ദുരവസ്ഥ വിവരിക്കുന്നു. മാസം 4,000 പെസോ (ഏകദേശം 10 ഡോളറില്‍ താഴെ) ശമ്പളം ലഭിച്ചിരുന്ന ജോലി പോയതോടെ, മറ്റൊരു ക്ലിനിക്കില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന ജോലിയിലൂടെ ലഭിക്കുന്ന 3,000 പെസോ കൊണ്ടാണ് അവര്‍ ജീവിക്കുന്നത്. ഒരു ലിറ്റര്‍ പാലിന് 1,600 പെസോയും ചിക്കന്‍ പാക്കറ്റിന് 2,000 പെസോയും വിലയുള്ളപ്പോള്‍ ഈ തുക ഒന്നിനും തികയുന്നില്ലെന്ന് അവര്‍ പറയുന്നു. വരും മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തിന്റെ 60 ശതമാനം മാത്രമേ ലഭിക്കൂ എന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു.

ഏപ്രില്‍ മാസത്തോടെ എണ്ണ പൂര്‍ണ്ണമായും തീരുമെന്നും രാജ്യം ഇതുവരെ കാണാത്ത വലിയൊരു ഇരുട്ടിലേക്ക് നീങ്ങുമെന്നും എനര്‍ജി വിദഗ്ധനായ ജോര്‍ജ്ജ് പിനിയന്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ക്യൂബന്‍ ഗവണ്‍മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാമെന്നാണ് ട്രംപിന്റെ നിലപാട്. ഫ്‌ലോറിഡയിലെ റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്യുമ്പോള്‍, ഡെമോക്രാറ്റിക് അംഗങ്ങളും ഐക്യരാഷ്ട്രസഭയും ഇതിനെ ‘സാമ്പത്തിക യുദ്ധം’ എന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും എന്നാല്‍ കീഴടങ്ങുക എന്നത് തങ്ങളുടെ വഴിയല്ലെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ്-കാനല്‍ വ്യക്തമാക്കി.

Content Summary; US oil blockade; Daily life in Cuba is grinding to a halt. It has crippled economy.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×