റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി എല്ലാം അവസാനിപ്പിക്കുന്ന കാര്യങ്ങള്‍ ഫോണില്‍ സംസാരിച്ചുവെന്നാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. പുടിനുമായി താന്‍ ‘ ദീര്‍ഘവും കാര്യക്ഷമവുമായ’ ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നാണ് ബുധനാഴ്ച്ച യുഎസ് പ്രസിഡന്റ് പറഞ്ഞത്. ഇത് യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയുടെ തുടക്കമാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ഏകദേശം ഒരു മണിക്കൂറോളം ടെലിഫോണ്‍ സംഭാഷണം നീണ്ടെന്നും, സൗദി അറേബ്യയില്‍ വച്ച് തങ്ങള്‍ കൂടിക്കാണുമെന്നും ട്രംപ് പറയുന്നുണ്ട്.
തന്റെ രണ്ടാം ടേമില്‍ പ്രസിഡന്റ് ട്രംപ്, റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ സ്ഥിരീകരിച്ച ആദ്യത്തെ സംഭാഷണമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റഷ്യ ആരംഭിച്ച യുദ്ധത്തിന്, യു എസിന്റെ പിന്തുണയോടെ അവസാനം കാണുന്നത് തന്റെ ഭരണത്തിലെ മുന്‍ഗണന വിഷയമാണെന്നാണ് ട്രംപ് ഉപദേശകരോട് വ്യക്തമാക്കിയിരിക്കുന്നതെന്നു ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞങ്ങള്‍ ഇരുവരും അതാത് രാഷ്ട്രങ്ങളുടെ ശക്തിയെക്കുറിച്ചും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന വലിയ നേട്ടത്തെക്കുറിച്ചും സംസാരിച്ചു.’ എന്നായിരുന്നു പുടിനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം ട്രംപ് ‘ എക്‌സില്‍’ കുറിച്ചത്. ” എന്നാല്‍ നമ്മള്‍ ഇരുവരും ആദ്യം സമ്മതിച്ചതുപോലെ,ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട റഷ്യന്‍/യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണം’ എന്നും ട്രംപ് കുറിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഈ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നൊരു പിശക്, ദശലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്ന ട്രംപിന്റെ കണക്കാണ്. പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ട്രംപ് പറഞ്ഞത്രയും ആളുകള്‍ ഇല്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
ട്രംപിന്റെ നീക്കം പുടിനും ആശ്വാസം നല്‍കുന്നതാണ്. മൂന്നു വര്‍ഷം മുമ്പ് യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യയെ നയതന്ത്ര ഉപരോധത്തിലൂടെ ഒറ്റപ്പെടുത്തിയിരിക്കുകയായിരുന്നു. ഈ പ്രതിഷേധം ശമിപ്പിക്കാന്‍ യു എസ് പ്രസിഡന്റിന്റെ സമാധാന നീക്കം കാരണമാകുമെന്നാണ് ക്രെംലിന്‍ പ്രതീക്ഷിക്കുന്നത്.
ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും പുടിനെ സന്തോഷിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ രണ്ടാം ടേമിനായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ തങ്ങളുടെ ആഹ്ലാദം റഷ്യ പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ പുതിയ നേതാവിന് വാഷിംഗ്ടണും മോസ്‌കോയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, അതുപോലെ യുക്രെയ്‌നെ പിന്തുണയ്ക്കുന്ന തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാനും സാധിക്കുമെന്നാണ് ക്രെംലിന്‍ പ്രതീക്ഷിക്കുന്നതെന്നായിരുന്നു, ട്രംപിന്റെ തിരിച്ചുവരവില്‍ റഷ്യയുടെ പ്രതികരണം.
തങ്ങളുടെ പിടിയിലുള്ള റഷ്യന്‍ സൈബര്‍ കുറ്റവാളിയെ അമേരിക്ക തിരിച്ചയക്കുന്നതിന് പകരമായി തടവിലാക്കിയ അമേരിക്കന്‍ അധ്യാപകനെ മോചിപ്പിക്കാന്‍ റഷ്യയും സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ട് പ്രസിഡന്റുമാരും തമ്മിലുള്ള സംഭാഷണം നടന്നതെന്നും ശ്രദ്ധേയമാണ്.
ട്രംപിന്റെ റഷ്യന്‍ നിലപാടില്‍ ഏറ്റവും പ്രസക്തമായി തോന്നുന്നത്, നാറ്റോ ഇടപെടലിനെതിരേയുള്ള മോസ്‌കോയുടെ ആവശ്യത്തിനുള്ള യുഎസ് പിന്തുണയാണ്. റഷ്യയ്‌ക്കെതിരേ യുക്രെയ്‌നൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാനുള്ള നാറ്റോയുടെ നീക്കത്തെ ക്രെംലിന്‍ ശക്തമായി എതിര്‍ക്കുകയാണ്. നാറ്റോയ്‌ക്കൊപ്പം ചേരരുതെന്നാണ് യുക്രെയ്‌നോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നാറ്റോയോടൊപ്പം യുക്രെയ്ന്‍ പോകരുതെന്നാണ് അവര്‍(റഷ്യ) വളരെക്കാലമായി പറയുന്നത്. അത് ശരിയാണെന്നാണ് ഞാനും പറയുന്നതെന്നാണ് ട്രംപ് പറഞ്ഞത്. അതായത്,റഷ്യയുടെ ആവശ്യത്തെ അംഗീകരിക്കുന്നു എന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്.
പുടിനോട് താത്പര്യം കാണിക്കുന്ന ട്രംപ് പക്ഷേ, യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയോട് അതേ സമീപനമല്ല കാണിക്കുന്നത്. യുക്രെയ്ന്‍ പ്രസിഡന്റുമായും താന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. പുടിനെ പോലെ സെലന്‍സ്‌കിയും സമാധാനത്തിന് ആഗ്രഹിക്കുന്നുണ്ടെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചത്. യുക്രെയിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ യു എസ് പ്രസിഡന്റ് നിഷേധിച്ചെങ്കിലും, യുദ്ധം കഴിഞ്ഞ് ആ രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സെലന്‍സിക് പരാജയപ്പെടാനുള്ള സാധ്യതയാണുള്ളതെന്ന് പ്രവചിക്കുകയാണ്. അതുപോലെ, താനും പുടിനുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് പറയുമ്പോഴും, ഇതില്‍ സെലന്‍സിക ഭാഗമാകുമോയെന്ന കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല.
വ്യക്തിപരമായ കൂടിക്കാഴ്ച നടത്താന്‍ ഇരുവരും സമ്മതിച്ചതായും മോസ്‌കോ സന്ദര്‍ശിക്കാന്‍ പുടിന്‍ ട്രംപിനെ ക്ഷണിച്ചതായും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സൂചിപ്പിച്ച കാര്യം കൂടി പങ്കുവച്ചുകൊണ്ട്, പുടിന്‍-ട്രംപ് ടെലിഫോണ്‍ ചര്‍ച്ച സ്ഥിരീകരിച്ച് ക്രെംലിന്‍ വക്താവ് ദിമിത്ര എസ് പെസ്‌കോവ് പ്രതികരിച്ചിട്ടുണ്ട്. ‘നമ്മുടെ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്ന് ട്രംപ് പറഞ്ഞതിനോട് പുടിന്‍ യോജിക്കുന്നുണ്ടെന്നും ദിമിത്രി പറഞ്ഞു. US President Donald Trump phone call with Russian President Vladimir Putin for negotiation to end Ukraine War
Content Summary; US President Donald Trump phone call with Russian President Vladimir Putin